Thursday, July 29, 2010

പരദേശി...

രാവേറെ ചെന്നിട്ടും, കുട്ടിപ്പായയില്‍
കുരുന്നിന്റെ കുസൃതികള്‍
അരങ്ങു തകര്‍ക്കുമ്പോള്‍, അമ്മ പറയും
വേഗമുറങ്ങിയില്ലേല്‍ "പരദേശി" വരും...
പരദേശിയെന്നാല്‍ എന്തെന്നറിഞ്ഞില്ലെങ്കിലും
അത് കേട്ടാല്‍, ചുരുണ്ട് പുതപ്പില്‍ വലിഞ്ഞു കേറും...

അമ്മൂമ്മയ്ക്ക് കടും വയലറ്റ് നിറമുള്ള
കാതിലോലയുമായ്‌ വരും പരദേശി...
വന്നാലൊന്നു മുറുക്കി, കുശലം പറഞ്ഞ്
എട്ടണയുംവാങ്ങി അടുത്ത വീട്ടിലേക്ക്..
ഓലയുടെ നിറംമങ്ങുന്ന ദിവസം, കൃത്യമായ്
കയ്യിലോരൂന്നുവടിയുമായ്, "പരദേശി" എത്തും...
ശബ്ദം കൊണ്ടും, ദേഹം കൊണ്ടും, നോട്ടം കൊണ്ടും,
ഭയാനകമായി ഒന്നുമില്ലാത്ത പരദേശി..
എങ്കിലും, മനസ്സില്‍ ഒരു പേടിസ്വപ്നമായ്
അന്നെല്ലാം, പാവം ആ പരദേശി...

ഇന്ന്, ഞാനും ഒരു പരദേശി.
ജന്മനിയോഗതാല്‍, സര്‍വാര്ഥങ്ങളും പേറി
ഉലകം ചുറ്റുന്ന പരദേശി...
എന്നെക്കുറിച്ചും, നിശ്ചയം
പറയുന്നുണ്ടാവും, ആരെങ്കിലും
"വേഗമുറങ്ങിയില്ലേല്‍ പരദേശി വരും"

Thursday, July 1, 2010

പിന്‍വിളി...........

കാലം കളഞ്ഞിട്ടുപോയിട്ടും
കരയാത്ത ചെമ്മണ്‍പാതയിലൂടെ
ഓര്‍മകളെ സാരഥിയാക്കി
മനസ്സ് പിറകോട്ടു നടക്കുകയായിരുന്നു..

ഋതുഭേദങ്ങളില്‍, മുഖഭാവം മാറ്റി
കാലത്തിന്‍ ഭ്രമണ ചക്രമുരുളുമ്പോഴും
പിച്ചവെച്ച, കുഞ്ഞിളം കാല്‍പാദങ്ങള്‍
ചവിട്ടിയരച്ചു നടന്നകലുമ്പോഴും
സുസ്മേരവദനയായ് , പരിഭവമോതാതെ
തപസ്യപോല്‍ ആ ചെമ്മണ്‍വീഥികള്‍..

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ....

Monday, June 28, 2010

മണല്‍ചിത്രങ്ങള്‍

ബസ്സില്‍കയറി ഒന്നിരുന്നത്തെ ഉള്ളൂ..ഉറക്കം മനുവിന് കൂട്ടുവന്നു,
ചിലപ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചത്കൊണ്ടാവും, അവന്‍ നല്ല ഉറക്കമായി..

"പെണ്ണായി അവള്‍ ഒന്നല്ലേ ഉള്ളൂ, അയക്കുമ്പോള്‍ അല്പം നന്നായിതന്നെ അയക്കണം"...പെങ്ങള്‍ക്ക് വന്ന ആലോചന ഏകദേശം ഉറപ്പിച്ച മട്ടായപ്പോള്‍ മുതല്‍ അമ്മ പറയാന്‍ തുടങ്ങി..
നല്ല ആലോചന, പയ്യന് നല്ലൊരു ജോലി, നല്ല വീട്ടുകാര്‍.
അവര്‍ക്കും പെണ്ണിനെ നന്നായി ബോധിച്ചു..കല്യാണം എത്രയുംവേഗം വേണം അവര്‍ക്ക്.
പുതിയ വീടിന്റെ പണി മുഴുവനും തീര്‍ന്നിട്ടില്ല, മുന്‍വശം വൃത്തിയാക്കി, വേഗം പാല്കാച്ചി, താമസം തുടങ്ങി..
ഇത്ര പെട്ടെന്ന്, അവള്‍ടെ കല്യാണക്കാര്യം ശരിയാകുമെന്ന് പ്രതീക്ഷിച്ചില്ല.
"ഓരോന്ന് അതിന്റെ സമയത്ത് നടക്കും, വീടിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല" കല്യാണത്തിന് കുറച്ചു സമയം ചോദിച്ചപ്പോള്‍ പയ്യന്റെ അമ്മാവന്‍ പറഞ്ഞു..
അവസാനം നിശ്ചയം നടന്നു, ഒരു മാസത്തിനകം കല്യാണം..

മനുവിന് ഉറക്കമില്ലാത്ത നാളുകളായിരുന്നു പിന്നെ..
അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ല, ഇടയ്ക്കിടെ കൂലിപ്പണിക്ക് പോകും. എട്ടനാനെങ്കില്‍ ചുമ്മാ നടക്കുന്നു..ഒരു ഉതരവാദിത്വവുമില്ലാതെ...
പേരിനൊരു സര്‍ക്കാര്‍ ജോലി തനിക്കു മാത്രം...

മനുവിന്റെ ശമ്പളംമുഴുവന്‍ വീടിനുവേണ്ടി തന്നെയാണ് ചിലവാക്കിയത്..
"അവനു തൊഴിലൊന്നും ഇല്ലല്ലോ, പിന്നെങ്ങനെയാ അവനോടു ചോദിക്കുക" അമ്മയുടെ സ്ഥിരം പല്ലവി..
മനുവും ഒന്നും ചോദിക്കാന്‍ പോവാറില്ല..

"മോനെ, കുറച്ചു പൈസ ഞാന്‍ ഒപ്പിച്ചിട്ടുണ്ട്. ബാകി എങ്ങനെയെങ്കിലും നീ സംഘടിപ്പിക്കണം, നിന്റെ ഏട്ടനെ നിനക്കറിയാലോ?"
മനുവിന് കാര്യങ്ങള്‍ എല്ലാം മനസ്സിലായി..ഒരു വലിയ ചുമടുകൂടി തന്റെ ചുമലില്‍ വന്നു പതിച്ചത് അവന്‍ അറിഞ്ഞു..
അറിയാവുന്നവരോടൊക്കെ, കടം മേടിച്ചു, പിന്നെ ബേങ്കില്‍ നിന്നും..
മനസ്സറിയുന്ന സുഹൃത്തുക്കളുടെ വില അവന്‍ അന്നറിഞ്ഞു..

പെങ്ങളുടെ കല്യാണം കെങ്കേമമായി കഴിഞ്ഞു..ഒരു "ഫുള്‍ ലോണ്‍" കല്യാണം..
ആരുടെ മുഖത്തും വിഷമത്തിന്റെ ഇത്തിരി ലാഞ്ചന പോലും കണ്ടില്ല, എല്ലാവരും ഉല്സാഹ തിമിര്‍പ്പില്‍...മനു ഒഴിച്ച്...
പെങ്ങള്‍ മംഗല്യവതി ആവുന്ന ശുഭ നിമിഷത്തിലും അവന്റെ മനസ്സ്......
"സല്‍ക്കാരം കൂടി വേണം മോനെ, പയ്യന്റെ കുറെ ആള്‍ക്കാര്‍ക്ക് വീട് കാണണ്ടേ"..കല്യാണത്തിന്റെ അന്ന് രാത്രി ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി...
തല കുലുക്കുകയല്ലാതെ മനുവിന് മാര്‍ഗ്ഗമില്ലായിരുന്നു...

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു..പെങ്ങള്‍ വേറെ വീട് വെച്ചു.
അതിനിടെ ഏട്ടന്റെ കല്യാണം കഴിഞ്ഞു..
പെങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെ, അവനു ജോലിക്ക് പോകാനുള്ള ബോധോദയം ഉണ്ടായി..
അച്ഛനും അമ്മയും ഏറെ ഉത്സാഹിച്ചു ആ കല്യാണവും നടത്തി..
മനുവിനാല്‍ കഴിയുന്നവ അവനും ചെയ്തു...

സുഹൃത്തുക്കളില്‍ പലരും വിവാഹിതരായപ്പോഴാണ്. മനുവും അക്കാര്യം ആലോചിക്കാന്‍ തുടങ്ങിയത്..
കുറെ പെണ്‍കുട്ടികളെ കണ്ടു..അവസാനം ഒന്ന് ഇഷ്ടപ്പെട്ടു..
വീട്ടില്‍നിന്നും എല്ലാവരും പോയിക്കണ്ടു..
"നിശ്ചയം ചെറുതായി മതി, ഓടി നടക്കാന്‍ അമ്മയ്ക്കും അച്ഛനും വയ്യ"....ചേട്ടന്റെ ആദ്യമേയുള്ള താക്കീത്.. മനു മറിച്ചൊന്നും പറഞ്ഞില്ല..
അങ്ങനെ മൂന്നുനാല്പേര്‍ മാത്രംപോയി കല്യാണം നിശ്ചയിച്ചു..

മനുവിന്റെ ഓട്ടം വീണ്ടും തുടങ്ങി..അവന്റെ കയ്യില്‍ നീക്കിയിരിപ്പോന്നും ഇല്ലായിരുന്നു..എല്ലാം ഇനി സ്വരൂപിക്കണം..
ഒരു സഹായ ഹസ്തം അവന്‍ പ്രതീക്ഷിച്ചു..
അച്ഛന്‍, അമ്മ, ചേട്ടന്‍....പക്ഷെ ആ വിഫലമായിരുന്നു ആ പ്രതീക്ഷകള്‍..
വെറുതെ ഒരു ചോദ്യമെങ്കിലും...അതും ഉണ്ടായില്ല..
അവള്‍ക്കുവേണ്ടി ഏറെ കഷ്ട്ടപ്പെട്ടതല്ലേ, തന്റെ പെങ്ങളെങ്കിലും ഒന്ന് ചോദിക്കുമെന്ന് കരുതി...കുടുംബ ജീവിതത്തിനിടയില്‍ അവള്‍ കുഞ്ഞേട്ടനെതന്നെ മറന്നുപോയി...

മനു ആകെ തകര്‍ന്നു തുടങ്ങിയിരുന്നു....
ചുമലില്‍ ഭാരവും പേറി താന്‍ താണ്ടിയ വഴികള്‍..
ഇന്ന് ആ വഴികള്‍ തന്നെ അപ്രത്യക്ഷമായിരിക്കുന്നു.
സ്വന്തവും, ബന്ധവും...
തന്റെ കാല്‍ക്കീഴിലെ മണ്ണുപോലും ഒലിച്ചുപോയത് പോലെ തോന്നി അവന്...

പക്ഷെ , ഏതോ ഒരുള്‍വിളി പോലെ അവന്റെ മനസ്സ് പറഞ്ഞു.."തളരരുത്..ഇനി നീ "ജീവിക്കണം"..
പുതിയൊരു മനുവായിരുന്നു പിന്നീടുള്ള നാളുകളില്‍...

കല്യാണം കഴിഞ്ഞു...
സ്നേഹമുള്ളവളായിരുന്നു, ലക്ഷ്മി..
തന്റെ സ്വാകാര്യ ദുഃഖങ്ങള്‍ ആദ്യദിവസം തന്നെ അവളോട്‌ പറയാന്‍ മനു മടി കാണിച്ചില്ല..ഒരു വലിയ ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു, അവന്.

"ഹെലോ, സ്റേറ്റ് ബേങ്ക് സ്റ്റോപ്പ്‌ എത്തി"...കണ്ടക്ടേര്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് മനു ഞെട്ടി ഉണര്‍ന്നത്...
കയ്യില്‍ ലക്ഷി കൊടുത്ത ആഭരണങ്ങള്‍ അടങ്ങിയ ബെഗുമായി, ബസ്സിറങ്ങി അവന്‍ ബേങ്ക് ലക്ഷ്യമാക്കി നടന്നു...
--------------------------------------------------------------എം കെ വി-------
Read more...

Monday, June 14, 2010

മിനിക്കഥകള്‍....10

തേയ്മാനം...
"എന്റെ ചെരുപ്പ് കണ്ടോടീ നീ"...
പുറത്തു പോകാനായി മുണ്ടും ഷര്‍ട്ടും ഇട്ടു മുറ്റത്തിറങ്ങിയ അയാള്‍ ചോദിച്ചു.
"കാലത്ത് മുറ്റമടികുമ്പോള്‍ അവിടെയെങ്ങാനും കണ്ടിരുന്നല്ലോ" അടുക്കളയില്‍ നിന്നും
ഭാര്യയുടെ നീണ്ട മറുപടി...
"നീയെങ്ങാനും കണ്ടോടാ" ...ഹാളില്‍ ടി വി കണ്ടു കൊണ്ടിരിക്കുന്ന മകനോട്‌ അയാള്‍
ചോദിച്ചു..
"എന്തോന്ന്"...തെല്ലു ഈര്‍ഷ്യയോടെ അവന്‍...
"എന്റെ ചെരുപ്പ്"...
"ഓ അതോ, ആ തേഞ്ഞു ബ്ലേഡ് ആയി പപ്പടം മുറിഞ്ഞ സാധനമോ, അത് ഞാന്‍ എടുത്തു കളഞ്ഞു"..അവന്‍
പരിഹാസത്തില്‍ പറഞ്ഞു...
തേഞ്ഞുമുറിഞ്ഞ ചെരുപ്പിട്ട് നടന്നു തേഞ്ഞുപോയ അയാളുടെ കാല്‍പ്പാദത്തിലൂടെ എന്തോ തുളച്ചുകയറിയപോലെ അയാള്‍ക്ക്‌
തോന്നി...



ഒന്നാം വാര്‍ഷികം....


ഇന്ന് ഒന്നാം വാര്‍ഷികം...
വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തതിന്റെ...
അതിന്റെ മാസ്മരിക പ്രഭാവങ്ങള്‍ കണ്ടും കേട്ടും...ഒടുവില്‍ ആ തീരുമാനം...
ചിലന്തിവലയുടെ മറഞ്ഞിരിക്കുന്ന കരാള ഹസ്തങ്ങള്‍ അറിയാതെ...

ഒരു കൊല്ലം തികയ്ക്കുന്നതിനു തനിക്കു നഷ്ടപ്പെട്ടത്, മകനെയും, മകളെയും...
നെറ്റ്ഫ്രെണ്ടിനോടൊത്ത് ഒളിച്ചോടി വിവാഹിതയായ മകള്‍..
നെറ്റഫ്രെണ്ടിനെ പരിണയിച്ചു അവളുടെ നിര്‍ദേശപ്രകാരം വീട് വിട്ടിറങ്ങിയ മകന്‍...

ഈ വല ഇത്രയും അപകടകാരിയായിരുന്നോ???

Monday, June 7, 2010

ആഗോളസമ്മേളനം - kavitha

ഇന്നലെ, നടുക്കടലില്‍
ഒരു ആഗോള സമ്മേളനം നടന്നു.
സ്വര്‍ഗത്തിലെ ദൈവങ്ങളും,
നരകത്തിലെ സാത്താന്മാരും.
പൊതുവേദിയായി, തിരഞ്ഞെടുത്തത്
ആഴക്കടലിന്റെ ഓളപ്പരപ്പുകള്‍ ..
അജണ്ടയില്‍ പരിപാടിയനവധി,
കഴിഞ്ഞതും, ഭാവി കാര്യങ്ങളും.
വകുപ്പുകള്‍ മാറണമെന്ന് ചിലര്‍,
കസേര വിട്ടു തരില്ലെന്ന് മറുമൊഴി.
വര്‍ഷങ്ങളായി വകുപ്പില്ലാതെ അലയുന്ന
നാമമാത്ര ദൈവങ്ങള്‍ പിറകെയുണ്ട്...
കാബിനെറ്റില്‍ കൂടാന്‍, പുതിയ മത ദൈവങ്ങള്‍,
"സഹ" കസേരയ്ക്കെങ്കിലും വേണ്ടി ജാതി ദൈവങ്ങള്‍.
പിന്നെയും ചിലര്‍ ഉപജാതിയുടെ പേരില്‍.
സംവരണവും, വീതം വെപ്പുകളും
എല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി..
കരടുരേഖ തയ്യാരാക്കുമ്പോഴേക്കും
കിടിലന്‍ മഴ, എല്ലാം മാഞ്ഞുപോയി.
സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു...

Wednesday, May 26, 2010

മിനിക്കഥകള്‍ - 9

രഹസ്യം...


ആദ്യമായാണ്‌ ഭാര്യയോടു അയാള്‍ ഒരു കളവു പറയുന്നത്...
അന്നേരം തൊട്ട് ഒരുതരം ആധിയായിരുന്നു...

പത്തു പതിനെട്ടു വര്‍ഷങ്ങള്‍ക്ക്ശേഷം പഴയ കാമുകിയ്മായി ഇങ്ങനെയൊരു സംഗമം പ്രതീക്ഷിച്ചതല്ല അയാള്‍....
അവള്‍ പരിചയം ഭാവിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയി...യാന്ത്രികമായി അയാളും ചിരിക്കുന്നത് ഭാര്യയും ശ്രദ്ധിച്ചിരുന്നു..
അവള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഭാര്യ ഒന്നും ചോദിച്ചതില്ല, അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കുകമാത്രം ചെയ്തു.....
രാത്രി കിടക്കാന്‍ നേരം അയാള്‍ വിശദീകരണം നല്‍കാന്‍ തുടങ്ങി...
"അവള്‍ടെ പേര് ശ്രീലത, അമ്മയുടെ തറവാടിനടുതായിരുന്നു, താമസം"...
"ഓ, എനിക്കറിയാം അവളെ, എന്റെ കസിന്റെ ബന്ധുവാ, അവളുടെ കഥയൊക്കെ എനിക്കറിയാം"...
അവളുടെ ഒഴുക്കന്‍ മറുപടികേട്ട്, വായിലിട്ട പഞ്ഞിമിഠായി പോലെ അയാള്‍ ഉരുകിപ്പോയി....




മഴപ്പാറ്റകള്‍ ...


രാത്രി ഏറെ വൈകി, നല്ല ഇരുട്ടും ഉണ്ട്.
ബസ് ഇറങ്ങുമ്പോഴേക്കും കനത്ത മഴ.
കയ്യിലാണെങ്കില്‍ കുടയും കരുതിയിട്ടില്ല.
രണ്ടും കല്‍പ്പിച്ചു മഴയത് തന്നെ നടക്കാന്‍ തുടങ്ങി...

അല്‍പ നേരം നടന്നതെ ഉള്ളൂ...വഴി മുടക്കുന്ന തരത്തില്‍ മുഴുവന്‍ മഴപ്പാറ്റകള്‍.
അയാള്‍ക്ക്‌ വല്ലാത്ത ദേഷ്യം വന്നു...

"ശല്യങ്ങള്‍, മനുഷ്യന്‍ ആകെ വെപ്രാളം പിടിച്ചിരിക്കുമ്പോഴാ,‍"

പിറ്റേന്ന്, രാവിലെ ഓഫിസിലേക്കു പോകുമ്പോള്‍,
റോഡില്‍ നിറയെ ചലനമറ്റു കിടക്കുന്ന മഴപ്പാറ്റകള്‍.......

Sunday, May 23, 2010

കോവര്‍ക്കഴുത .....

അന്ജ്ഞാതമിന്നെനിക്കിന്നും,
ആരെനിക്കേകിയീ ജന്മം...
ഇഹലോക ജീവിതം കഷ്ടം,
ഈ രോദനമാര് കേള്‍ക്കാന്‍ ?
ഉന്നതകുലജാതയമ്മ,
ഊര് തെണ്ടുന്നോരെന്നച്ചന്‍.
ഋതുഭേദങ്ങളില്‍, പണ്ട്
എവിടെയോ സന്ധിച്ചിരിക്കും.
ഏത് ശപിച്ച നിമിഷത്തില്‍,
ഐശ്വര്യമറ്റ ഞാന്‍ പിറന്നു?
ഒരുവേള, പെറ്റമ്മയെയും ,
ഓമനിക്കുന്നച്ചനെയും
ഔചിത്യ ബോധമില്ലാതെ,
അറിയാതെ ഞാന്‍ ശപിക്കുന്നു...

പദപ്രശ്നം...

ജീവിതമെന്ന പദപ്രശ്നത്തില്‍
കുഴഞ്ഞു വീഴുന്ന മനുഷ്യജന്മങ്ങള്‍...
നെടുകെയായും കുറുകെയായും
പ്രശ്നങ്ങള്‍ പലതരം, പല ഘട്ടങ്ങളില്‍..
ചിലതിന്റെയുത്തരങ്ങള്‍ വേഗത്തിലെഴുതിയി-
ട്ടെന്തുകാര്യം, കടുകട്ടിയടുത്ത പ്രശ്നം...
പരസ്പരം കൂട്ട്പിണഞ്ഞു കിടക്കുന്നോരോ-
രുത്തരങ്ങളൊപ്പിക്കാന്‍ വാക്കുകള്‍ മാറ്റുന്നു..
ഒടുവിലൊരു പ്രശ്നത്തിനുത്തരം കിട്ടാതെ,
പ്രശ്നക്കളങ്ങളില്‍ ഉഴറിവീഴുന്നു..
പ്രശ്നമില്ലാതിടതേക്ക് യാത്രയാകും വരെ,
തുടരുമീ പദപ്രശ്ന പരമ്പരയെങ്ങും.....

അക്ഷയ ത്രിതീയ- ക്ഷയം നിശ്ചയം..

"സ്വര്‍ണ്ണക്കടയുടെ സ്വന്തം നാട്ടില്‍"
സ്വര്‍ണം വില്‍ക്കാന്‍ പുതിയൊരു തന്ത്രം
വര്‍ഷം മുഴുവനു"മൈശ്വര്യത്തിന്"
വാങ്ങണമേവരുമൊരു തരിസ്വര്‍ണം...
തങ്കപ്പെട്ടൊരു പേരുമൊ"രക്ഷയ"
ത്രിതീയ" യെന്നവര്‍ ഘോഷിക്കുന്നു...
വെള്ളിത്തിരയിലെ രാജാക്കന്മാര്‍
വെള്ളയുടുതാജ്ഞ്ജാപിക്കുന്നു,
പാവം സാക്ഷരമക്കള്‍, വീട്ടില്‍
പട്ടിണിയെങ്കിലും സ്വര്‍ണം വാങ്ങും...
പരസ്യ"മക്ഷയ ത്രിതീയ" യെങ്കിലും...
പക്കാ "ക്ഷയിക്കും" പാവമീ മക്കള്‍...

പള്ളിയും പള്ളിക്കൂടവും (കഥ)

യോഗം കഴിയുമ്പോഴേക്കും, നാലുമണിയായി...മുഖ്യ പ്രാസംഗികന്‍ ആയതുകൊണ്ട് കുറച്ചു നീണ്ടുപോയി പ്രസംഗം...
ഇനി സ്കൂള്‍ പി ടി എ മീറ്റിംഗ് അഞ്ചു മണിക്ക്..അവിടെയും പ്രസിഡന്റ് .. യുക്തിവാദി നേതാവ് കൂടിയായ ദാമോദരന്‍മാഷ്‌
ബസ് സ്ടോപ്പിലേക്ക് വെച്ചു പിടിച്ചു..
സ്കൂള്‍ ഹെഡ്മാഷ്‌ പീതാംബരനും വരേണ്ടതായിരുന്നു, പക്ഷെ എന്തോ എത്തിയില്ല...
അഞ്ചു മണിക്ക് മുമ്പായി സ്കൂളില്‍ എത്തിച്ചേര്‍ന്നു..പീതാംബരന്‍ മാഷ്‌ കാത്തു
നില്‍ക്കുകയായിരുന്നു..

"എങ്ങനെ ഉണ്ടാരുന്നു" എത്തിയ പാടെ, അയാള്‍ ചോദിച്ചു..
കുഴപ്പമില്ല, പ്രസംഗം ഇത്തിരി നീണ്ടു...
"അത് പിന്നെ, മയ്ക്ക് കിട്ടിയാല്‍ അതിനെ തിന്നാലല്ലേ നിര്‍ത്തൂ" പീതാംബരന്‍ മാഷ്‌
മനസ്സില്‍ പറഞ്ഞു..

യോഗം ആരംഭിച്ചു..
കാര്യപരിപാടികള്‍ ഓരോന്നായി നടന്നു..
അവസാനം ഭാവികാര്യപരിപാടികളുടെ വിശദീകരണത്തിന് പി ടി എ പ്രസിടന്ടു എഴുന്നേറ്റു...
കുറെയേറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ കക്ഷിയുടെ ദിശാബോധം തെറ്റി.."രക്ഷാകര്തൃ സമിതിയില്‍" നിന്നും കാര്യങ്ങള്‍ യുക്തി
വാദത്തിലേക്കും മറ്റും വഴുതിമാറി.
പലരും കുശു കുശുക്കാന്‍ തുടങ്ങി..

അവസാനം സഹികെട്ട് ഒരാള്‍ എഴുന്നേറ്റു പറഞ്ഞു..
"മാഷെ, ഇതൊക്കെ നിങ്ങടെ സ്വന്തം യോഗത്തില്‍ പറഞ്ഞാല്‍ പോരെ"

ദാമോദരന്‍ മാഷ്‌ വിട്ടില്ല...
യുക്തിവാദത്തെ, ആഗോളവല്‍ക്കരണം, കമ്പോളവല്കരണം, സ്വകാര്യവല്കരണം എന്നിങ്ങനെ പല
"വല്കരണവുമായി " കൂട്ടി ക്കുഴച്ചു അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരുന്നു...

ക്ഷമയുടെ നെല്ലിപ്പലക കണ്ട പീതാംബരന്‍ മാഷ്‌ എഴുന്നേറ്റു കണ്ണുരുട്ടി പറഞ്ഞു...

"ഒന്ന് നിര്‍തെടോ, പള്ളി വേറെ, പള്ളിക്കൂടം വേറെ", ബിരിയാണിയുടെ നടുക്കണോ ഡോ
പരിപ്പുകറി വിളമ്പുന്നത്?, ഇനി മിണ്ടിയാല്‍ കഴുത്തിന്‌ പിടിച്ചു ഞാന്‍
തന്നെ പുറത്താക്കും"...

അങ്ങനെ അശുഭപര്യവസായിയായി ആ പ്രസംഗം അവസാനിച്ചു...

ഉയിര്ത്തെഴുന്നെല്‍ക്കും.....

അമ്മയുടെ പാവനഗര്‍ഭപാത്രത്തില്‍ നിന്നാദ്യമായ്,
ഭൂമിയാമമ്മയുടെ മാറിലേക്ക്‌ നിപതിച്ചപ്പോള്‍,
അത്രനാള്‍ മൂടിവെച്ചൊരെന്‍ ഇളം കണ്ണുകള്‍
കണ്ടതോ, ചുടുചോരതന്‍ കടുംചുവപ്പായിരുന്നു.....
മാതൃസ്പന്ദനം മാത്രമറിഞ്ഞോരെന്‍ കാതുകള്‍,
കേട്ടതമ്മയുടെ നേര്‍ത്ത നിശ്വാസമായിരുന്നു...

കൈകാല്‍ വളര്‍ന്നൊരു നാളുകള്‍ കണ്ടത് ,
വാനിലുയരുന്ന മുഷ്ടികളും,
ചുറ്റിലും കാതുകള്‍ കൂര്‍പ്പിച്ചു കേട്ടത്,
ചോര തിളയ്ക്കുന്ന മാറ്റൊലികള്‍...

ചോപ്പിനെ പ്രേമിച്ച്, കൈയ്യിലന്നേന്തിയത്
ചുവന്നുജ്വലിക്കുന്ന സ്വപ്നങ്ങളായിരുന്നു...
ദീര്‍ഘമാം യാത്രയ്ക്കിടെ, എന്റെ സ്വപ്നങ്ങളുടെ
നിറം മങ്ങിയത് ഇന്നു ഞാനറിഞ്ഞു...

ഹതാശനായ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്,
വെയിലേറ്റുവാടിയ രക്തപുഷ്പങ്ങള്‍!!!!
എങ്കിലുമെന്‍ മനസ്സ് ആക്രോശിക്കുന്നു,
നിന്റെ സ്വപ്‌നങ്ങള്‍ ചുവന്നു തന്നെ പുലരും,
നിന്റെ കാലടികള്‍ പുതുയൌവനം തുടരും..
നിന്റെ ചേതന ഉയിര്ത്തെഴുന്നെല്‍ക്കും !!!!!

സ്നേഹമുദ്രകള്‍ (KADHA)

പോസ്റ്റുമാന്‍ കൊടുത്ത കവര്‍ പൊട്ടിച്ചു വായിച്ചതും അഭിലാഷിന്റെ മുഖം പ്രകാശപൂരിതമായി....
തനിക്കു പി എസ് സി സെലക്ഷന്‍ കിട്ടിയിരിക്കുന്നു!
സ്പെഷല്‍ എടുക്കേഷന്‍ ടീച്ചര്‍ ആയി, മാനന്തവാടിയില്‍ നിയമനം....
ഡിഗ്രിക്ക് നല്ലമാര്‍ക്ക് കിട്ടിയിട്ടും, അഭിലാഷ് തെരഞ്ഞെടുത്തതു സ്പെഷല്‍ എടുക്കേഷന്‍ ട്രെയിനിംഗ് ആയിരുന്നു...
പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പോയ ഒരു സ്ടഡിടൂര്‍മുതല്‍ അവന്റെ മനസ്സില്‍ കേറിയതാണ് സംഭവം...അന്ന് ഒരു അന്ധബധിര വിദ്യാലയത്തില്‍ പോയിരുന്നു, എല്ലാവരുംകൂടി...
ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും, ഡിഗ്രി പാസ്സായപ്പോള്‍ അവന്‍ തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞു....
ആദ്യമൊക്കെ അവര്‍ എതിര്‍ത്തെങ്കിലും, അവന്റെ നിര്‍ബന്ധത്തിനു അവസാനം അവരും വഴങ്ങി..

തികച്ചും ത്രില്ലില്‍ ആയിരുന്നു അഭി...കൃത്യ സമയത്ത് തന്നെ അവന്‍ അച്ഛനോടൊപ്പം സ്കൂളില്‍ എത്തി, ഹെഡ്മാസ്ടരെ കണ്ടു...
അല്‍പനേരത്തെ സംസാരത്തിന്ശേഷം അച്ഛന്‍ പോയി...

"അഭിലാഷ്, പത്തെണ്‍പതോളം കുട്ടികള്‍ ഉണ്ട്, പല പ്രായക്കാര്‍, പഠിപ്പിക്കാന്‍ നിങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ...ഞാന്‍ മിക്ക വാറും പല ആവശ്യങ്ങള്‍ക്കായി പുറത്തായിരിക്കും" ഹെഡ്മാസ്റ്റര്‍ അവനോടു പറഞ്ഞു...
"അത് സാരമില്ല സര്‍, ഞാന്‍ നോക്കിക്കൊള്ളാം" അവന്റെ മറുപടി...

അഭി പെട്ടെന്ന് സ്കൂളുമായും, കുട്ടികളുമായും ഇണങ്ങി...
തന്റെ ഇഷ്ടപ്പെട്ട തൊഴിലില്‍ അവന്‍ തൃപ്തനായിരുന്നു...

ആണും പെണ്ണുമായി പലപ്രായത്തിലുള്ള എല്ലാ കുട്ടികളും അവനുമായും വേഗത്തില്‍ ഇണങ്ങിചേര്‍ന്നു....
അവരില്‍ അനിത എന്ന പെണ്‍കുട്ടി എന്തോ, അവനു വേറിട്ടതായി തോന്നി....
അനിത മൂകയാണ്, പതിനാലു വയസ്സ് പ്രായം..കാണാന്‍ നല്ല ചന്തം...
എപ്പോഴും ഒരു ചന്ദനക്കുറിയും...

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്...
അഭി സ്കൂളിലെത്തിയിട്ടു ഇപ്പോള്‍ ആറുവര്ഷം കഴിഞ്ഞിരിക്കുന്നു...
കുട്ടികള്‍ക്കൊക്കെ അവന്‍ പ്രാണനാണ്‌....അവനു തിരിച്ചും..
പക്ഷെ അനിതയോട് അവനു എന്തൊക്കെയോ തോന്നാന്‍ തുടങ്ങി..
ആദ്യം വാത്സല്യത്തില്‍ തുടങ്ങി...പിന്നെ സഹതാപം.....ഇപ്പോള്‍ സ്നേഹം????ആണോ, അവനു തന്നെ നിശ്ചയമില്ല...
പക്ഷെ അനിത അടുത്തുണ്ടെങ്കില്‍ അവനു പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്...അത് അവളുടെ മുഖത്തും കണ്ടു തുടങ്ങിയത് ഈയിടെയാണ്...

"അഭീ, നമ്മുടെ കിഴക്കേലെ ശങ്കരേട്ടന്‍ ഒരു കാര്യം പറഞ്ഞിരുന്നു"..ഒരു ദിവസം ഭക്ഷണ സമയത്ത് അമ്മ പറഞ്ഞു...
"എന്തെ", അവന്‍ ഒഴുക്കനായി ചോദിച്ചു..
"നിന്റെ കല്യാണക്കാര്യം തന്നെ, മറ്റെന്താ? അയാള്‍ നല്ല ഒരാചോലന കൊണ്ടന്നിട്ടുണ്ട്, നല്ലതാന്നാ അച്ഛന്‍ പറഞ്ഞത്"

അവന്‍ പലകുറി വേണ്ടാന്നു പറഞ്ഞിട്ടും, അവര്‍ വിട്ടില്ല....
ആലോചനയുമായി അവര്‍ മുന്നോട്ടു പോയി. അങ്ങനെ വിവാഹവും നിശ്ചയിച്ചു..
പെണ്ണ് അടുത്ത് തന്നെ ആയിരുന്നു...വീണ, ബാല്ഗ്ലൂരില്‍ ബിസിനെസ്സ് ചെയ്യുന്ന ഒരു പണക്കാരന്റെ ഒറ്റമകള്‍...അവര്‍ക്ക് ഒരു ഡി മാണ്ടും ഇല്ല, പയ്യന് നല്ലൊരു ജോലി വേണം, അത്രതന്നെ..

അഭി കല്യാണ വിവരം സ്കൂളിലും അറിയിച്ചു....
പിന്നീടുള്ള ദിവസങ്ങളില്‍ അനിതയില്‍ വന്ന മാറ്റം അവനെ ശരിക്കും അതിശയിപ്പിച്ചു.
അവള്‍ അവനു ഒരിക്കല്‍ പോലും മുഖം കൊടുക്കാറില്ല...എപ്പോഴും മറ്റേതോ ലോകത്തെന്നപോലെ!!!!!
അവന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ ദൂരേക്ക്‌ മാറിക്കളയും..

അടുത്ത ആഴ്ചയാണ് അഭിയുടെ കല്യാണം...അതിനുമുമ്പ് കുട്ടികളെ എല്ലാവരെയും ഒന്നിച്ചുവിളിപ്പിച്ചു..പക്ഷെ അനിതയെമാത്രം കണ്ടില്ല...അവളെ തിരഞ്ഞുനടന്ന അഭി കണ്ടത്, അങ്ങകലെ, മുറിയുടെ മൂലയില്‍ മുഖംപൊതി വിതുമ്പുന്ന അനിതയെയാണ്...
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി..

കല്യാണം കെങ്കേമമായി നടന്നു...
ഹണിമൂണ്‍ ഊട്ടിയിലും, കൊടായ്ക്കനാലിലും ....
ഹണിമൂണ്‍ യാത്രകഴിഞ്ഞു വന്ന അന്ന്മുതല്‍ വീണയുടെ മട്ടാകെ മാറിയിരുന്നു..
ആര് ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല...
"എടാ നീ പോയി അവളെ കുറച്ചു ദിവസം അവള്‍ടെ വീട്ടില്‍ ആക്ക്, എല്ലാം ശരിയാവും" അഭിയുടെ അമ്മ പറഞ്ഞു...
വീണയുടെ വീട്ടില്‍ എത്തിയിട്ടും സ്ഥിതി അത് തന്നെ..
ഒടുവില്‍ ഒരു ദിവസം അവള്‍ അമ്മയോട് കാര്യം പറഞ്ഞു..
അഭിയുടെ സ്വഭാവം ആണ് പ്രശ്നം. വര്‍ത്താനം പറയുമ്പോള്‍ ആന്ഗ്യഭാഷ ഉപയോഗിക്കുന്നെന്നും കോപ്രായങ്ങള്‍ കാട്ടുന്നെന്നും!!!!
വിവാഹമോചനം വേണമെന്നിടം വരെ കാര്യങ്ങള്‍ എത്തി...
അഭിയ്ക്ക് താങ്ങാന്‍ ആവുന്നതില്‍ അപ്പുറമായിരുന്നു അത്!!!!!!!!

പണത്തിന്റെ അഹങ്കാരത്തിന് മുമ്പില്‍ സ്നേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല...
നിയമാനുസൃതമായി അഭിയും വീണയും ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചിതരായി...
അതുവരെയും അഭി ജോലിക്ക് പോയില്ല...

അടുത്ത ദിവസം സ്കൂളില്‍ ഒരു പുതിയ മനുഷ്യനായാണ് അഭി എത്തിയത്..എല്ലാ ഭാരവും ഇറക്കി വെച്ചപോലെ...
വളരെ കൂള്‍ ആയി ക്ലാസ്സിനെ അഭിമുഖീകരിക്കാം എന്നാണയാള്‍ വിചാരിച്ചത്..
പക്ഷെ, ക്ലാസ്സിലെത്തി അനിതയുടെ മുഖത്ത് നോക്കിയതും അയാള്‍ തകര്‍ന്നുപോയി!!

"അഭിലാഷ്, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ"..
ഒരു ദിവസം ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
"എന്താ മാഷെ"?
അവന്റെ ജിജ്ഞാസനിറഞ്ഞ ചോദ്യത്തിന് മാഷ്‌ മറുപടി പറഞ്ഞത്, കണ്ണ് നിറയുന്ന അനിതയുടെ കഥയായിരുന്നു; അവളുടെ ഭൂതകാലം, പിന്നെ അയാള്‍ പോയനാള്‍ തൊട്ടുള്ള അവളുടെ കണ്ണീരിന്റെ കഥ...
"അഭി ഒന്ന് കൂടി ആലോചിക്കണം, ഞാന്‍ വേണമെങ്കില്‍ ഇക്കാര്യം അച്ഛനോട് സംസാരിക്കാം" മാഷ്‌ പ്രത്യാശയോടെ പറഞ്ഞു...
"ഒന്നും വേണ്ട സര്‍, എല്ലാമറിഞ്ഞു അവള്‍ സമ്മതിക്കുമെങ്കില്‍ "...
ഇത്രയും പറഞ്ഞു മുറിവിട്ടിറങ്ങിയ അഭിയുടെ മനസ്സ് സ്നേഹത്തിന്റെ ആയിരം മുദ്രകള്‍ കാട്ടി നടനമാടുകയായിരുന്നു......

ഉപ്പ്‌..

ദശാബ്ദങ്ങള്‍ കഴിഞ്ഞെങ്കിലും
ചോരമണം മാറാതെ
ഇന്നും ആ പഴയ ഉപ്പ്‌...

ആംഗലേയ സാമ്രാജ്യത്തിന്റെ
അടിത്തറയിളക്കാന്‍
ജനനായകര്‍ കുറുക്കിയെടുത്ത
സ്വാതന്ത്ര്യതിന്റെ ഉപ്പ്‌...

നഗ്നമേനിയില്‍ സായ്പ്പിന്റെ
കനിവില്ലാത്ത ബൂട്സുകള്‍ പതിക്കുമ്പോള്‍
ജയിലറകളില്‍ മര്‍ദ്ദനത്തിന്റെ
രൌദ്രനടനം ഉറഞ്ഞാടുമ്പോള്‍
പുതുപുലരിപ്പിറവിയുടെ
സ്വപ്നം കണ്ടവരുടെ
ചോരയിലലിഞ്ഞ വിയര്‍പ്പിന്റെ ഉപ്പ്‌...

തീന്‍മേശയില്‍ രസമുകുളങ്ങള്‍ക്
നീ ചിറകുകള്‍ വിരിയിപ്പിക്കുമ്പോള്‍,
നന്ദിയേകട്ടെ ഞാന്‍ നിനക്കായിരം
വെറുമൊരു പ്രഹസനമെന്നറിഞീടിലും.....

ഇടവപ്പാതിയും കാത്ത്.....

പ്രാര്‍ഥനകള്‍,
വരണ്ടുകീറിയ ഭൂമിമാതാവിന്റെ
നിശബ്ദമായ തേങ്ങലുകള്‍..
കരിഞ്ഞുണങ്ങിയ മനുഷ്യമനസ്സുകളുടെ
ദീനമാം രോദനങ്ങള്‍..
ദാഹജലമില്ലാതുഴറിവീഴുന്ന
നാല്‍ക്കാലികളുടെ മരണ വെപ്രാളങ്ങള്‍....
തായ് വേരുണങ്ങി തലതല്ലിക്കരയുന്ന
പടവൃക്ഷങ്ങളുടെ പിടച്ചിലുകള്‍..
പ്രാര്‍ഥനകള്‍,
ഇടവപ്പാതിയും കാത്തുള്ള,
ജീവന്മരണ പോരാട്ടതിനിടക്കുള്ള,
അതിജീവനത്തിന്റെ പ്രാര്‍ഥനകള്‍...

അച്ഛന്റെ മുഖം....

വഴിയരികില്‍ ഒരപരിചിതന്‍
ചുണ്ടില്‍ എരിയുന്ന സാധുബീഡി
ദീര്‍ഘമായൊരു പുകയെടുത്ത്‌,
ബീഡിക്കുറ്റി നിലത്തു ചവിട്ടിയരച്ച്,
വായുവില്‍ പുകച്ചുരുള്‍ ചിതങ്ങള്‍ വരച്ച്,
ഒന്നുമറിയാത്തപോലെ നടന്നകലുന്നു...

തൊട്ടടുത്ത്‌ നില്‍പ്പുഞാന്‍ നിശബ്ദനായി,
പുകയുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റി
വീണ്ടുമാ പുകച്ചുരുളില്‍ നോക്കിയപ്പോള്‍,
കണ്ടെന്റെ അച്ഛന്റെ അവ്യക്തമുഖം...

മരണം കാര്‍ന്നുതിന്ന ശ്വാസപേടകത്തില്‍,
അവസാനശ്വാസം ഉടക്കി നിന്നപ്പോള്‍..
ചെവിക്കൊള്ലാത്ത വാക്കുകള്‍ക്‌,
മാറ്റാതിരുന്ന ശീലങ്ങള്‍ക്ക്,
നോട്ടംകൊണ്ട് മാപ്പ്പറയുന്ന,
അച്ഛന്റെ മുഖം....

ബ്രാന്‍ഡ് അംബാസ്സഡാര്‍ ...

ദൈവത്തിന്റെ സ്വന്തം നാട്..
ലോകമൊട്ടും കേള്‍ക്കുന്ന വാമൊഴി
ഹരിതാഭയെകും, കുന്നും കായലും
കണ്ടാസ്വദിക്കാന്‍ എത്തുന്നു മാലോകര്‍...
ജര്മനും, പെര്‍ഷ്യനും, ഫ്രെഞ്ചുമാ റഷ്യനും
വന്നുകാണുന്നു, കാലാകാലങ്ങളായ്
മാടിവിളിക്കുവാന്‍, ഇല്ലയിന്നെവരെ,
വെള്ളിത്തിരയില്‍ തിളങ്ങുന്ന താരങ്ങള്‍...

താലി വാങ്ങീടുവാന്‍ താരം പറയണം
പുടവതന്‍ നിറഭംഗി താരം മൊഴിയണം..
ദൈവത്തിന്‍ നാട്ടില്‍ കാല് കുത്തീടുവാന്‍
അംബാസ്സടരിന്‍ ആജ്ഞ കേട്ടിടണം

വ്രതശുദ്ധി കാക്കുന്ന ശബരിമലയിലും,
പുണ്യമാം മെക്കമദീനയിലും
ക്രിസ്തുദേവന്നുടെ, കുരിശു പള്ളിയിലും ,
ദൈവങ്ങള്‍ വാഴുന്ന സ്ഥാനത്തിലും
ഏറെ വൈകീടാതെ, കാത്തിടാം നമ്മള്‍ക്ക്
ചിരിതൂകി നിക്കുമൊരു അംബാസ്സടരെ..

ഭ്രാന്തന്‍കുന്നില്‍നിന്നുമൊരു രോദനം....

എനിക്കറിയാം, ഈ ജല്‍പ്പനങ്ങള്‍ കേള്‍ക്കാന്‍ നിങ്ങളുടെ കാതുകള്‍ ബധിരമാണെന്ന് ഭ്രാന്തന്‍കുന്നിന്റെ വിശാലതയിലവ വ്യര്‍ഥമാം തേങ്ങലുകളാകുമെന്ന്... മൃഗീയതകള്‍ കണ്ടൊരു പാവം പ്രതികരിച്ചപ്പോള്‍ ഭ്രാന്തനെന്നോമനപ്പേര്‍ നല്‍കിയവര്‍ നിങ്ങള്‍ എന്റെ ഭ്രാന്താട്ടഹാസങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചവരും നിങ്ങള്‍ തന്നെ... ഉരുളന്‍ പാറകളുടെ ചിതറുന്ന ചീളുകള്‍ അശക്തമാമെന്റെ പ്രതികരണങ്ങളായിരുന്നു അവയിലൊരു പാറയെ ചെത്തിമിനുക്കിയെന്‍ നിര്‍ജീവ ശില്‍പം തീര്‍ത്തവരും നിങ്ങള്‍ കണ്ടുഞാന്‍ ചുറ്റിലും കലിതുള്ളിയുറയുന്ന പലജാതിഭ്രാന്തന്മാര്‍, ഭീതിയോടെ ഉഗ്രവിഷം ചീറ്റുമവരുടെ സീല്‍ക്കാരം എന്‍ കല്‍പ്പ്രതിമയില്‍ ചിതറിടുന്നു .. എന്നാര്‍ത്ത നാദങ്ങള്‍ നേര്‍ത്തു നനുത്തൊരു വിറയാര്‍ന്ന രോദനമായിടുന്നു ആര്‍ത്തലച്ചീടുന്ന നവഭ്രാന്തക്കൂട്ടത്തില്‍ മെല്ലെയലിഞ്ഞലിഞ്ഞോര്‍മ്മയാകും......

ശുഭപന്തുവരാളി....

ആസ്വാദകവൃന്ദം മതിമറക്കുന്നു
മേളകര്‍ത്താ രാഗങ്ങള്‍ പൊടിപൊടിക്കുന്നു..
കരഘോഷങ്ങളാല്‍ മുഖരിതമാവുന്നു
ജന്യരാഗങ്ങള്‍ അനസ്യൂതമൊഴുകുന്നു..
ആര്‍ക്കും വേണ്ടാതെ, ആരും മീട്ടാതെ
ശോകാര്‍ദ്രയായ് ഞാന്‍..ശുഭപന്തുവരാളി.....

ആരോഹണങ്ങളില്‍ അവരോഹണങ്ങളില്‍
കോള്‍മയിര്‍കൊള്ളിക്കും സ്വരസ്ഥാനങ്ങളില്‍
ഷട്ജവും ഋഷഭവും ഗാന്ധാര മധ്യമം
പഞ്ചമം, ദൈവതം, പിന്നെ നിഷാദവും...
സംഗീതസാഗരം തന്നിലാറാടി
വന്നിടുമെന്നുടെ കൂടപ്പിറപ്പുകള്‍ ..
ഈ രാഗജന്മം ശാപമായ് തോന്നിടും
ശാപമോക്ഷത്തിനായ് പ്രാര്‍ഥിച്ചിടുന്നു ഞാന്‍...

വാടകയ്ക്കൊരു ഗര്‍ഭപാത്രം (KADHA)

"മിസ്ടര്‍ അരുണ്‍, നിങ്ങളുടെ ഭാര്യയുടെ എല്ലാ ടെസ്റ്റ്‌റിസല്ടും ഫെയില്‍ ആണ്, അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നിങ്ങള്ക്ക് വേണമെങ്കില്‍ വേറെ ആരെയെങ്കിലും കാണിക്കാം"
ഇന്ഫെര്ടിലിറ്റി ഡോക്ടറുടെ വാക്കുകള്‍ അരുണിനെ വല്ലാതെ വിഷമിപ്പിച്ചു...പുറത്തു പ്രതീക്ഷോടെ കാത്തുനില്‍ക്കുന്ന ഗീതയെ അഭിമുഖീകരിക്കേണ്ടതോര്തപ്പോള്‍......
വിവാഹംകഴിഞ്ഞു ഏഴു വര്ഷം...ആദ്യത്തെ മൂന്നു വര്ഷം കുട്ടികള്‍ വേണ്ടെന്നുവെച്ചു..പിന്നീട് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹിച്ചപ്പോള്‍...മരുന്നും ചികില്‍സകളുമായി നീണ്ട നാല് വര്‍ഷങ്ങള്‍....
"ഈ റിസല്ടും ഫെയില്‍ ആണ് അല്ലെ"...നിര്‍വികാരനായി ഡോക്ടറുടെ മുറിയില്‍നിന്നും പുറത്തുവന്ന അരുണിനെ കണ്ടതും ഗീത ചോദിച്ചു.
അരുണ്‍ അവളെ ഒരുകൈകൊണ്ട് തന്നോട് ചേര്‍ത്ത് പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല..

"നമുക്കൊരു കുട്ടിയെ ദത്തെടുത്താലോ"...രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അരുണ്‍ ഗീതയോട് ചോദിച്ചു...കുറെ നേരം അവള്‍ ഒന്നും മിണ്ടിയില്ല..
"അരുണ്‍, വേറെ ഒരാളുടെ കുട്ടിയെ എനിക്ക് സ്വന്തമായി കാണാന്‍......." അവള്‍ മുഴുമിപ്പിച്ചില്ല...
പിന്നെ അരുണ്‍ ഒന്നും പറഞ്ഞില്ല...

ദിവസങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു...
ഒരു ദിവസം അരുണ്‍ ഓഫീസില്‍ നിന്നും വരുമ്പോഴേക്കും ഗീത തയ്യാറായി നില്‍പ്പുണ്ടായിരുന്നു...
"നമുക്ക് ഒരു സ്ഥലം വരെ പോകണം, വേഗം ഫ്രഷ്‌ ആയിക്കോ".അവള്‍ സന്തോഷത്തോടെ പറഞ്ഞു..
"എവിടെയാ"? ..അരുണിന് ജിജ്ഞാസയായി...
"സസ്പെന്‍സ്, വേഗം റെഡിയാവു"...അവള്‍ വേറൊന്നും പറഞ്ഞില്ല..
പത്തുമിനിടിനുള്ളില്‍ അരുണ്‍ റെഡിയായി..
"സ്റ്റേഷന്‍റോഡിലെ ഡോക്ടര്‍ നിഷയുടെ ക്ളിനികിലേക്ക് വിട്ടോ" ..കാറില്‍ കയറിയതും അവള്‍ പറഞ്ഞു..
അരുണിന് ഒന്നും മനസ്സിലായില്ല..അവന്‍ അവളുടെ മുഖത്തേക്ക് നോക്കി...
"ബി കൂള്‍" എന്ന അര്‍ത്ഥത്തില്‍ അവള്‍ കണ്ണുകള്‍ പാതിചിമ്മിതുറന്നു..

"മിസ്ടര്‍ അരുണ്‍, ഞാന്‍ ഗീതയുമായി കാര്യങ്ങള്‍ എല്ലാം സംസാരിച്ചു. ഐ തിങ്ക്‌, അഡോപ്ഷന്‍ ഇഷ്ടമല്ലാത്ത സ്ഥിതിക്ക് ഇതായിരിക്കും നിങ്ങള്ക്ക് നല്ലത്. നിങ്ങള്‍ ഡിസ്കസ് ചെയ്തിട്ട് നാളെ വിളിക്കൂ"...
ക്ലിനിക്കില്‍ നിന്നും ഇറങ്ങുമ്പോള്‍ അരുണിന്റെ മനസ്സിലൂടെ പലതും പാഞ്ഞുനടക്കുകയായിരുന്നു..
"അരുണ്‍, ഇട്സ് നോര്‍മല്‍..പലരും ചെയ്യുന്നുണ്ട്"..വീട്ടില്‍ സംസാര ത്തിനിടയില്‍ ഗീതയുടെ കമ്മന്റ്..
"ഞാന്‍ നാളെ ഡോക്ടറെ വിളിക്കട്ടെ, 25,000 രൂപ അഡ്വാന്‍സ് കൊടുക്കണം"...കാര്യം ഏതാണ്ട് ഉറപ്പിച്ചപോലെ അവള്‍ ചോദിച്ചപ്പോള്‍, അരുണ്‍ വെറുതെ തലകുലുക്കുക മാത്രംചെയ്തു...

"ഇത് മിസ്സിസ് ലതിക, ഇവരാണ് ഞാന്‍പറഞ്ഞ ആള്. അഡ്വാന്‍സ് നിങ്ങള്‍ തന്നെ കൊടുത്തോളൂ, ബാകി കണ്ടിഷന്‍സ് പറഞ്ഞപോലെ"
കാശ്വാങ്ങുമ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് നിസ്സന്ഗതമാത്രം നിഴലിച്ചിരുന്നു...
"ലാബിലേക് പൊയ്ക്കോള്ളൂ, അവിടെ നിന്നും അവര്‍ സാമ്പിള്‍ എടുക്കും" ഡോക്ടര്‍ അറിയിച്ചു...
"ഗീത, ഇടയ്ക്കുള്ള ടെസ്ടിനു ഇവര്‍ വരുന്നകാര്യം ഞാന്‍ അറിയിക്കാം, നിങ്ങള്‍ക്കും വേണമെങ്കില്‍ വരാം"...ഇറങ്ങാന്‍നേരം ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു...

ദിവസങ്ങള്‍...ആഴ്ചകള്‍...മാസങ്ങള്‍.....

ഇടയ്ക്ക് ഒന്ന് രണ്ടുതവണ അരുണും ലതികയും ക്ലിനിക്കില്‍വെച്ചു ലതികയെ കണ്ടിരുന്നു...അപ്പോഴൊക്കെയും, അന്യന്റെ കുഞ്ഞിനെ ഗര്‍ഭ പാത്രത്തില്‍പേറി നടക്കുന്ന "ഒരമ്മയുടെ" ദുഃഖംനിറഞ്ഞ ചിരി അവരിലവര്‍ കണ്ടു...

ലതികയിപ്പോള്‍ പൂര്‍ണഗര്‍ഭിണിയാണ്..
"അടുത്ത ആഴ്ചയാണ് ഡോക്ടര്‍ ഡേയ്റ്റു പറഞ്ഞത്, അഡ്മിറ്റ്‌ ആക്കുന്ന ദിവസം നമുക്കും പോകണം"...ഗീത പറഞ്ഞു...
അയാള്‍ ഒന്ന്‍ മൂളുക മാത്രം ചെയ്തു...
വൈകീട്ട് ക്ലിനിക്കില്‍ നിന്നും ഡോക്ടറുടെ ഫോണ്‍.."ഗീത, ലാസ്റ്റ് സ്കാന്നിങ്ങില്‍ ചെറിയ കൊമ്പ്ലികെഷ്ന്‍ ഉണ്ടായിരുന്നു, അതുകൊണ്ട് ലേശം നേരത്തെ, അതായതു നാളെ അഡ്മിറ്റ്‌ ആക്കണം"..

പിറ്റേന്ന് രാവിലെ തന്നെ അവര്‍ ക്ലിനിക്കില്‍ എത്തി..
"ചെറുതായി ബ്ലീഡിംഗ് ഉണ്ട്, ഇപ്പോള്‍ ലേബര്‍ റൂമില്‍ കയറ്റി, ചിലപ്പോള്‍ സിസേറിയന്‍ വേണ്ടി വരും"...ഇടയ്ക് വന്നു ഡോക്ടര്‍ അറിയിച്ചു..
"സീരിയസ് പ്രോബ്ലം എന്തെങ്കിലും"???
അരുണ്‍ ആകെ ആശങ്കാകുലനായിരുന്നു...
"ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല" ..അവര് അകത്തേക്ക് പോയി....

പത്തു മിനിട്ട് കഴിഞ്ഞു അവര് തിടുക്കത്തില്‍ പുറത്തേക്കു വന്നു.
"ബ്ലീഡിംഗ് കൂടി, ഐ അം വെരി സോറി, എനിക്ക് കുട്ടിയെ രക്ഷിക്കാന്‍ പറ്റില്ല. ഐ ഹാവ് ടു സേവ് ദാറ്റ്‌ ലേഡി"..
തലയ്ക്കു കയ്യും വെച്ചു രണ്ടു പേരും പുറത്തെ കസേരകളില്‍ ഇരുന്നു..
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു..
"ഐ അം റീയലി സോറി. എനിക്ക് വേറെ വഴി ഇല്ലായിരുന്നു"
പിറകിലായി ചോരപുരണ്ട വെളുത്ത തുണിയില്‍ ഒരു കൊച്ചു പൊതിയുമായി ഒരു നേഴ്സ് പോകുന്നത് കണ്ടു...
കുറച്ചു കഴിഞ്ഞു ലതികയെ വാര്‍ഡിലേക്ക് മാറ്റി..
അരുണും ഗീതയും അവിടേക്ക് ചെന്നപ്പോള്‍ അവര്‍ മയങ്ങുകയായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ഉണര്‍ന്നു...
രണ്ടുപേരെയും മുന്നില്‍ കണ്ടതും, അവര്‍ വിതുമ്പിപ്പോയി...
ഗീത മെല്ലെ അവരുടെ ചുമലില്‍ തട്ടി..
"സാരമില്ല, ഞങ്ങള്‍ പോകുവാണ്, ഇനി കാശ് എന്തെങ്കിലും???
വേണ്ടെന്നു അവര്‍ തലയാട്ടുകമാത്രം ചെയ്തു...

പതിനായിരങ്ങളുടെ നഷ്ടക്കണക്കുകള്‍ എഴുതിത്തള്ളി അവര്‍ തിരിഞ്ഞു നടക്കുമ്പോള്‍....

അമ്മിഞ്ഞപ്പാല്‍ നുണയാന്‍ കാത്തുനില്‍ക്കാതെ യാത്രയായ ആ കുരുന്നു ചുണ്ടുകളെ ഓര്‍ത്തു ആ അമ്മയുടെ വാടകഗര്‍ഭപാത്രം കേഴുകയായിരുന്നു...

നിസ്സഹായന്‍...(കഥ)

"ദീപു മോന് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കാള്‍ അപ് ലെറ്റര്‍ വന്നു, ഈ മുപ്പതിനാണ് ഇന്റര്‍വ്യൂ"...ദിവാകരന്‍ വീട്ടില്‍ വന്നു കയറിയ ഉടനെ കാര്‍ത്തിക അറിയിച്ചു ..
"നന്നായി", പകുതി വിരിഞ്ഞ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു...
"ഇത്രയും കാശ് പെട്ടെന്ന് എങ്ങനെയാ ഒപ്പിക്കുക, ചില്ലറയാണോ, രൂപ ആറുലക്ഷം അല്ലെ കൊടുക്കെണ്ടത്?" ചായ കുടിച്ചുകൊണ്ടിരികുമ്പോള്‍ കാര്‍ത്തിക ആധി പറയാന്‍ തുടങ്ങി...
"ഞാന്‍ വീട്ടില്‍ നിന്നും അച്ഛനോട് കുറച്ചുകാശിനു ചോദിക്കട്ടെ?
ഇത് കേട്ടതും അയാള്‍ ദേഷ്യപ്പെട്ടു..."ഇത്രയും നാള്‍ ഒന്നിനും പോയില്ലല്ലോ, ഇതും എങ്ങനെയെങ്കിലും നടക്കും"...

പ്രേമിച്ചു വിവാഹം കഴിച്ചതാണ് ദിവാകരന്‍ കാര്‍ത്തികയെ...ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ആയിരുന്നു രണ്ടു പേര്‍ക്കും ജോലി... രണ്ടു വീട്ടുകാരെയും വെറുപ്പിച്ചു നടന്ന വിവാഹം..അതില്‍പ്പിന്നെ, വീട്ടുകാരുമായി യാതൊരു ബന്ധവും ഇല്ല..പിന്നീടു ഇത്തിരി സ്ഥലം വാങ്ങി , ഒരു കൊച്ചു വീട് വെച്ചു...
ഒരു കുഞ്ഞു പിറന്നാല്‍ വീട്ടുകാര്‍ ശരിയാകുമെന്ന് പ്രതീക്ഷ യുണ്ടായിരുന്നു, കാര്‍ത്തികയ്ക്ക്...പഷേ, ദീപുമോനെ പ്രസവിചിട്ട് രണ്ടു വീട്ടുകാരും ഒന്ന്തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല...

കാലം വേഗത്തില്‍ കടന്നുപോയി..പഠിക്കാന്‍ മിടുക്കനായിരുന്നു, ദീപു...
എല്ലാ ക്ലാസിലും ഡിസ്ടിന്ക്ഷന്‍...പ്ലസ് ടു കഴിഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു..."അച്ഛാ, എനിക്ക് എന്ട്രന്‍സ് എഴുതണം, കെമികല്‍ എഞ്ചി നീയരാവണം"..മകന്റെ ആഗ്രഹം കയ്യിലോതുങ്ങാതതാണേ ന്നറിഞ്ഞിട്ടും അയാള്‍ പറഞ്ഞു..."ഉറപ്പായും മോനെ, നിന്റെ ഇഷ്ടം പോലെ"...
അങ്ങനെ എന്ട്രന്‍സ് കഴിഞ്ഞു, റിസള്‍ട്ട് വന്നപ്പോള്‍ ആയിരത്തില്‍ താഴെ റെങ്ക് ഉണ്ട് ദീപുവിനു..അടുത്ത്തനെയുള്ള ഒരു കോളേജ് ആണ് ചോയിസ് കൊടുത്തത്..ഇപ്പോളിത,എല്ലാം ശരിയായി, ഇന്റര്‍വ്യൂ വിനു കാര്‍ഡ്‌ വന്നിരിക്കുന്നു.. .

"കാര്‍ത്തി, കൊയംബതൂരുള്ള അടുത്തആഴ്ചത്തെ, ഡ്യൂട്ടി എനിക്കാണ്..
ഒരു വെള്ളിയാഴ്ച രാത്രി ദിവാകരന്‍ ഭാര്യയോടു പറഞ്ഞു.
21 നു തിങ്കളാഴ്ച രാവിലെ തന്നെ അയാള്‍ യാത്ര തിരിച്ചു...
24 നു രാത്രിആണ് തിരിച്ചുവന്നത്..ആകെ ക്ഷീണിച്ചു അവശനായി...
"എന്താ വര്‍ക്ക് കൂടുതല്‍ ഉണ്ടായിരുന്നോ? കാര്‍ത്തിക ചോദിച്ചു...
അയാള്‍ മെല്ലെ ഒന്ന് മൂളുക മാത്രം ചെയ്തു..
"പൈസയുടെ കാര്യം നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ"
ഞാന്‍ ഒന്ന്‍രണ്ടു പേരോട് പറഞ്ഞിട്ടുണ്ട്..മിക്കവാറും ശരിയാവും...
അയാള്‍ അധികം ഒന്നും പറഞ്ഞില്ല..
മുപ്പതാംതീയ്യതി ദീപുവിന്റെ അഡ്മിഷന്‍ കഴിഞ്ഞു...
ക്ലാസ്സ് തുടങ്ങി..
കാര്‍ത്തിയും, ദീപുവും വളരെ സന്തോഷവാരായിരുന്നു ...
ദിവാകരന്‍ മാത്രം എന്തോ, എപ്പോഴും മറ്റേതോ ലോകത്തായിരുന്നു...

ഇതെന്താ ഇവിടെയൊരു കല"? ഒരു ദിവസം ഓഫീസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ നെഞ്ചിനു താഴെ ചൂണ്ടി അവള്‍ ചോദിച്ചു...
"ഓ, അത് ചുമ്മാ, ഇന്നലെ കട്ടിലില്‍ ഉരഞ്ഞു കൊറിയതാ" അയാള്‍ ഒഴുക്കനായി പറഞ്ഞു..
വര്‍ഷങ്ങള്‍ നാലു കടന്നുപോയി..
ദീപുവിന്റെ ഫൈനല്‍ പരീക്ഷ കഴിഞ്ഞു ....അവനു നല്ല പ്രതീക്ഷ യുണ്ടായിരുന്നു...

"മിസ്ടര്‍ ദിവാകരന്‍, ഉടനെ ഒരു സ്കാന്നിംഗ് ചെയ്യണം, ഇവരുടെ. വൈകിക്കരുത്"...
ഓഫീസില്‍ പെട്ടെന്ന് തല കറങ്ങി വീണതാണ് കാര്‍ത്തി..അയാള്‍ അപ്പോള്‍ പുറത്തായിരുന്നു..ഉടനെ ആശുപത്രിയില്‍ എത്തിച്ചു, ഗ്ലുകോസ്‌ കയറ്റി..ഇപ്പോള്‍ കാര്‍ത്തിക്ക് ബോധം വീണതെ ഉള്ളൂ ...
സ്കാന്നിംഗ് റിപ്പോര്‍ട്ടും കൊണ്ട് അയാള്‍ ഡോക്ടറെ വീണ്ടും കണ്ടു...
അവരുടെ വാക്കുകള്‍ കേട്ട് ദിവാകരന്‍ നടുങ്ങി..
കാര്‍ത്തിയുടെ ഒരു കിഡ്നി തീര്‍തും പ്രവര്തിക്കുനില്ല..മറ്റേതു ഏതു നിമിഷവും പ്രവര്ത്തനരഹിതമാവാം..

"ഉടനെ ഒരു ഓപറേഷന്‍ വേണ്ടിവരും, ഒരു കിഡ്നി സംഘടിപ്പിക്കാന്‍ പറ്റുമെങ്കില്‍ കൂടുതല്‍ എളുപ്പമാവും." ഡോക്ടര്‍ തുടര്‍ന്നു..
അയാള്‍ പാതി മരിച്ചിരുന്നു...

വിവരമറിഞ്ഞതും ദീപു കരഞ്ഞുകൊണ്ട് പാഞ്ഞെത്തി...
"മോനെ, ഇപ്പൊ കുഴപ്പം ഒന്നുമില്ല" അയാള്‍ അവനെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു...
കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു..
"എന്റെ കിഡ്നി കൊടുക്കാം, അമ്മയ്ക്ക്..., ഡോക്ടറോട് ഒന്ന് ചെക്ക്‌ ചെയാന്‍ പറയൂ അച്ഛാ"..
"ദീപുവിന്റെ കിഡ്നി സ്യുട്ട് ആവില്ല, വേറെ നോക്കണം" ചെക്ക്‌ ചെയ്തിട്ട് ഡോക്ടര്‍ പറഞ്ഞു...
"അച്ചന്റെ കിഡ്നി ഒന്ന് നോക്കിക്കൂടെ?" ദീപു അയാളോട് ചോദിച്ചു.. "അത് പിന്നെ......" ഉത്തരം പറയാന്‍ ആവാതെ അയാള്‍ടെ മനസ്സു പിടക്കുകയായിരുന്നു....
രാത്രി , കാര്‍ത്തിയുടെ നില കൂടുതല്‍ വഷളായി...
വീണ്ടും ബോധം മറഞ്ഞു..ഡോക്ടര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..ഒന്നും അറിയാത്ത ലോകത്തേക്ക് കാര്‍ത്തി യാത്രയായി..
ഒരാഴ്ച കഴിഞ്ഞു...
എന്തിനോ പുറത്തു പോയിവന്ന ദീപു മുറിയില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു...

മുറിയിലെ ഫെനില്‍ തൂങ്ങിയാടുന്ന അച്ഛന്‍...
അവന്‍ നിലവിളിച്ചു...
മേശപ്പുറത്തു വെച്ച കടലാസില്‍ അച്ഛന്റെ അവസാന വാക്കുകള്‍...

"ദീപു മോന്...അച്ഛന്‍ അമ്മയുടെ അടുത്തേക്ക് പോകുന്നു...കാര്‍തിയില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ...എന്റെ കാര്‍തിയെ രക്ഷിക്കാന്‍ എനിക്കായില്ല...ആകെയുള്ള ഒരു കിഡ്നി കൊടുത്തെങ്കിലും ഞാന്‍ അവളെ രക്ഷിക്കണമായിരുന്നു...
മാപ്പ്..."
നിസ്സഹായനായ ഈ അച്ഛന് മാപ്പ്.............

പൊന്‍പുലരീ......

വൈകുന്നതെന്തേ , നീ പൊന്‍ പുലരീ...
രാവിന്‍ മടിയിലുറങ്ങിപ്പോയോ...
മധുരമാം സ്വപ്‌നങ്ങള്‍ തഴുകിയപ്പോള്‍
സഖിയോടൊതധികമുറങ്ങിപ്പോയോ...
.............................................................(വൈകിയതെന്തേ)
കിളികള്‍തന്‍ കൂജനം നീ കേട്ടതില്ലേ, നീര്‍
ചോലകൊലുസ്സിന്‍ കിലുക്കമറിഞ്ഞതില്ലേ
തപസ്യപോല്‍ നിത്യവും കൂകിയുണര്‍ത്തുന്ന
പൂങ്കോഴിതന്‍ കൂവലറിഞ്ഞതില്ലേ....
.............................................................(വൈകിയതെന്തേ)
ഇളവെയില്‍ പട്ടു വിരിച്ചുവല്ലോ, നല്ലോ-
രിളംകാറ്റു വീശിതുടങ്ങിയല്ലോ..
പ്രിയസഖി രാത്രിയെ യാത്രയാക്കി
പൊന്‍ പുലരീ നീ വന്നിടാമോ...
......................................................(വൈകിയതെന്തേ)

പത്രധര്‍മം...(MINIKKADHA)

"സര്‍, വളരെ ഹോട്ട് ആയ ഈ ന്യൂസ്‌ എന്തായാലും, പ്രസിദ്ധീകരിക്കണം..
ബിഗ്‌ ഷോട്സ് പലരും ഇന്‍വോള്‍വട് ആണ്, വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചതാണ് "..

ചീഫ് എഡിറ്ററുടെ മുന്നില്‍ റിപ്പോര്‍ട്ടര്‍ സനല്‍ വികാരീധനായി...
"സനല്‍, ഗ്രേറ്റ്‌ ജോബ്‌ ഡണ്‍, കീപ്‌ ഇറ്റ്‌ അപ്പ്‌......പിന്നെ കൊടുക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നും ഇല്ല, ഫൈനല്‍ പ്രിന്റ്‌ എടുക്കുന്നതിനു മുമ്പ്, മോളില്‍ നിന്നും ഓര്‍ഡര്‍ വരും, കൊടുക്കാതിരിക്കാന്‍..."

സനല്‍ ആകെ നിരാശനായി..
"സനല്‍, തുടക്കത്തില്‍ ഞാനും നിന്നെപ്പോലെതന്നെയായിരുന്നു"... നിര്‍ജ്ജീവമായ, തന്റെ വലത്തേ വെപ്പുകാല്‍ തടവി അയാള്‍ നെടുവീര്‍പ്പിട്ടു...
"പത്രധര്‍മം മറ്റു പലതും ആണെന്ന് ഞാന്‍ തിരിച്ചറിയുംപോഴേക്കും എനിക്ക് പലതും നഷ്ടപെടിരുന്നു"......

മഹാദാനം...

ഘോരഘോര പ്രസംഗങ്ങള്‍,
ഉമിനീര് വറ്റും നാവുകള്‍
എഴുതി ചായംതീര്‍ന്ന ചുമരെഴുത്തുകള്‍
"രക്ത ദാനം, മഹാദാനം"
എങ്ങും കേള്‍ക്കുന്ന പ്രതിധ്വനി...

ആതുരാലയങ്ങളില്‍ നിത്യവും
പിടഞ്ഞു തീരുന്ന ജീവനുകള്‍..
പലരും ഒരു തുള്ളി ചോരയ്ക്കായി
നെട്ടോട്ടമോടുന്ന ദൃശ്യമെങ്ങും...

മാരകമാം രോഗഭീതിയില്‍
വഴിമാറുന്നൊരു കൂട്ടം...
ചോരയില്‍ "സ്പിരിറ്റ്‌" കൂടുതലായ്
വഴിയുഴറുന്ന മറുകൂട്ടം...
മുന്നൂറു മില്ലിയില്‍, തന്റെ സൌന്ദര്യം
മൂന്നിലൊന്നായ്‌ കുറയുമെന്നൊരുകൂട്ടം
അഷ്ടിക്കു വകയില്ലാതാഴ്ചയില്‍ ഒരു വട്ടം
ബേങ്കില്‍ ചോര നിക്ഷേപിക്കുന്ന മറുകൂട്ടം...

"രക്തദാനം , മഹാദാനം" , പക്ഷെ..
മഹാബലി പുനര്‍ജ്ജനി കാക്കുന്നു....

സാങ്കേതികം... (MINIKKATHA)

"നിങ്ങളോട് പല വട്ടം പറഞ്ഞതാണ്"...റോഡിലൂടെ എതിരെ വന്ന, തീര്‍ത്തും പരിചയം ഇല്ലാത്ത ചെറുപ്പക്കാരന്‍ മുഖത്തുനോക്കി പറഞ്ഞപ്പോള്‍ സുകുമാരന് ഒന്നും മനസ്സിലായില്ല..
"നാല് ലക്ഷതിനാനെങ്കില്‍ ഞാന്‍ റെഡി, ഇല്ലെങ്കില്‍ വിട്ടേക്കൂ"....
"എന്താ , എന്നോടെന്തെങ്കിലും"???
അപ്പോളാണ് പുറത്തു നിന്നും കാണാത്ത ഒരു ചെറിയ സാധനം ചെവിയില്‍ നിന്നും അയാള്‍ ഊരുന്നത് കണ്ടത്..
"സോറി, ഞാന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു?
സാങ്കേതികവിദ്യയെ തെറി പറഞ്ഞുകൊണ്ട് സുകു തിരിഞ്ഞു നടന്നു...

സംവരണം...

ഖണ്ഡം -ഒന്ന്..

ആര്യസംഹിതകള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍
സമൂഹത്തെ താങ്ങാന്‍ നാലു കാലുകള്‍
ചാതുര്‍വര്‍ണ്യങ്ങള്‍, കര്‍മജന്യമെന്നു ലിഖിതം
കാലംതീര്‍ത്ത ഉപജാതികളനേകം...

ഇന്നലെകള്‍ സാക്ഷിയായ കറുത്തനാളുകള്‍
ഉറഞ്ഞാടിയ ജാതിക്കോമരങ്ങള്‍
വര്‍ണങ്ങള്‍ പരസ്പരം വാളെടുതപ്പോള്‍
ജയാട്ടഹാസം എന്നും വെളുപ്പിന്
കാലാന്തരങ്ങളില്‍ കറുപ്പിനെക്കാക്കാന്‍
"സംവരണം" വന്നോരാവരണം പോലെ....

ഖണ്ഡം - രണ്ട്

സംവരണക്കവചത്തിനാവശ്യക്കാരേറിയപ്പോള്‍
ഭരണവര്‍ഗതിനതോരായുധമായ് മാറി
പ്രലോഭനങ്ങളും, പ്രത്യക്ഷ യുദ്ധവും
സംവരണചന്തയില്‍ സ്ഥിരം കാഴ്ചകളായി...

മണ്ണെണ്ണതിരിയില്‍ രാവ്‌ പകലാക്കി പഠിച്ചൊരു
പിന്നോക്കന്‍ കോളേജില്‍, മാഷായി വന്നാല്‍
ക്ലാസ്സിലും മാഷന്മാര്‍ക്കിടയിലും സംസാരം,
അവന്‍ "സംവരണക്കാരന്‍" ആവും !!!!
കാശുള്ളോരച്ഛന്റെ മകനവന്‍, കഷ്ടിപ്പാസ്,
സ്തുതിഗീതമോതുവാന്‍ നാവുകള്‍ മത്സരം...

പഴയകാലത്തിന്‍ പ്രതാപമില്ലാതെ
വേര്ക്ഷയിച്ചോരാ മുന്നോക്കസൂതനോ
ഫയലുകള്‍ മുഴുവനും ഒന്നാം റാങ്കുമായ്
കൊട്ടിയടച്ചൊരു വാതിലുകള്‍ മുട്ടി
ശനിപാതമെറ്റ തന്‍പിറവിയെ പഴി ചൊല്ലി...

ശതമാനങ്ങള്‍ ഇന്നും കണക്കു പറയുന്നു
അവനിത്ര...അവള്‍ക്കിത്ര....
കസേരകളില്‍ തലങ്ങും വിലങ്ങും
കഴിവുകളില്ലാത്ത സംവരണം നിറയുമ്പോള്‍
ഓര്‍ക്കുക....ഭാരതമിനി എങ്ങോട്ട്?

സാന്ത്വനം....(MINIKKADHA)

സാന്ത്വനം....
"നമ്മള്‍ പെണ്ണുങ്ങള്‍ കുറച്ചൊന്നു താഴ്ന്നു നില്‍ക്കുന്നത് എപ്പോഴും നല്ലതാണ്, ദാമ്പത്യത്തിന്റെ വിജയത്തിന്"
വനിതാ കമ്മിഷന്‍ മേധാവിയായ ശ്രീലത, മുന്നിലിരിക്കുന്ന ശ്രീദേവിയോട് പറഞ്ഞു.
"ഞാന്‍ ഒരു പാട് സഹിച്ചു മാഡം, അയ്യാളുടെ ശല്യം കൂടിക്കൂടി വരികയാ "
ശ്രീദേവിയുടെ മറുപടി.
"ദാമ്പത്യത്തില്‍ അല്ലറ ചില്ലറ മുട്ടലും തട്ടലും സ്വാഭാവികമല്ലേ? അതൊക്കെ ഒന്ന് അട്ജസ്റ്റ്‌ ചെയ്‌താല്‍ ശരിയാവും". പിന്നെ ഈ വിവാഹം എന്നൊക്കെ പറയുന്നത് ഒരിക്കല്‍ അല്ലെ ഉള്ളു"
ശ്രീ ദേവി നിര്‍വികാരയായി തല കുനുക്കി..
"എന്നാല്‍ ശരി, ഇനി പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുക , ഓക്കേ"
ചുമലില്‍ സാന്ത്വനത്തിന്റെ തലോടല്‍ അറിഞ്ഞപ്പോള്‍, ശ്രീദേവിക്ക് സമാധാനം ആയി....
തിടുക്കത്തില്‍, ഓഫീസ് ടേബിള്‍ അറേഞ്ച് ചെയ്ത് ശ്രീലത ഒരു വലിയ ഫയലും ബാഗുമായി ധ്രിതിയില്‍ ഓഫീസിനു വെളിയില്‍ കടന്നു.....
ഇന്ന് നാല് മണിക്കാണ് തന്‍റെ വിവാഹമോചന കേസ് നോക്കുന്ന വക്കീലുമായി അപ്പോയിന്മേന്റ്റ്‌.....

നിഴല് കേഴുന്നു....

വേര്‍പിരിയാന്‍ ആവാത്തൊരു
ആത്മ സുഹൃത്തായി
എനിക്കൊപ്പം എന്നും ഉണ്ടായിരുന്നവന്‍...
ഇരവിലും പകലിലും
ഒരുറ്റ മിത്രമായി
ഞാനെന്നും അവനെ കൂടെ....
ചിലപ്പോള്‍, മുന്നില്‍,
അവനൊരു വഴി കാട്ടിയായി
മറ്റു ചിലപ്പോള്‍, പിന്നില്‍
ഒരു അനുഗാമിയായി
സ്നേഹബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കപ്പെടുമ്പോള്‍
ചിലപ്പോള്‍ ഞാന്‍
അവനില്‍ തന്നെ അലിഞ്ഞു ചേര്‍ന്നു
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചും,
കരയുമ്പോള്‍ കണ്ണീര്‍ തുടച്ചും
ചെയ്തികളില്‍ കൂട്ടാളിയായും
ഞങ്ങള്‍ തീര്‍ത്ത വസന്ത നിമിഷങ്ങള്‍....

രാത്രി തന്‍ കൂരിരുട്ടിലും
പേമാരിക്കാറിലും
എന്നെ കാണാതിരിക്കുമ്പോള്‍
ആധിയാല്‍ മനംനൊന്തവന്‍
ഒടുവിലാ പ്രകാശബിംബങ്ങളില്‍
എന്നെ കാണുമ്പോള്‍ നെടുവീര്‍പ്പിടുന്നവന്‍ ...

എന്നിട്ടുമെന്തേ, എന്നെ തനിച്ചാക്കി
അവന്‍ മാത്രം ദൂരേക്ക്‌ യാത്രയായി????
ആത്മ സുഹൃതാം , അവന്‍റെ നിഴലിനെ മാത്രം
ഭൂമിയില്‍ വെടിഞ്ഞിട്ട്‌ യാത്രയായി??????

മടക്കയാത്ര... (NURUNGU KADHA)

"ജീവിതത്തില്‍ ഒരു പ്രാവശ്യമല്ലേ വീട് വെക്കൂ, ഇത്തിരി സൗകര്യം ഇരുന്നോട്ടെ, ഒന്നൂല്ലേലും നിങ്ങള്‍ ഒരു പ്രവാസിയല്ലെ?"
വീട്ടുപണിയുടെ ആദ്യനാളുകളില്‍ ഭാര്യയുടെ പല്ലവികള്‍ ആയിരുന്നു...
വലിയ ഒരു പ്ലാന്‍ ഇഷ്ടപ്പെട്ടു..പണി തുടങ്ങി...
വലിയ ഒരു ലോണ്‍ കൊടുക്കാന്‍ ബേങ്ക്കാര്‍ മത്സരം... തറ കെട്ടി പൂര്‍ത്തിയായശേഷം, അയാള്‍ വീണ്ടും "പറന്നു"...

ഇടയ്ക്കിടെ ഒരു ബേങ്ക് ഡ്രാഫ്റ്റ്....
ചുമരുകള്‍, കോണ്ക്രീറ്റ്....പണി മെല്ലെ പുരോഗമിച്ചു...
"ഇനി വന്നാല്‍ കേറിക്കൂടണം " ഫോണ്‍വിളികളില്‍ സ്ഥിരം ഇത് തന്നെ...

ഒരു സുപ്രഭാതത്തില്‍, കയ്യില്‍ ഒരു കൊച്ചു പെട്ടിയും തൂക്കി, അയാള്‍ ഓട്ടോ ഇറങ്ങി...
വഴിയില്‍....
മിഴിച്ചു നോക്കി നില്‍ക്കുന്ന തന്റെ "സ്വപ്ന സൌധം ......
"നാളെകള്‍" ഒന്ന് ഓര്‍ത്തപ്പോള്‍ അയാളുടെ ചലനം മന്ദഗതിയില്‍ ആയി...

അഗോചരങ്ങള്‍...

എന്തിനീ പഞ്ചെന്ദ്രിയങ്ങള്‍ നമുക്കീ-
ധരിത്രിയില്‍ എല്ലാം അഗോചരങ്ങളെങ്കില്‍... ..

വ്യര്‍ത്ഥമായൊഴുക്കുന്ന ചോരപ്പുഴകളും
ലാവപോലുരുകും മനങ്ങളും കാണാത്ത
ദര്‍ശനെന്ദ്രിയങ്ങള്‍..

കെട്ടുനാറിടും സാമൂഹ്യസത്യങ്ങള്‍ അറിയാത്ത
കുരുന്നുഹൃദയങ്ങള്‍ കത്തിയമരുന്നതറിയാത്ത
ഘ്രാണേന്ദ്രിയങ്ങള്‍...

വര്‍ഗീയഭീകരവാദങ്ങള്‍ വീഞ്ഞില്‍ ചേര്‍ത്ത്
യുഗപുരുഷന്മാര്‍ പകര്‍ന്നു നല്‍കീടുമ്പോള്‍
വീഞ്ഞിലെ മധുരിക്കും വിഷമറിയാത്ത
രസേന്ദ്രിയങ്ങള്‍...

സ്നേഹത്തിന്‍ തലോടലുകള്‍ പണ്ടേ മറന്ന
കൂടപ്പിറപ്പിന്‍ നിശ്വാസമറിയാത്ത
സ്പര്‍ശനേന്ദ്രിയങ്ങള്‍..

കരുണയ്ക്കായുള്ളോരു കുഞ്ഞിന്‍വിളി കേള്‍കാത്ത
മാര്‍പിളന്നാര്‍ക്കുന്ന പ്രകൃതിയെ കേള്‍കാത്ത
ശ്രവണേന്ദ്രിയങ്ങള്‍...

എന്തിനീ പഞ്ചെന്ദ്രിയങ്ങള്‍ നമുക്കീ-
ധരിത്രിയില്‍ എല്ലാം അഗോചരങ്ങളെങ്കില്‍... ..

കലയ്ക്കു "കലകള്"‍ വീഴുന്നോ? (NURUNGU KADHA)

"ദാമൂ, നീ എന്തിനാ ഇപ്പൊ ഈ പണ്ടം പണയം വെക്കണേ"?
പരിചയക്കാരനായ ബേങ്ക് ക്ലെര്‍ക്ക് അയാളോട് ചോദിച്ചു..

"മോള്‍ടെ മാലയാ, അവള്‍ക്ക് മാലയില്ലെങ്കിലും കലോത്സവത്തിന് നൃത്തത്തിന് പോണെന്ന് ഒറ്റ വാശി, എനിക്ക് വേറെ വഴിയൊന്നും ഇല്ല ചേട്ടാ", അയാള്‍ നിര്‍വികാരനായി പറഞ്ഞു...

"പോണതൊക്കെ കൊള്ളാം, ഫസ്ടോ ഗ്രേടോ കിട്ടിയിട്ടേ കാര്യമുള്ളൂ ട്ടോ "
"അറിയാം ചേട്ടാ, അവള്‍ക്കു ആത്മ്വ്ശ്വാസം ഉണ്ട്"

അരങ്ങില്‍ ദ്രുതചലനങ്ങള്‍ ചുവടുവെക്കുമ്പോള്‍..
പിന്നണിയില്‍ പുഴുത്ത കീശകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ കൈമാറപ്പെടുന്നതറിയാതെ ....

ആ പിഞ്ചുപാദങ്ങള്‍ ആടിതളരുകയായിരുന്നു..

നുറുങ്ങുകഥകള്‍ - എട്ട്

മഴക്കാലം...


"മഴയത്ത് കളിക്കരുതെന്ന് നൂറു തവണ പറഞ്ഞതാ, കേള്‍ക്കണ്ടേ, അച്ഛന്‍ ഇങ്ങു വരട്ടെ, ഞാന്‍ പറയുന്നുണ്ട്"
ആകെ നനഞ്ഞു, ഉടുപ്പില്‍ മുഴുവന്‍ അഴുക്കുമായി സ്കൂളില്‍ നിന്നും വന്ന ഉണ്ണിയോട് അമ്മ കയര്‍ത്തു...
വന്ന പാടെ, അവന്‍ ഉടുപ്പ് മാറി, കട്ടിലില്‍ പോയി കിടന്നു....
"ഇനി ഒന്നും പഠിക്കുകേം വേണ്ട, അങ്ങനെ മൂടി പുതചുറങ്ങണ്ട, നേരത്തെ"
അമ്മക്ക് അരിശം തീര്‍ന്നിട്ടില്ല ....പുതപ്പു വലിച്ച മാറ്റാന്‍ വന്നതാ, അപ്പോളതാ ഉണ്ണി കിടന്നു വിറക്കുന്നു...
"നല്ല പനിയും കൊണ്ട വന്നേക്കണേ " അവര്‍ വീണ്ടും ചൂടായി..
പുറത്തു കുറെ ആള്‍ക്കാരുടെ ശബ്ദം കേട്ടു...ഉണ്ണിയുടെ അച്ഛനും, സ്കൂളിലെ ഹെഡ് മാഷും , വേറെ രണ്ടു മാഷന്മാരും...
"ഉണ്ണി സമയത്ത് വന്നില്ലൈരുന്നെകില്‍, രണ്ടു കുട്ടികള്‍ക്കും ആപത്തു പിണഞ്ഞെനെ"...ഹെഡ് മാഷ്‌ ഇത്രയും പറഞ്ഞപ്പോഴേക്കും, ഉണ്ണിയുടെ അമ്മ സ്വയം ശപിക്കുകയായിരുനു ...


സ്നേഹമുദ്രകള്‍...


എന്നും അവള്‍ ഉണ്ടാവും, ആ പാസ്സന്ജര്‍ ട്രെയിനിന്റെ അവസാന ബോഗിയില്‍...ഒട്ടുമിക്കദിവസവും അതെ സീറ്റില്‍...
ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...ഒരാഴ്ച അടുപ്പിച്ചു കണ്ടപ്പോള്‍ എനിക്കെന്തോ....നല്ല കുലീനതയുള്ള ഒരു പെണ്‍കുട്ടി...എന്നും ഒരു ചുകന്ന പൊട്ടും, ഒരു ചന്ദനക്കുറിയും....
ഏകദേശം ഒരു മാസത്തോളം ആയപ്പോള്‍, ഞങ്ങള്‍ കണ്ണുകളാല്‍ പരിചിതരായി...പിന്നീട് കാണുമ്പോള്‍ ഞാന്‍ ചിരിക്കും, അവള്‍ പാതി പുഞ്ചിരി മാത്രം,.....
"ഇന്നവളോട് സംസാരിച്ചു തന്നെ കാര്യം" രണ്ടു മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു തീരുമാനം എടുത്തു...
വണ്ടിയില്‍ കയറിയ ഉടനെ, ഞാന്‍ അവളുടെ അരികിലേക്ക് നടന്നു...
"എവിടെയാ വീട്" ഞാന്‍ പതിയനെ ചോദിച്ചു...അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു....
"ജോലിക്ക് പോകുകയാണോ"?..ഞാന്‍ ..
"എന്തിനാ ആ കുട്ട്യേ ഇങ്ങനെ വിഷമിപ്പിക്കണേ, അതിനു മിണ്ടാന്‍ പറ്റില്ല്യ" അപ്പുറത്തിരിക്കുന്ന ഒരു പ്രായമായ സ്ത്രീ എന്നോട് ദേഷ്യപ്പെട്ടു...
അപ്പോളെകും അവളുടെ മുഖത്തെ ചിരി നിസ്സഹായതയിലേക്ക് മാറിയിരുന്നു....


ബാധ്യത.....


"അസത്ത്, കിടന്നു മോങ്ങണ കണ്ടില്ലേ, ലക്ഷണം കെട്ടത്, വില്‍ക്കാ ചരക്കായി ഇങ്ങനെ കെടക്കും" ...
എല്ലാം ശരിയായിട്ടും അവസാനം പയ്യന്റെ വീട്ടുകാര്‍ വേണ്ടെന്നു വെച്ചുവെന്നു ദല്ലാള്‍വന്നു പറഞ്ഞപ്പോള്‍മുതല്‍ അമ്മക്ക് അരിശം മൂത്തതാ...
"ഇതില്‍ എന്റെ കുറ്റം എന്താ? സൌന്ദര്യം കുറഞ്ഞതോ, പണം കുറഞ്ഞതോ" അവള്‍ എപ്പോഴും സ്വയം ചോദിക്കും....

ഇരുപതോളം പയ്യന്മാര്‍ കണ്ടു പോയി...പല കാരണങ്ങളാല്‍ എല്ലാം മുടങ്ങി...അവസാനതെത് മിക്കവാറും ഉറപ്പിച്ചതാ...എന്നിട്ടും...
"എങ്ങനെയെങ്കിലും ഇതിനെ ഒന്നിന്റെകൂടെ പറഞ്ഞുവിട്ടാല്‍ ആ ബാധ്യത തീരുമായിരുന്നു..."
അമ്മയുടെയും അച്ഛന്റെയും സംഭാഷണത്തില്‍ പലപ്പോഴും ഈ വാക്കുകള്‍ മുഴച്ചുനിന്നു...

ഒടുവില്‍...
ഒരു സാരിത്തുമ്പില്‍ എല്ലാ "ബാധ്യതകളും" അവള്‍ തീര്‍ത്തു ...
അച്ഛനമ്മമാര്‍ക്ക് ഇനി സ്വസ്ഥമായിരിക്കാം....

ജീവിത യാത്ര....

യാന്ത്രികനഗരമേ പായുക, പാവമീ-
യാചകവൃദ്ധന്‍ ചരിക്കട്ടെ മന്ദമായ്..
വയ്യയെന്‍ പാദങ്ങള്‍ക്കാക്കം കൊടുക്കുവാന്‍
വിഴിയികില്‍ വീഴാതെ താണ്ടണം ദൂരങ്ങള്‍...
എരിയുന്ന പകലിലും, കോച്ചും തണുപ്പിലും
തോരാത്ത മാരിയിലുമീ യാത്ര തുടരുന്നു...

ജീവിതയാത്രതന്നന്ത്യയാമങ്ങളില്‍
ജനനമാം തെറ്റിന്റെ ശിക്ഷയേറ്റുന്നു ഞാന്‍...
കാഷായവസ്ത്രവും, കരയുന്ന മനവുമായ്‌
കാതങ്ങള്‍ താണ്ടിഞാന്‍ അന്നംപെറുക്കുന്നു...

മരവിച്ച മനസ്സിന്റെ കൊണ്കളിലെവിടെയോ
മധുരമാമോര്‍മ്മ മയങ്ങിക്കിടക്കുന്നു..
സന്തോഷമലരുകള്‍ വിരിഞ്ഞൊരാ നാളുകള്‍
സര്‍വ്വവും നേടിയ ജേതാവിനെപ്പോലെ..
ജിവിതയാത്രതന്‍ വഴിയിലന്നെപോഴോ
ജന്യമായ്, കണ്ണേറൂകൊണ്ടപോല്‍ കൈപുനീര്‍..
ഉറ്റോര്‍ക്കുമുടയോര്‍ക്കുമന്നുമുതല്കു താന്‍
ഉഗ്രനാം ശത്രുവായ് മാറിയതെങ്ങനെ....

പീടികത്തിണ്ണയില്‍ ഒറ്റവിരിപ്പില്‍ ഞാന്‍
പാരവശ്യത്തോടെ നിദ്രയെ പുല്‍കുമ്പോള്‍..
കാല്‍ക്കീഴ്ല്‍ എന്നുമൊരു കൂട്ടിനായ് എത്തിടും
കവലയില്‍ തെണ്ടുമൊരു ചാവാലിപ്പട്ടി...
കാവിപ്പുതപ്പിന്റെ മൂലയില്‍ അവനും
കഷ്ടതകളൊന്നുമറിയാതുറങ്ങുന്നു.......

പുലരിയുടെ കിരണങ്ങള്‍ എത്തിടും മുമ്പേ
പുതിയൊരു യാത്രയുടെ ദിക്ക് തിരയുന്നു...
പതിയനെയെത്തുന്ന മരണത്തിന്‍ കാലൊച്ച
പതിവായി, കാതോര്‍ത്തു നടകൊണ്ടിടുന്നു ഞാന്‍......

വല്യേച്ചി

നാലുകെട്ടിന്‍ കിഴക്കിനിമൂലയില്‍
നാലുകോല്‍ നീളത്തിലൊരു പത്തായം
നാളേറെയായത്‌, പൊടി കെട്ടിക്കിടക്കുന്നു
നിത്യവും, ചുറ്റിലും വെടിപ്പാക്കുമെങ്കിലും..

കേറിഞാന്‍ ഒരുദിനം, വെല്ല്യേച്ചിയേം കൂട്ടി
കാണുവാന്‍ ഉള്ളം, ഒരുള്‍വിളിപോല്‍
കെട്ടിക്കിടക്കുന്നു, മാറാല അങ്ങിങ്ങു
കൂട്ടിനു കൂറയും, പാറ്റകളും
കണ്ടു ഞാന്‍, ചെമ്പിന്‍ കുടങ്ങളും, ഭരണിയും
കുഞ്ഞു തകര പെട്ടിയൊന്നും

പെട്ടി തുറന്നിതാ, ജിജ്ഞാസ മൂത്തെങ്ങള്‍
പൊതികള്‍ അനേകം കണ്ടതിലായ്‌
പാതിതുറന്നൊരു പോതിയൊന്നഴിച്ചപ്പോള്‍
പഴയൊരു ജാതകകെട്ട് കണ്ടു.....

വല്യേച്ചി തന്നുടെ ജാതകംപോല്‍, അത്
വര്‍ഷങ്ങള്‍മുമ്പ് കളഞ്ഞുപോയി
ലക്ഷണമൊത്തൊരു ജാതകം പോല്‍, അത്
ലക്ഷത്തില്‍ ഒന്നത്രേ കാണ്മതുള്ളൂ
പകരമായ്‌ എഴുതിച്ച ജാതകം തന്നിലോ
പതിര്പോല്‍ ചൊവ്വാ ദോഷമത്രേ....

ഇല്ലാത്ത ദോഷങ്ങള്‍ അത്രയും പേറി
ഇന്നുമെന്‍ വല്യേച്ചി കാത്തിരിക്കുന്നു.....

ആത്മബന്ധം

"പ്രിയമുള്ളവളേ പോകരുതേ, നിന്‍
മുഖത്തെ പുഞ്ചിരി മായ്ക്കരുതേ"
പിണങ്ങി അകലുന്നൊരു തിരമാലയോട്
തീരമാം കാമുകന്‍ ചൊല്ലി
"മടങ്ങി വരൂ, ഈ മാറത്തണയൂ, എന്‍
ഹൃദയ തുടിപ്പുകള്‍ നെഞ്ചിലെറ്റൂ
ജന്മ ജന്മാന്തര സുകൃതമല്ലേ, നീയെന്‍
ജന്മ സാഫല്യമാം സഖിയല്ലേ
നിന്നെ പിരിഞ്ഞൊരു നിമിഷമുണ്ടോ,
നീ ഇല്ലാതെയീ തീരമുണ്ടോ

കുട്ടികള്‍ മണലില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍
കുസൃതിയില്‍ നീ വന്നു മായ്ക്കുന്നതും
എല്ലാം മറന്നു, നിന്നോടോത്തവര്‍
ഉല്ലസിചോടി കളിക്കുന്നതും
എല്ലാം വെടിഞ്ഞു നീ പോകയാണോ, ഈ
എന്നെ തനിച്ചാക്കി അകലുവാണോ

പിന്‍വിളി കാതോര്‍ത്തിരുന്ന പോലെ, അവള്‍
തോഴനെ തേടി തിരിച്ചു വന്നു
ആലിന്ഗബദ്ധരായ്‌, വീണ്ടുമവര്‍
അനശ്വരമത്രേ ഈ ആത്മബന്ധം....

ഉന്നതര്‍....

ഉന്നതര്‍....
പഴയ കാലത്തിന്‍ മൊഴികള്‍
മാധ്യമത്തിലും, മാളോര്‍ടെ വായിലും..
ഭരണത്തിലും പുറത്തും അഴിമതി,
ഉന്നതര്‍ക്ക് പലര്‍ക്കും ബന്ധങ്ങള്‍...
വര്‍ഷങ്ങള്‍ നീളും കേസും കോടതിയും,
"ഉന്നതര്‍" വെറും നിരപരാധികള്‍ !!!!!!!

അണികളില്‍ പലരുടെ ചുടുചോരയൊഴുകി
അന്യോന്യം നേതാക്കള്‍ കുറ്റങ്ങള്‍ ചാര്‍ത്തി...
മൊഴികള്‍ വീണ്ടും, "ഉന്നതര്‍" ക്കറിവുണ്ട്
മാസം ഒന്നുകൊണ്ടെല്ലാം ശാന്തം!!!!!

നക്ഷത്രഹോട്ടെലില്‍, അനാശ്യാസം
പാതിരാ റെയിഡില്‍ പലരും പിടിയില്‍..
പിറ്റേന്നു നാടാകെ,ഇളകി മറിഞ്ഞു
"ഉന്നതര്‍" പലരും, ഇക്കുറി കുടുങ്ങും..
പെണ്ണിന്റെ മൊഴികള്‍ മാറുന്നു, മറിമായം
പാവം ഉന്നതര്‍, ശ്വാസം കഴിച്ചു !!!!!

ഒടുവിലൊരുഗ്രവാദിതന്‍ ചൂടുള്ള മൊഴികള്‍,
"ഉന്നതര്‍" തന്നുടെ നിര്‍ലോഭ ഹസ്തങ്ങള്‍...
നാല് നാള്‍ നമ്മളത് എറ്റെറ്റു പാടും,
പിന്നെയത് മെല്ലെയൊരു പഴങ്കഥയായ് മാറും
"ഉഗ്രന്" വാദിക്കാന്‍ നിയമജ്ഞര്‍ സജ്ജം
"ഉന്നതര്‍" പാവം ഒന്നുമറിയില്ല !!!!!!

ഏകനല്ല ഞാന്‍....

നല്ലപാതി പിരിഞ്ഞു പോയതില്‍പിന്നെ, ചെടികളെ തന്റെ സഖികളാക്കിയ ഒരു മഹാമനസ്കന് പ്രണാമം.....


എകനല്ലിന്നു ഞാന്‍, കൂട്ടിന്നെനിക്കായി
പുഞ്ചിരി തൂകുമീ ഹരിതഭംഗി..
ആനന്ദചിത്തരായ് ആടിക്കളിക്കുമീ
ചെടികളാണിന്നെന്റെ ആത്മമിത്രം...
ഏകാന്തപഥികനായിന്നലെയോളം ഞാന്‍,
ഓര്‍മ്മകളിന്നു മറന്നിടുന്നു..

കനവൂറുന്നൊരു തൂവല്‍സ്പര്‍ശങ്ങള്‍
എന്‍വിരല്‍തുമ്പതിലില്ലാഞ്ഞിട്ടോ
തേനൂറുന്നൊരു മധുരമാം മൊഴികള്‍
എന്‍നാവിന്‍തുമ്പില്‍ കേള്‍ക്കാഞ്ഞിട്ടോ ..
പിന്‍വിളി കേള്‍ക്കാതെ, പാതിവഴിയിലെന്‍
ഇണക്കിളിയെന്തേ പറന്നകന്നു...

കുഞ്ഞിലതുമ്പിലെ ജലകണം കാണുമ്പോള്‍
കണ്ണുനീരെങ്ങോ മറഞ്ഞിടുന്നു...
കുഞ്ഞിളംകാറ്റവരെയികിളിയാക്കുമ്പോള്‍
ഗദ്ഗദം താനേ മയങ്ങിടുന്നു....
എന്‍സഖിമാരാണിവരെന്നുമെന്നും
എന്‍ജീവനൊരുനാള്‍ വെടിയുവോളം

എകനല്ലിന്നു ഞാന്‍, കൂട്ടിന്നെനിക്കായി
പുഞ്ചിരി തൂകുമീ ഹരിതഭംഗി..

ശപിക്കപ്പെട്ട നിമിഷം...(KADHA)

"സാജൂ, ഒരു ലെറ്റര്‍ വന്നിട്ടുണ്ട്".. ടെക്സ്ടയില്‍ കമ്പനിയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയ പാടെ, അമ്മ പറഞ്ഞു...
തിടുക്കത്തോടെ കവര്‍ പൊട്ടിച്ചു വായിച്ച അവന്റെ കണ്ണുകള്‍ വിടരുന്നത് അവര്‍ കണ്ടു.
"അമ്മെ, ഇന്റര്‍വ്യൂവിനുള്ള കത്താണ്, അന്നൊരു പരീക്ഷ പാസ്സായിരുന്നില്ലേ, , സ്കൂളിലെ മാഷിന്റെ, അതിന്റെയാ, വരുന്ന ഇരുപത്തിമൂന്നിന്" സന്തോഷത്താല്‍ അവന്റെ മുഖം പ്രകാശിതമായി...
"ഇതെങ്കിലും ഒന്ന് ശരിയാവണേ, എന്റെ മുത്തപ്പാ" അമ്മയുടെ വേദന നിറഞ്ഞ പ്രാര്‍ത്ഥന....

കൃത്യ സമയത്തുതന്നെ സാജു എല്ലാ സര്ടിഫിക്കട്ടുകളും സഹിതം സ്കൂളിലെത്തി...പുറത്തു കുറേപ്പേര്‍ നില്‍പ്പുണ്ടായിരുന്നു...ഉദ്യോഗാര്തികളും, രക്ഷാകര്താക്കളും....

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാജുവിന്റെ ഊഴം വന്നു...
വാതില്‍ തുറന്ന്, അവന്‍ അകത്തേക്ക് കടന്നു...

"പ്ലീസ് സിറ്റ് ഡൌണ്‍", ഒരാള്‍ പറഞ്ഞു...
കസേരയില്‍ ഇരുന്ന് ഇന്റര്‍വ്യൂ ചെയ്യുന്നവരെ ഓരോന്നായി നോക്കിയ സാജുവിന്റെ കണ്ണുകള്‍ ഒരാളില്‍ ഉടക്കിയതും അവന്‍ ആകെ തളര്‍ന്നു പോയി..."ഗംഗാധരന്‍ മാഷ്‌"....
താന്‍ ജീവിതത്തില്‍ ഇനി ഒരിക്കലും കാണാതിരിക്കാന്‍ ആഗ്രഹിച്ച മുഖം..

അവന്റെ മനസ്സില്‍ ക്ഷണനേരം കൊണ്ട് ഒരായിരം ഓര്‍മ്മകള്‍ ഓടി മറഞ്ഞു...

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് നേരെ അടുത്തുള്ള ഗവ. കോളെജിലേക്ക് ..
കൂട്ടുകാരുമൊത്തു ആര്‍ത്തുല്ലസിച്ചു നടന്ന കോളേജ്ദിനങ്ങള്‍...

അവരില്‍ പലരും ഒന്നിച്ചു യുപി യിലും, ഹൈസ്കൂളിലും ഒന്നിച്ചു പഠിച്ചവര്‍....അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ക്ക് ആഴവും കൂടുതല്‍ ആയിരുന്നു...

എത്ര പെട്ടെന്നാണ് ആദ്യ വര്ഷം കടന്നു പോയത്??

രണ്ടാംവര്‍ഷത്തെ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയതേ ഉള്ളൂ..
എല്ലാ കോളേജിലെയും പോലെ, ജുനിയെര്സുമായി പരസ്പരം പരിചയപപെടല്‍ നടന്നുകൊണ്ടിരിക്കുന്ന സമയം...
തന്റെ കമ്പനിയിലെ മിക്കവരും ആ പരിപാടിക്ക് പോവാരുന്ടെങ്കിലും എന്തോ തനിക്കു അതിഷ്ടമാല്ലായിരുന്നു...

മഹേഷും, മനുവും, മാത്യുവും, ഹഫീസും എല്ലാം....ക്ലാസ്സ്ല്‍ കേറുന്നത് അവരിപ്പോള്‍ ദുര്‍ലഭം മാത്രം....

അങ്ങനെയൊരു ദിവസം..... ശുഷ്കമായ ക്ലാസ് റൂമിലേക്ക്‌ പിയുന്‍ വന്നു പറഞ്ഞു, "മനുവിനെ കാണാന്‍ ആരോ വന്നിരിക്കുന്നു"...
ഒട്ടും വൈകാതെ ഞാന്‍ അവനെയും തേടി നടക്കാന്‍ തുടങ്ങി...

പല ക്ലാസ് മുറികളിലും നോക്കിയിട്ട് കണ്ടില്ല...ഒടുക്കം മടങ്ങി വരുമ്പോള്‍,ഗോവണിക്കു താഴെയായി ഹാരിസിനെ കണ്ടു, വേറെയും കുറേപ്പേര്‍ ഉണ്ടെന്നു തോന്നി...

അടുത്ത് ചെന്നപ്പോള്‍ മനുവം, മാത്യുവും വേറെ ചിലരും...

വീണ്ടും ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
ഒരു പെണ്‍കുട്ടിയുടെ തലമുടി പിടിച്ചു വലിക്കുകയാണ്‌ ഒരുത്തന്‍...
അവള്‍ ഒച്ചയില്ലാതെ കരയുന്നുമുണ്ട്...

"എടാ മാഷ്‌ വരുന്നു" പെട്ടെന്ന് പിറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞു...
എല്ലാരും കിട്ടിയ പഴുതിലൂടെ ഓടി ...
എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചുനിന്ന്‌പോയി....

നിമിഷനേരംകൊണ്ട് കാമ്പസ് മുഴുവന്‍ വാര്‍ത്ത പരന്നു...
സംഭവം നേരില്‍ കണ്ടത് വിശ്വനാഥന്‍ മാഷും , ഗംഗാധരന്‍ മാഷും...

പ്രിന്സ്പ്പാല്‍ എല്ലവരെയും വിളിപിച്ചു...ആ പെണ്‍കുട്ടിയും, ഞങ്ങള്‍ 6 പേരും...
"സര്‍, ഞാന്‍ നിരപരാധിയാണ്, മനുവിനെ തേടി അവിടെ പോയതാണ്" തന്റെ നിരപരാധിത്വം പറയുംപോഴെകും പ്രിന്‍സി ചൂടായി.

"വിശദീകരണം വേണ്ട " ..
"ആറുപേരെയും കോളേജില്‍ നിന്നും സസ്പെന്ഡ് ചെയ്തിരിക്ക്ന്നു"..

താന്‍ ഒഴിച്ച് ബാകി എല്ലാവരും നല്ല പിടിപാടുള്ളവര്‍..രാഷ്ട്രീയ നേതാവിന്റെ, മുതലാളിമാരുടെ, വല്യ ആള്‍ക്കാരുടെ മക്കള്‍...

പിറ്റേദിവസംതൊട്ടു വി ഐ പി കളുടെ സന്ദര്‍ശനം തന്നെ കോളേജില്‍...

മൂന്നു ദിവസം കഴിഞ്ഞു, കോളേജു തല അന്വേഷണത്തിന് പ്രിന്‍സിപ്പാള്‍ ഉത്തരവിട്ടു...ഗംഗാധരന്‍ മാഷ്ക്ക് ചുമതല...

ചര്‍ച്ചകള്‍...കൂടിക്കാഴ്ചകള്‍...വിലപേശലുകള്‍....

ഒരാഴ്ച കഴിഞ്ഞു അന്വേഷണ റിപ്പോര്‍ട്ട്‌ പ്രിന്‍സിപ്പലിന് കൈമാറി...

സംഭവത്തില്‍ ഒന്നാം പ്രതി "സാജു", ബാകി എല്ലാവരും യദ്രിശ്ചയാ അവിടെ എത്തിപ്പെട്ടവര്‍...സംഭാവതിനിരയായ പെണ്‍കുട്ടിയുടെ സത്യവാന്ഗ്മൂലം....സാജുവിനെ കോളേജില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ...

വിലപ്പെട്ട തന്റെ രണ്ടു വര്ഷം....
പിന്നെ ആരും അറിയാതെ,ആന്ധ്ര പ്രദേശിലെ ഒരുള്‍പ്രദേശത്തെ അഞ്ചു വര്‍ഷത്തെ ജിവിതം, പഠനം....

ഡിഗ്രിയും, ബി എഡും കഴിഞ്ഞു നാട്ടിലെത്തി..
പഴയ സുഹൃത്തുക്കളെ കണ്ടപ്പോള്‍, അവര്‍ക്ക് യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ല... ഒന്നും അറിയാത്ത പോലെ...

"യെസ്, സാജു, നിങ്ങള്‍ എവിടെയാണ് ബി എഡ് കോര്‍സ് ചെയ്തത്?
ഞെട്ടിയുണര്‍ന്ന സാജു, ഒരു സ്വപ്നത്തില്‍നിന്നുണര്‍ന്നപോലെ ചുറ്റിലും നോക്കി...

ബാലന്‍സ് ഷീറ്റ്... (KADHA)

"സര്‍, ഓഡിറ്റര് പോയി, കണക്കെല്ലാം വെരി കറക്റ്റ്, കഴിഞ്ഞ വര്‍ഷത്തെ ടേണ്‍ഓവര്‍ ഫോര്‍മില്യണ്‍"..ഫയിനന്‍സ് മാനേജര്‍ ഉത്സാഹതോടെ പറഞ്ഞു ..

"വെരി ഗുഡ്, സന്തോഷ് ....വെല്‍ഡണ്‍ ...
ദുബായിലെ പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയാണ് ഹരീഷ്...നല്ല ബിസിനസ്‌, നല്ല സ്റ്റാഫ്‌..വര്ഷം തോറും വലുതായി വരുന്ന ശ്രിന്ഖല...

"നെക്സ്റ്റ് ഇയര്‍ നമുക്ക് ടെന്‍ ക്രോസ് ചെയ്യണം" അയാള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു..
"ഷുവര്‍ സര്‍" ഇത്രയും പറഞ്ഞു മനേജര്‍ ഒരു ഫയല്‍ നീട്ടി..
"സര്‍, ബാലന്‍സ് ഷീറ്റിന്റെ കോപ്പി..റെഫെറെന്സിന്"..
"ഓക്കേ താങ്ക്സ്, ഞാന്‍ മെല്ലെ നോക്കിക്കൊള്ളാം" ...

മാനേജര്‍ പുരതുപോയത്തിനു ശേഷം അയാള്‍ ആ ഫയല്‍ കയ്യിലെടുത്തു...
"നാല് മില്ല്യന്‍ ലാഭം"...ഷീറ്റിലെ എല്ലാ കോളത്തിലും ലാഭം മാത്രം...
എല്ലാം ഒന്ന് കണ്ണോടിച്ചു അയാള്‍ ഫയല്‍ മടക്കിവെച്ചു...
ഒരു നിമിഷം അയാള്‍ കണ്ണുകള്‍ ചിമ്മി...

ഓര്‍മ്മകള്‍ പിറകിലേക്ക് ...
നഷ്ടങ്ങള്‍ മാത്രം ഉണ്ടായിരുന്ന പഴയ കാലത്തിലേക്ക്...

ഓര്മ വെച്ച നാള്‍ മുതല്‍.....ചോര്‍ന്നൊലിക്കുന്ന കൂരയില്‍..
നിത്യവും സന്ധ്യക്ക്‌ ചാരായം അടിചെതുന്ന അച്ഛന്‍...
കാരണമൊന്നുമില്ലാതെയുള്ള വഴക്കുകള്‍..മര്‍ദ്ദനം...
അമ്മയുടെ പതിഞ്ഞ വിതുമ്പലുകള്‍...
ചില ദിവസങ്ങളില്‍ വിശപ്പിന്റെ വിളിയകറ്റാന്‍ അമ്മയുടെ ഇടറിയ താരാട്ട് പാട്ടുകള്‍ മാത്രം.....

നഷ്ടങ്ങള്‍ എത്രയായിരുന്നു?

കരി പുരണ്ട ബാല്യം...
സ്കൂളില്‍ നിത്യവും കേട്ട പല്ലവി, "കുടിയന്റെ മോന്‍"....കാതുകള്‍ക്ക് വയ്യാതായപ്പോള്‍ പോക്ക് നിര്‍ത്തി...
ഹോടെലുകളില്‍, വര്‍ക്ക് ഷാപ്പുകളില്‍...

നഷ്ടക്കണക്കുകള്‍ താള് നിറക്കുകയായിരുന്നു.

ബാല്യം കൌമാരത്തിലേക്ക് മാറിയപ്പോഴേക്കും മനസ്സ് കാരിരുംബായിരുന്നു....
ആരോടും ഒന്നും പറയാതെ.....മദ്രാസ്സിലേക്ക് വണ്ടി കയറി....

മദ്രാസിലെ ഓട്ടോ വര്‍ക്ക്‌ഷോപ്പ്.. രാപകലില്ലാതെ വണ്ടികളുമായുള്ള മല്‍ പ്പിടുതം... പാതിരാത്രിക്കപ്പുറം കരിയും ഓയിലുമായ ആ ഉടുപ്പില്‍ തന്നെ തകര ഷീറ്റില്‍ കുറച്ചു സമയം ഉറക്കം....
അവിടെ നിന്നും ഡ്രൈവിംഗ് പഠിച്ച് പിന്നെ ഓട്ടോ ഡ്രൈവരായത്.. ..

ദൈവദൂതനെപ്പോലെ ഖാദര്‍ മുതലാളി ഓട്ടോയില്‍ കയറാന്‍ ഇടയായത്..
മുതലാളിയുടെ പേര്‍സണല്‍ ഡ്രൈവര്‍ ആയത്...അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സായാന്ഹ ക്ലാസ്....
പത്താം തരം പാസായപ്പോള്‍ മുതലാളി തന്ന സമ്മാനം..ഒരു പരിചയക്കാരന്‍ മുഖാന്തിരം ഒരു ഗള്‍ഫ് വിസ..

അതൊരു തുടക്കമായിരുന്നു....

അറബിയുടെ ഡ്രൈവര്‍...പേര്‍സണല്‍ അസിസ്റ്റന്റ്‌...ഉയര്‍ച്ചകള്‍ വളരെ പെട്ടെന്ന്...
തനിക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ പയ്യനെ അറബി കമ്പനി പാര്‍ട്ണര്‍ ആക്കാന്‍ അധികം സമയം എടുത്തില്ല...

പടികള്‍ പിന്നയും മുകളിലേക്ക്....
തന്റെ യഥാര്‍ത്ഥകഥ അറിഞ്ഞ അന്ന് അറബി പറഞ്ഞ വാക്കുകള്‍..
"നീ എന്റെ കൂടെ നില്‍ക്കെണ്ടാവനല്ല, ഒരു സാമ്രാജ്യം നിന്നെ കാത്തിരിക്കുന്നു, എന്റെ എല്ലാവിധ ആശംസകളും"....

എല്ലാ കണക്കുകളും ഒത്തു നോക്കിയ്പോള്‍....
പിന്നെയും നഷ്ടങ്ങള്‍ മാത്രം ബാകിയെനു അയാള്‍ക്ക് തോനി...

ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ്...

തിരിഞ്ഞു നോട്ടം

ഓര്‍മ്മകള്‍ക്കെപ്പോഴും ബാല്യമല്ലേ, ആ
ഓര്‍മ്മകള്‍ അനശ്വരമല്ലേ
ചിതലരിക്കാത്തൊരാ നിമിഷങ്ങളോരോന്നും
ചിത്തത്തിനുള്ളില്‍ വിളങ്ങിടുന്നു
കാലത്തിനൊപ്പം ഞാനോടിതളരുമ്പോള്‍
കുളിര്തെന്നലായവ മനസ്സിലെത്തും...

കൊരിചൊരിയുമോരിടവപ്പാതിയും
കൂട്ടരുമൊത്തുള്ളോരുല്ലാസയാത്രയും
ഓലക്കുടചൂടി, ഇടവഴിയില്‍ക്കൂടി
ഓടിക്കളിച്ചതും, വെള്ളം നനഞ്ഞതും
പുത്തനുടുപ്പും, പുസ്തകകെട്ടുമായി
പുത്തനാം ലോകത്ത് കാലടിവെച്ചതും
പുതിയമുഖങ്ങളില്‍ നോട്ടം പതിപ്പിച്ചു
പതിയനെ ബെഞ്ചില്‍ച്ചുമ്മാതിരുന്നതും
ഒത്തിരിനേരം ചേച്ചിയെ കാണാഞ്ഞു
ഒച്ചവെച്ചിതിരി നേരം കരഞ്ഞതും

ഇന്നും മനസ്സിന്റെയുള്ളിലെ കോണ്‍കളില്‍
ഇന്നലെപ്പോലേയാ ഓര്‍മ്മകളും
നഷ്ടബോധത്തിന്റെ വിങ്ങലോടോന്നു ഞാന്‍
നിശ്വാസിചീടട്ടെ അല്‍പനേരം...

ഓര്‍മ്മകള്‍ക്കെപ്പോഴും ബാല്യമല്ലേ, ആ
ഓര്‍മ്മകള്‍ അനശ്വരമല്ലേ.....

ആതുരസേവനം....(കഥ)

ഹോസ്പിറ്റലില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തുമ്പോഴേക്കും സന്ധ്യയായിരുന്നു ..
കാറില്‍ കുഞ്ഞുമോന്‍ നല്ല ഉറക്കം....
അമ്മ ഉടനെ ഇറങ്ങി പടിഞ്ഞാറ്റയില്‍ വിളക്ക് വെച്ചു...
"മെല്ലെ ഇറങ്ങിക്കോളൂ, സന്ധ്യയോടു അച്ഛന്‍ പറഞ്ഞു..
മോനെ അകത്തു കൊണ്ട് പോയി കിടത്തി....
സമയം ഏറെ നേരം കഴിഞ്ഞു..
ഭക്ഷണം കഴിഞ്ഞു എല്ലാവരും കിടന്നു...

ഏറെ രാത്രിയായപ്പോള്‍ മോന്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി...
"അതിനു വിശക്കുനുണ്ടാവും, കുറച്ചു പാല് കൊടുക്ക്‌ മോളേ"
കരച്ചില്‍ കേട്ട് എല്ലാരും ഉണര്‍ന്നു...
പാല് നുണഞ്ഞിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല...
"ഇതില്‍ പാലൊന്നും ഇല്ലമ്മേ" സന്ധ്യയുടെ വിഷമം...
മോന്റെ കരച്ചില്‍ കൊടുത്താല്‍ ഉച്ചത്തിലായി..

രമേഷിന് ആകെ വ്യാധിയായി...
"നീ ആശുപത്രിയിലേക്ക് ഒന്ന് വിളിചെ" അച്ഛന്‍ പറഞ്ഞു....
"ഡോക്ടര്‍ ഇവിടെ ഇല്ല, നമ്പര്‍ തരാം, വിളിച്ച നോക്കൂ" വിളിച്ചപോള്‍ നഴ്സിന്റെ മറുപടി...
ഡോക്ടറുടെ നമ്പര്‍ കിട്ടുന്നെ ഇല്ല....

അമ്മയ്ക്കും അച്ഛനും കൂടുതല്‍ ടെന്‍ഷനായി...
"നമുക്ക് ആ ബാലറാം ഡോക്ടറെ കാണിക്കാം, ഞാനാ മനുവിനെ വിളിക്കട്ടെ"..അച്ഛന്‍ വണ്ടിക്കു വിളിക്കാന്‍ തുടങ്ങി..

കാര്‍ ഡോക്ടറുടെ വീടിന്റെ മുന്നിലെത്തി...
കൊട്ടാരം പോലുള്ള വീടും, ഒരു വമ്പന്‍ ഗേറ്റും...

"ഗേറ്റ് പൂട്ടിയിരിക്കുവാ" അച്ഛന്‍ വേഗം പുറത്തിറങ്ങി നോക്കിയാശേഷം പറഞ്ഞു...
"ഇത് അയാളുടെ സ്ഥിരം പണിയാ, രാത്രി പത്തു ണിക്ക് പൂട്ടും, പിന്നെ ആരെയും നോക്കില്ല, ഒന്നൂല്ലേലും പിള്ളാരുടെ ഡോക്ടറല്ലേ" ഡ്രൈവര്‍ മനു അമര്‍ഷത്തോടെ പറഞ്ഞു...

അടുത്തുള്ള വേറൊരു ആശുപത്രിയില്‍ പോവമെന്നു മനു പറഞ്ഞു...
"കുട്ടിക്ക് വിശന്നിട്ടായിരിക്കും" ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു...
"ഇത്തിരി കല്‍ക്കണ്ടം കലക്കി കൊടുത്തുനോക്കൂ" ...
വീട്ടിലെത്തി അല്പം കല്‍ക്കണ്ടം കലക്കി ചുണ്ടില്‍ വെച്ചു കൊടുത്തു നോക്കി....പാവം ..അതും നുണഞ്ഞു അങ്ങനെ ഉറങ്ങി....

"ലീല, ഞാന്‍ രണ്ടു ദിവസം കഴിഞ്ഞേ വരൂ...കൊണ്ഫെരെന്‍സ് ഉണ്ട്, ഓക്കേ" രാവിലെ ഇറങ്ങുമ്പോള്‍ ബാലറാം ഭാര്യയോടു പറഞ്ഞു...
അവര്‍ കോളേജ് ലെക്ചെരെര്‍ ആണ്...അവരുടെ കൂടെ നിര്‍ബന്ധമാണ്‌ "രാത്രി പത്തുമണിനിയമം"...
അന്ന് രാത്രി ഭക്ഷണം കഴിച്ചു എല്ലാരും ഉറങ്ങാന്‍ കിടന്നു...

"മമ്മീ എനിക്ക് വയറു വേദനിക്കുന്നു.." ടിന്റു മോളുടെ കരച്ചില്‍ കേട്ടാണ് ലീല ഞെട്ടിയുണര്‍ന്നത് ...
അവള്‍ വാവിട്ടു നിലവിളിക്കുകയാണ്...

ഉടനെ അവര്‍ ഭര്‍ത്താവിനെ വിളിച്ചു...
"ലീല, ഡോക്ടര്‍ സന്തോഷിനെ വിളിച്ചു നോക്കൂ..."
"ഞാന്‍ നോക്കി, അയാളെ കിട്ടുന്നില്ല, പിന്നെ സിറ്റി ഹോസ്പിട്ടലിലെ ശാരിയും വിളിച്ചു നോക്കി, മൊബൈല്‍ എടുക്കുന്നില്ല" അവര്‍ വേവലാതിയോടെ പറഞ്ഞു...

മോള്‍ അലറിക്കരയുകയാണ് ...സമയം രാത്രി രണ്ടുമണിനേരം..
"കുട്ടികളുടെ ഒരു പുതിയ ഡോക്ടര്‍ ഗവ. ആശുപത്രിയില്‍ വന്നിട്ടുണ്ട്, അവിടെ അടുതു തന്നാ താമസം" ഡ്രൈവര്‍ ലീലയോട് പറഞ്ഞു...
"നീ വേഗം കാര്‍ എടുക്കു"..
വണ്ടി ചീറിപ്പഞ്ഞു...

ഡോക്ടറുടെ വീടിന്റെ അടുത്ത് കാര്‍നിര്‍ത്തി ഡ്രൈവര്‍ വെളിയില്‍ ഇറങ്ങി നോക്കി...

"ഗേറ്റ് പൂട്ടിയിരിക്കുകയാ മാഡം"

ആ തണുപ്പുള്ള രാത്രിയിലും ലീല വിയര്തൊലിച്ചു...
അവര്‍ സ്വയം ശപിക്കുകയായിരുനു...

നുറുങ്ങുകഥകള്‍ - ഏഴ്

സ്നേഹ പര്‍വ്വം...

"കുട്ടി ഈ കവിതാരചന മത്സരത്തിനു, പോകണം, കുട്ടിക്ക് നല്ല കഴിവുണ്ട്"

മലയാളം മാഷിന്റെ സ്നേഹ പൂര്‍വ്വമുള്ള നിര്‍ബന്ധം കേട്ട് മായ പറഞ്ഞു,
" വേണ്ട മാഷെ, അവിടൊക്കെ വലിയ വലിയ കവികള്‍ വരില്ലേ, അവരുടെ മുന്നില്‍ ഞാന്‍ ആര്"? വിങ്ങുന്ന മനസ്സ് പുറത്തു കാട്ടാതെ അവള്‍ പറഞ്ഞു...

"അത് സാരമില്ല, ഒന്ന് ശ്രമിച്ചു കൂടെ"? .....മാഷ്‌......

അങ്ങിനെ മായ മത്സരത്തിനു പോയി...
ഫലപ്രഖ്യാപനത്തില്‍, ഒന്നാം സ്ഥാനം മായയുടെ "സ്നേഹ പര്‍വ" ത്തിനു...
വിധി കര്‍ത്താക്കളുടെ പ്രശംസനക്കുറിപ്പുകള്‍ ......

സമ്മാനദാനവേദിയിലേക്ക് പോകുമ്പോള്‍ മായ വിതുമ്പുകയായിരുന്നു....
അത്.....അവളുടെ കഥയായിരുന്നു......


ശവകല്ലറ...


തറവാടിന്റെ ഭാഗം വെക്കല്‍ നടക്കുകയാണ്..
വിദേശത്തുള്ളവരും, നാട്ടിലുള്ളവരും , എല്ലാരും എത്തിയിട്ടുണ്ട്....
എല്ലാ മുഖത്തും ആശങ്കയുടെ നിഴലിപ്പ് വ്യക്തമാണ്...
ഒരു ചാരുകസേരയില്‍, അമ്മ മാത്രം വിദൂരതയില്‍ കണ്ണും നട്ട് ഇരിക്കുന്നു..
"എന്നാല്‍ കാര്യങ്ങള്‍ നടക്കട്ടെ സാര്‍" മൂത്ത മകന്‍ സര്‍വെയറോട് ....
"അപ്പൊ എങ്ങിനെയാ കാര്യങ്ങള്‍" , സര്‍വേയര്‍ ..
"ആകെ അഞ്ചു ഓഹരി, നമ്മള്‍ നാലുപേര്‍ക്കും, ഒന്ന് അമ്മയ്ക്കും, അമ്മയെ നോക്കുന്ന ആള്‍ക്ക്, അവരുടെ കാലശേഷം ആ ഓഹരി"
എല്ലാം നിശ്ചയിച്ചു ഉറപ്പിച്ചപോലെ മറുപടി.....
"അപ്പൊ, പറമ്പിന്റെ മൂലയിലെ അച്ഛന്റെ ശവക്കല്ലറ"? അതുവരെ മൂകയായിരുന്ന അമ്മ പതിയെ ചോദിച്ചു..
"അത് വിധി പ്രകാരം നീക്കം ചെയ്യാന്‍ ആളെ ആക്കിയിട്ടുണ്ട്"
മറുപടി വന്നത് ഏകസ്വരത്തില്‍ ആയിരുന്നു.....


മുറപെണ്ണ്....


"എനിക്ക് വയ്യ, അവളെ കെട്ടാന്‍, എനിക്ക് എന്റെ സ്റ്റാറ്റസ് കൂടി നോക്കണ്ടേ? വെറും പത്താം ക്ലാസും അടുക്കള പ്പണിയും അറിയുന്ന അവളെ കെട്ടിയാല്‍............."
അച്ഛന്റെയും, അമ്മയുടെയും അടുത്ത് മനു ചൂടായി.
"എടാ, ചെറുപ്പം തൊട്ടു,നിന്റെ പെണ്ണ് എന്ന് പറഞ്ഞല്ലേ അവള്‍ വളര്‍ന്നത്‌, ഇതിരി വിദ്യാഭ്യാസം കുറവാ എന്നല്ലേയുള്ളൂ" ..അമ്മ..
"എനിക്ക് പഴം പുരാണം ഒന്നും കേള്‍ക്കണ്ട, എനിക്ക് പറ്റില്ല, അത്ര തന്നെ"
അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു..... കല്യാണ നിശ്ചയം കഴിഞ്ഞു, പെണ്ണ് പണക്കാരി, പഠിചവള്‍....അവനു പെരുത്ത്‌ ഇഷ്ടായി....

വിവാഹ തലേന്ന്, മനുവിന്റെ അച്ഛന് ഒരു ഫോണ്‍, പെണ്ണിന്റെ അച്ഛന്‍...
"അത്, അത് പിന്നെ , അവള്‍ക്കു ഇതിനു അത്ര താല്പര്യം ഇല്ല"
പിന്നീട് അന്വേഷിച്ചപ്പോള്‍, അറിഞ്ഞത് അവള്‍ കാമുകന്റെ കൂടെ പോയെന്നാണ്......
ഭാവങ്ങള്‍ മാറാന്‍ അധിക സമയം വേണ്ടി വന്നില്ല...
"മോളെ, അവനു നിന്നെ ഇഷ്ടം തന്നെയാ, പിന്നെ ആദ്യം................."
അമ്മാവന്റെയും, അമ്മായിയുടെയും "സ്നേഹമാര്‍ന്ന" വര്‍ത്താനം....
പാവം ലതിക, അവള്‍ തല കുനുക്കി....
നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടന്നു.......ദൈവ നിശ്ചയം..

ആത്മനൊമ്പരം- മിനിക്കഥ

എന്നും വൈകീട്ട് സ്റ്റേഷന്‍ലേക്കുള്ള തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഞാന്‍ അവളെ ശ്രദ്ധിക്കാറുണ്ട്
ഇരു നിറത്തില്‍ ‍ മെലിഞ്ഞു അവശയായ ആ പെണ്‍കുട്ടിയെ..
സ്റ്റേഷന് പുറത്തു ഭിക്ഷ യാചിച്ചു അവള്‍ നില്‍പ്പുണ്ടാവും
ആദ്യമൊക്കെ ഞാന്‍ അത്ര കാര്യം ആക്കിയിരുന്നില്ല
പിന്നെ പിന്നെ അവളെനോക്കിയപ്പോള്‍ എന്തോ ഒരു
കൌതുകം പോലെ തോന്നി തുടങ്ങി
വിളറിയതെങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം.....
ചിലര്‍ ചിലപ്പോള്‍ ചില്ലറ തുട്ടുകള്‍ കൊടുക്കുമായിരുന്നു, ക്രമേണ ഞാനും അതില്‍ അംഗമായി ...
ആദ്യമൊക്കെ നാണയത്തില്‍ തുടങ്ങിയ ഞാന്‍ പിന്നെ അഞ്ചു, പത്തു, ഇരുപതു രൂപ വരെ കൊടുക്കാന്‍ തുടങ്ങി...
ഒരു ദിവസം പോലും, അവളെ കണ്ടില്ലെങ്കില്‍.....
എന്തോ ഒരു വിഷമം മനസ്സില്‍ നിഴലിച്ചിരുന്നു

ഒരു ദിവസം പതിവുപോലെ, സ്റ്റേഷന്‍ ലേക്കുള്ള ഓട്ടത്തിനിടയില്‍ ഒരു ജനക്കൂട്ടം എന്‍റെ ശ്രദ്ധയില്‍ പെട്ടു
ഒന്ന് നോക്കിക്കളയാം എന്ന് കരുതി, ഞാനും അവിടേക്ക് ചെന്നു.
താഴെ നിലത്തു, ഒരു പെണ്‍കുട്ടിയുടെ ചോരയില്‍ കുതിര്‍ന്ന ശരീരം....
ട്രെയിനിന്‍റെ അടിയില്‍ പെട്ടതാണെന്ന് ഒരാള്‍ പറഞ്ഞു....
അവളുടെ മുഖം തേടിയ ഞാന്‍ ഒന്നേ നോക്കിയുള്ളൂ
അത് അവള്‍ ആയിരുന്നു......
ഞാന്‍ എന്നും കാണാറുള്ള പെണ്‍കുട്ടി......
അപ്പോഴും ആ മുഖത്ത്, എന്നെ കാണുമ്പോള്‍ ഉണ്ടായിരുന്ന ദൈന്യത നിറഞ്ഞ ആ ചിരി ഉള്ളതായി എനിക്ക് തോന്നി ....
ഇപ്പോളും സ്റ്റേഷന്‍ലേക്കുള്ള വഴി വക്കില്‍ അവള്‍ നില്‍ക്കാറുള്ള സ്ഥലത്ത് എത്തുമ്പോള്‍, അറിയാതെ അങ്ങോട്ട്‌ നോക്കി പോകുന്നു.....
അവളുടെ ആത്മാവ് അവിടെ ഉണ്ടാവുമോ ആവോ????????

ഇളംനൊമ്പര കാറ്റ്

എന്തേ വിഷുപ്പക്ഷി പാടിയില്ല...
എന്നങ്കണത്തില്‍
എന്തേ കണിക്കൊന്ന പൂത്തില്ല......
കിളിക്കൊഞ്ചലുകളും കൈനീട്ടവുമായി
എന്തേ വിഷുപ്പുലരി വന്നില്ല ....
എന്മുറ്റത്തു
എന്തേ വിഷുപ്പുലരി വന്നില്ല........

ലാത്തിരി, പൂത്തിരി , കമ്പിത്തിരിയുമായ് ....
കൂട്ടുകാര്‍ ഓടിനടക്കുമ്പോള്‍..
കുഞ്ഞോമനതന്‍ കുഞ്ഞിളംമനംമാത്രം
ഒന്നുമറിയാതെ നോക്കിനിന്നു....
ഇളംനൊമ്പരതാല്‍ ചോദിക്കുന്നവള്‍...
ഇക്കുറി എന്തമ്മേ വിഷുവില്ലേ?
മറുപടിയായി വന്നു, അമ്മതന്‍ കണ്ണില്‍
മണ്ണിനെ ചുംബാന്‍വെമ്പും നീര്‍ത്തുള്ളികള്‍....

സ്നേഹ സങ്കീര്‍ത്തനങ്ങള്‍....(KADHA)

"ആ നിലവിളക്ക് കൊളുതിക്കൊള്ളൂ, അവര്‍ എത്താറായി"
ചാര് കസേരയില്‍ ഇരുന്നു അകത്തേക്ക് നോക്കിക്കൊണ്ടു അച്യുതന്‍ നമ്പ്യാര്‍ പറഞ്ഞു...
പ്രസിദ്ധമായ മേലെത്തിടത്ത് തറവാട്....പഴയകാലപ്രതാപം വിളിച്ചോതുന്ന നാലുകെട്ട്... നാടുപ്രമാണിയും ജന്മിയുമായിരുന്നു അച്യുതന്‍ നമ്പ്യാര്‍...ഇന്നും പ്രൌഡി ഒട്ടും കുറഞ്ഞിട്ടില്ലയാള്‍ക്ക്...
ഇന്ന് അവരുടെ കൊച്ചുമോള്‍ ദീപയുടെ വിവാഹ നിശ്ചയം..മുറ്റത്ത്‌ വലിയ പന്തല്‍... അകത്തു നിശ്ചയാതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി...
"മാലതീ, അവരിങെത്തി, കുടിക്കാനുള്ള വെള്ളം എടുത്തോളൂ"
പയ്യനും ആള്‍ക്കാരും എത്തിചേര്‍ന്നു...
മൂത്തവര്‍ എല്ലാവരും കണിയാരും കൂടി പൂമുഖത്ത് നിശ്ചയത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി...പുറത്തു ചായ സല്‍ക്കാരത്തിന്റെ ബഹളം...
എല്ലാം തീരുമാനിച്ചുറപ്പിചതിനുശേഷം, അച്യുതന്‍ നമ്പ്യാര്‍ പറഞ്ഞു..
"അപ്പൊ ചിങ്ങം ഇരുപത്തൊന്നിനു രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍, വധൂഗൃഹത്തില്‍വെച്ചു താലികെട്ട്"
"എന്നാല്‍ ഇനി ആ മോതിരംകൂടി മാറിക്കൊള്ളൂ"..
മോതിരം മാറ്റം കഴിഞ്ഞു...

"ഇനി ഭക്ഷണത്തിനു വൈകിക്കണ്ട, എല്ലാരോടും ഇരിക്കാന്‍ പറഞ്ഞൊള്ളൂ".. ദീപയുടെ അച്ഛന്‍ പയ്യന്റെ അമ്മാമനോട് പറഞ്ഞു...

എന്തോ എടുക്കാന്‍ വേണ്ടിയാണ് മാലതി കിണറിന്റെ അടുത്തേക്ക് പോയത്....
അപ്പോഴതാ, തൊടിയില്‍ ദീപയും പ്രതിശ്രുത വരനും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു...അവര്‍ക്ക് യാതൊരു പരിചയക്കേടും ഇല്ല...എത്രയോ നാളത്തെ സൗഹൃദം ഉള്ള പോലെ...അമ്മയെ കണ്ടതും അവര്‍ ചിരിച്ചു...

മാലതി അകത്തേക്ക് പോയി.....
മുറിയില്‍ എത്തിയ മാലതി, വെറുതെ ചുമരില്‍ തൂക്കിയ അവരുടെ പഴയ, വിവാഹ ഫോട്ടോയിലേക്ക് നോക്കി....
ഓര്‍മ്മകള്‍ ദാശാബ്ധങ്ങള്‍ പിറകിലേക്ക്....

"അവന്‍ ഇനി കാണണ്ട ആവശ്യം ഒന്നൂല്ലടോ അച്ചു, ഞാന്‍ പറഞ്ഞാല്‍ അവനു സമ്മതാ" രാജശേഖരന്‍നമ്പ്യാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു...
"എന്നാ പിന്നെ എല്ലാം പറഞ്ഞ പോലെ"..

പഴയ സുഹൃതുക്കള്‍ ...രണ്ടു പേര് കേട്ട തറവാട്ടുകാര്‍, ജന്മികള്‍....സമാനതകള്‍ ഏറെ...
മകന്‍ ദേവന് പെണ്ണ് ചോദിച്ചു വന്നതാണ് രാജശേഖരന്‍ നമ്പ്യാര്‍ ...
ദേവന്‍ വക്കീലാണ്, പഠിച്ചതൊക്കെ മദ്രാസ്സില്‍, ഇപ്പോള്‍ പട്ടണത്തിലെ പ്രഗല്‍ഭനായ ക്രിമിനല്‍ വക്കീലിന് കീഴില്‍ പ്രാക്ടിസ്‌ ചെയ്യുന്നു...
മാലതി, അച്യുതന്‍ നമ്പ്യാരുടെ ഒറ്റ മോള്...
"നീ പഠിച്ചു ഉദ്യോഗം ഭരിചിട്ട് ഇവിടെ കുടുംബം പുലരേണ്ട ഗതികേടൊന്നും ഇല്ല" ഇതായിരുന്നു അച്ചു നമ്പ്യാരുടെ സ്ഥിരം പല്ലവി...
ഫലം, നാലാം ക്ലാസ്സില്‍ മാലതി പഠിത്തം നിര്‍ത്തി...

"നല്ലോണം പഠിച്ച ചെക്കനല്ലേ, ഇവളെയൊക്കെ ബോധിക്വോ"..അവര്‍ പോയതിനു ശേഷം മാലതിയുടെ അമ്മ വാതിലിനു പുറകില്‍ നിന്ന് കൊണ്ട് ചോദിച്ചു...
"രാജനെ എനിക്കറിയാം, പറഞ്ഞാല്‍ വാക്കാ"...അച്യുതന്‍ നമ്പ്യാര്‍ക്ക് ആധി തീരെയില്ല...

"ഈ തറവാട്ടില്‍ ഒറ്റ വാക്കേയുള്ളൂ, അതും അവസാന വാക്ക്"
സീനിയര്‍ വക്കീലിന്റെ മകളുമായി ദേവന് ഇഷ്ടാണെന്ന് പറഞ്ഞു തുടങ്ങിയതെയുള്ളൂ, ദേവന്റെ അമ്മ, അപ്പോഴേക്കും....
കണ്ണ്ചുവപ്പിച്ചുകൊണ്ട് രാജശേഖരന്‍നായര്‍....

കാര്യങ്ങള്‍ വളരെപെട്ടെന്ന് നീങ്ങി...ഉറപ്പിക്കലും, കല്യാണവും സല്കാരവും എല്ലാം....
മാലതി വളരെ പെട്ടെന്ന് തറവാടുമായി ഇണങ്ങി...അടുക്കളയില്‍ അവള്‍ക്കു ഒരു പ്രത്യേക സാമര്‍ത്ഥ്യം ആയിരുന്നു...
"കൈപുണ്യമുള്ള ഒരു പെണ്ണ് വന്നത്കൊണ്ട്, മനംമുട്ടാതെ കഞ്ഞി കുടിക്കാം, ആ വക്കീല്‍ വന്നിരുന്നെങ്കില്‍ കാണായിരുന്നു.." അച്ഛന്റെ സപ്പോറ്ട്ട് എപ്പോളും അവള്‍ക്കു തന്നെ...

തന്റെ പരിമിതികള്‍ എല്ലാം അറിഞ്ഞു അവള്‍ എല്ലാരേയും സ്നേഹിച്ചു...
ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ ദേവന്‍ ഒരുപാട് കഷ്ടപ്പെട്ടു..
പതിയെ അവളുടെ സ്നേഹത്തിനു മുമ്പില്‍...പരിചരണത്തിന് മുമ്പില്‍....
അയാള്‍ തോല്‍ക്കുകയായിരുന്നു.....

വിവാഹ ശേഷവും, ആദ്യമൊക്കെ പാര്‍ടിയിലും മറ്റും ദേവന്‍ ഒറ്റക്കാണ് പോയിരുന്നത്...ഭാര്യക്ക് അസുഖമെന്നോ, മറ്റോ നുണ പറയും എപ്പോഴും...
"എടാ നിനക്ക് ആ പെണ്ണിനെ കൂടി കൂട്ടിയാല്‍ എന്താ" ...അമ്മയുടെ ചോദ്യത്തിന് അയാള്‍ മറുപടി പറയാറില്ലായിരുന്നു...

"അമ്മെ, അവിടെയൊക്കെ വല്യ ആള്‍ക്കാര്‍ വരുന്നതല്ലേ, പിന്നെ എനിക്ക് ഈ കൂടുതല്‍ ആള് വരുന്നിടം പോണതെ ഇഷ്ടല്ല" മാലതിയുടെ ഈ വര്‍ത്താനം കേട്ടാല്‍, അമ്മ പിന്നെ ഒന്നും മിണ്ടില്ല...

അതിനിടെ അവരുടെ ജീവിതത്തില്‍ ഒരു പുതിയ അതിഥികൂടി വന്നു....
അവള്‍ക്കു ദീപയെന്നു പേരിട്ടു...തറവാടിന്റെ ദീപമായി അവള്‍ വളര്‍ന്നു...
ദേവന്‍ ദിവസം കഴിയുന്തോറും മാറുകയായിരുന്നു...

"നിനക്ക് എന്നോട് ദേഷ്യമുണ്ടോ, മാലതീ," ഒരു രാത്രി ദേവന്‍ അവളോട്‌ ചോദിച്ചു...
"ദേഷ്യമോ, എന്തിനു" ഇത്രയും പറഞ്ഞു തീരും മുമ്പ് ആ കണ്ണുകള്‍ നിറഞ്ഞത്‌ ദേവന്‍ കണ്ടു....

ദീപ വളരുന്നതോടൊപ്പം ദേവനില്‍ സ്നേഹവും വളരുകയായിരുന്നു...
ആദ്യമൊക്കെ രാത്രി വളരെ വൈകി വീട്ടില്‍ എത്തിയിരുന്ന അയാള്‍, ഇപ്പോള്‍ ഓഫീസ് വിട്ടുടന്‍ നേരെ വീട്ടിലേക്കു....

അച്യുതന്‍ നമ്പ്യാര്‍ക്കും ഭാര്യക്കും ഇപ്പോഴും അത്ഭുതം..
"മോളെ, നീ എന്ത് മരുന്ന അവനു കൊടുത്തെ", അമ്മയുടെ ചോദ്യം...

അയാള്‍ അവളെ അറിയാന്‍ തുടങ്ങുകയായിരുന്നു....
ഒരു നാള്‍ രാത്രി....
"മാലതീ എന്നോട് ക്ഷമിക്കണം, ഞാന്‍......." ബാകി പറയുന്നതിന് മുമ്പ് അവള്‍ അയാളുടെ വായ പൊത്തി...
"ഞാനല്ലേ ക്ഷമ ചോദിക്കേണ്ടേ, അര്‍ഹിക്കതിടതല്ലേ ഞാന്‍ കേറി വന്നത്?"
അവള്‍ കാണാതെ അയാള്‍ തന്റെ കണ്ണുകള്‍ തുടച്ചു...
അവര്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു...


"നീ അവിടെ എന്തെടുക്വാ, അപ്പറത്ത് തിരക്കുന്നു"...
മാലതിയെ നോക്കി വന്ന ദീപയുടെ അച്ഛന്‍ പറഞ്ഞു....

അപ്പോഴും തൊടിയില്‍ അവര്‍ രണ്ടു പേരും സംസാരിചു നില്‍ക്കുകയായിരുന്നു...

നിറഭേദങ്ങള്‍.. (LONG STORY )

"അച്ഛാ, വേഗം നടക്കൂ, പത്തു മണി ആവാറായി, ഇന്റര്‍വ്യൂ തുടങ്ങി ക്കാണും". കോളേജിന്റെ ഗേറ്റ് കടന്നതും അനൂപിന് ധൃതിയായി...
"നീ വേഗം നടന്നോ മോനെ, ഞാന്‍ പതിയെ എത്തിക്കോളാം, വേഗം നടക്കാന്‍ പറ്റണില്ല" ..ഒരു കൈ നടുവിന് ഊന്നിക്കൊണ്ട് കൃഷ്ണന്‍ നായര്‍ പറഞ്ഞു...

ഇന്നാണ് അനൂപിന്റെ ഡിഗ്രി ആദ്യവര്‍ഷപ്രവേശനത്തിനുള്ള അഭിമുഖം..
ധൃതിയില്‍ പ്രിന്സിപ്പലിന്റെ ഓഫിസ്‌ ലക്ഷ്യമാക്കി നടക്കുമ്പോള്‍, കുറച്ചു മുന്നിലായി ഒരു കാര്‍ പെട്ടെന്ന് വന്നുനിന്നു , അതില്‍ നിന്നും ഒരു പെണ്‍കുട്ടിയും ഒരു മധ്യവയസ്കയും ഇറങ്ങി മുന്നോട്ട് നടക്കാന്‍ തുടങ്ങി. നടത്തത്തിനിടയില്‍ അവളുടെ കയ്യില്‍ നിന്നും ഒരു കവര്‍ താഴെ വീണത്‌ രണ്ടു പേരും ശ്രദ്ധിച്ചില്ല...
"എക്സുസ് മി, നിങ്ങടെ കവര്‍, താഴെ വീണതാ"... പിറകില്‍ നിന്നും വന്ന അനുപ്‌ കവര്‍ എടുത്തു അവള്‍ക്ക് കൊടുത്തു.
"താങ്ക് യു വെരി മാച്ച്" ഒരു ചിരിയോടെ അവള്‍ നന്ദി പറഞ്ഞു നടന്നകന്നു ..

പ്രിന്‍സിപ്പലിന്റെ മുറിക്കു വെളിയിലായി കുറെ കുട്ടികളും രക്ഷിത്താക്കളും അക്ഷമരായി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു...

"അനുപ്‌ കെ " വാതില്‍ തുറന്നു ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..

"അച്ഛാ, വേഗം വാ, പേര് വിളിച്ചു" ..അവര്‍ വാതിലിനടുത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍, നേരത്തെ കണ്ട ആ പെണ്‍കുട്ടിയും സ്ത്രീയും പുറത്തേക്കു ഇറങ്ങുകയായിരുന്നു...അവനെ കണ്ടതും ആ പെണ്‍കുട്ടി ഒന്ന് മന്ദഹസിച്ചു...
"ഇന്റര്‍വ്യൂവിനു വന്നതാ, അല്ലെ" അവള്‍ മെല്ലെ മൊഴിഞ്ഞു...
"അതെ", ഇത്രയും പറഞ്ഞു അവര്‍ അകത്തേക്ക് കയറിപ്പോയി....


"മോനെ, ബസ്സിലൊക്കെ കേറുമ്പം ശ്രദ്ധിച്ചു പോണം, പിന്നെ അടങ്ങിയും ഒതുങ്ങിയും ക്ലാസ്സില്‍ ഇരിക്കണം, വേണ്ടാത്ത പ്രശ്നങ്ങള്‍ക്കൊന്നും പോവരുത്...കോളേജില്‍ ക്ലാസ്സ്‌ തുടങ്ങിയ ദിവസം അമ്മയുടെ വക ഉപദേശങ്ങളുടെ കൂമ്പാരം...

അമ്മ അങ്ങനെയാ, ഭയങ്കര ടെന്ഷനാ അവര്‍ക്ക്...
"ഇല്ലമ്മേ, ഞാന്‍ നല്ല കുട്ടിയായി ഇരിക്കും"...

യാത്ര പറഞ്ഞിറങ്ങുമ്പോള്‍, കൃഷ്ണന്‍ നായര്‍ ഒരു നൂറുരൂപ നോട്ടെടുത്ത് അവനു കൊടുത്തുകൊണ്ട് പറഞ്ഞു..
"ആവശ്യത്തിനു ചിലവാക്കുക, ഇവിടത്തെ സ്ഥിതി അറിയാലോ" ...ആ വാക്കുകളിലെ വലിയ അര്‍ഥം മനസ്സിലാകി, അവന്‍ തല കുലുക്കി...

കോളേജില്‍ എത്തുമ്പോഴേക്കും ഒമ്പത്മണിയാവാറായിരുന്നു..
ആരോടൊക്കെയോ, ചോദിചു ഫസ്റ്റ്ഇയര്‍ ബയോകെമിസ്ട്രി ക്ലാസ്‌റൂം കണ്ടുപിടിച്ചു, പെട്ടെന്ന് കേറി കിട്ടിയ ബെഞ്ചില്‍ ഇരുന്നു...
"ഹലോ, ഞാന്‍ സുരേഷ്, വീട് ശ്രീമംഗലം..." തൊട്ടടുത്തിരുന്ന കുട്ടി സ്വയം പരിചയപ്പെടുത്തി..
"ഹലോ, അനൂപ്‌, വീട് ചെമ്പതോട്ട്"..
അല്പം കഴിഞ്ഞപ്പോള്‍ ഒരു മാഷ്‌ വന്നു ഓരോരുത്തരുടെ പേര് വിളിക്കാന്‍ തുടങ്ങി....എല്ലാരും ഉണ്ടോ എന്നറിയാന്‍ ആയിരിക്കണം...
മാഷ്‌ പോയതിനു ശേഷം, അനൂപ്‌ ക്ലാസ്‌ ആകെ ഒന്ന് വീക്ഷിച്ചു....
ക്ലാസ്സിന്റെ വലത്തേയറ്റത്തുള്ള ബെഞ്ചില്‍ അതാ, അന്ന് കണ്ട ആ പെണ്‍കുട്ടി...

ഇന്റര്‍വെല്‍ ആയപ്പോള്‍ അവന്‍ സുരേഷിനോപ്പം ക്ലാസിനു വെളിയില്‍ ഇറങ്ങി...പരസ്പരം ഓരോന്ന് സംസാരിച്ചുനില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി അടുത്ത് വന്നു പറഞ്ഞു....
"അന്ന് അധികം സംസാരിക്കാന്‍ പറ്റിയില്ല, ട്ടോ"

"ഓക്കേ, അനുപ്‌ നിങ്ങള്‍ വര്‍ത്താനം പറയൂ, ഞാന്‍ അവിടെയുണ്ട്....
ഞങ്ങള്‍ നേരത്തെ പരിചയക്കാര്‍ ആണെനു കരുതി സുരേഷ് ഒഴിവായി...

"അത് സാരമില്ല, ഞാന്‍ അനൂപ്‌, ചെമ്പതോട്ടു ആണ് വീട്"
"ഞാന്‍ ശ്രീകല, ഇവിടെ സിറ്റിയില്‍ ആണ് വീട്, അച്ഛനെ അറിയുമായിരിക്കും, ഡോക്ടര്‍ വീണാധരന്‍, ഓര്‍ത്തോ സ്പെഷ്യലിസ്റ്റ്‌"
"ഓഹോ, അവരുടെ മോളാണോ, അവരെ ഞാന്‍ അറിയും"
ഇന്റര്‍വെല്‍ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും ക്ലാസ്സില്‍ കയറി....

പഠനത്തില്‍ അനുപ്‌ മിടുക്കനായിരുന്നു..
പ്ലസ്‌ ടു വിനു തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു...എന്ട്രന്സിനു പോകാന്‍ എല്ലാരും നിര്‍ബന്ധിച്ചു...പക്ഷെ അവനറിയാമായിരുന്നു, എന്‍ട്രന്‍സ്‌ പാസ്സായാലും ഉള്ള അവസ്ഥ, അതുകൊണ്ട് അവന്‍ എഴുതിയതേ ഇല്ല...
കൂലി പണിക്കാരനായ അച്ഛന്റെ മകനാ, "ഡോക്ടര്‍" ഒരു സ്വപ്നം മാത്രം...
"ഞാന്‍ വേറെ നല്ല ഒരു ജോലി നേടും" അഭ്യുദയകാംഷികളോട് അവന്‍ എപ്പോളും പറയും...അങ്ങനെയാണ് ബയോ കെമിസ്ട്രി എടുത്തത്‌...

ക്ലാസ്സ്‌ ടെസ്റ്റുകളില്‍ എല്ലായ്പോഴും അനുപിനായിരുന്നു ഫസ്റ്റ്.
"നീ ഇതെങ്ങനെ ഒപ്പിക്കുന്നെട" സുരേഷിന്റെ സ്ഥിരം ചോദ്യമാണ്...
ഓരോ റിസള്‍ട്ട്‌ കഴിയുമ്പോഴും, ശ്രീകലയും വന്നു അഭിനന്ദിക്കും...
"കണ്ഗ്രാട്സ് അനുപ്‌, കീപ്‌ ഇറ്റ്‌ അപ്"...അവന്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കും....

"എങ്ങനുന്ടെടീ നിന്റെ പഠിതമൊക്കെ"
ഇടയ്ക്കു വീണുകിട്ടിയ ഒരു ഞായറാഴ്ച, വൈകുന്നേരത്തെ ചായ സമയത്ത് ശ്രീകലയുടെ അച്ഛന്‍ ചോദിച്ചു...
"കുഴപ്പമില്ല ഡാഡി"
"ഹൂ ഈസ്‌ ദി ടോപ്പെര്‍" ..ഡോക്ടര്‍ക്ക്‌ ആകാംഷ..
"ഒരു അനുപ്‌ ഡാഡി, ആള്‍വേയ്സ് അവന്‍ തന്നെ....സൊ ബ്രില്ലിയന്റ്റ്, അതും ഒരു നോര്‍മല്‍ ഫാമിലിയില്‍നിന്നുമാ"...അനുപിനെ കുറിച്ച് പറയാന്‍ അവള്‍ക്കു നാവുകള്‍ നൂറു....
"വേണമെന്ന് വിചാരിച്ചു പഠിക്കുന്നവര്‍ അങ്ങനെയാ."....കമ്മന്റ് വന്നത് അമ്മ മീനാക്ഷിയില്‍ നിന്ന്...
അവര്‍ കലക്ടരെട്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്...
"ഈ മമ്മി എപ്പോളും ഇങ്ങനെയാ, ഞാന്‍ വേണ്ടാന്നു വെച്ചാണോ പഠിക്കുന്നെ?
"ഓക്കേ ഓക്കേ , ചിണ്ങ്ങണ്ട" ...ഒറ്റ മോളുടെ പരിഭവം കാണാന്‍ ഡോക്ടര്‍ക്ക് തീരെ വയ്യ.....

ഒരു വെള്ളിയാഴ്ച്ച...
അന്ന് സുരേഷ് ക്ലാസ്സില്‍ വന്നില്ലായിരുന്നു...
ഉച്ചക്ക് ശേഷം രണ്ടു പിരിയഡ് കഴിഞ്ഞപ്പോള്‍, പിയുണ്‍ വന്നു.
" ഇനി ഇന്ന് ക്ലാസ്സ്‌ ഇല്ലെന്നു ഡിപ. ഹെഡ്‌ പറയാന്‍ പറഞ്ഞു"
എല്ലാരും ക്ലാസ്സ്‌ വിട്ടു വെളിയില്‍ ഇറങ്ങി...
"അനുപ്‌ നേരെ വീട്ടിലെക്കാണോ"? പിറകില്‍നിന്നും ശ്രീകല ഓടിയടുതുകൊണ്ട് ചോദിച്ചു..."പിന്നല്ലാതെ" ..അനുപ്‌ അത്ഭുതം കൂറി...
"ഇവിടെ അടുത്ത് നല്ലൊരു പാര്‍ക്ക്‌ ഉണ്ട്, നമുക്കവിടെ ഇത്തിരി നേരം പോയിരിക്കാം" അവള്‍ പതിയനെ പറഞ്ഞു...
"അയ്യോ, ഞാനില്ല...ഞാന്‍ വീട്ടിലേക്കാ".....അനുപ്‌
"വേഗം തരിച്ചു പോരാം, ഒരു അര മണിക്കൂര്‍.." അവളും വിട്ടില്ല..
കുറെ നേരത്തെ നിര്‍ബന്ധത്തിനു അനുപ്‌ വഴങ്ങി. അവര്‍ പാര്‍കിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറി..

"അനുപെന്താ എന്ട്രന്‍സ് എഴുതാതിരുന്നെ, ഉറപ്പായും കിട്ടുമായിരുന്നല്ലോ?.. പാര്‍ക്കില്‍ സംസാരിക്കുന്നതിനിടെ ശ്രീകല ചോദിച്ചു...
"കിട്ടിയാല്‍ മാത്രം മതിയോ, ശേഷം വേണ്ടതൊക്കെ താങ്ങാന്‍ ഞങ്ങള്‍ക്കാവില്ല..എന്റെ അച്ഛനമ്മമാര്‍ കൂലിപ്പണിക്കാരാ".....

പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല..
"അച്ഛന് ഇപ്പോള്‍ തന്നെ വയ്യാണ്ടായിരിക്കുന്നു....ഇടയ്കിടെ ചുമയും, പനിയും".. അവന്റെ വാക്കുകളില്‍ ആധിയായിരുന്നു...

"നമുക്ക് പോകാം, വൈകിയാല്‍ അമ്മ വെവലാതിപ്പെടും" അനുപ്‌ ധൃതിയാക്കി..
"ഓക്കേ, പോകാം"....അവര്‍ തിരിച്ചു യാത്രയായി...

അന്ന് രാത്രി ശ്രീകലയ്ക്ക് ഉറക്കം വന്നതേയില്ല....
ഓരോന്ന് ആലോചിച്ചുകൊണ്ട്‌ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു..
"പാവം അനുപ്‌, അവനൊരു നല്ല ഭാവിയുണ്ട്, പക്ഷെ......"

ഫസ്റ്റ് ഇയര്‍ ക്ലാസ്സ്‌ തീരാറായി... പിന്നെ കുറച്ചു സ്ടഡി ലീവ്‌...

"അനുപ്‌ , ടോപ്പര്‍ ആവണം ട്ടോ, ആള്‍ ദി ബെസ്റ്റ്"
ക്ലാസ്സിന്റെ അവസാന ദിവസം പിരിയുമ്പോള്‍ ശ്രീകല പറഞ്ഞു..

അപ്പോഴും ഒരു പാതി ചിരി അനുപിന്റെ മുഖത്ത്...

പരീക്ഷ കഴിഞ്ഞു....ഇനി അവധിക്കാലം...
എല്ലാ കുട്ടികളും ആഹ്ലാദതിമിര്‍പ്പിലാണ്...ഒരു മാസത്തേക്ക് ഇനി അവരുടെ കാലം...
പക്ഷെ ശ്രീകല മാത്രം വിഷാദയായി ബെഞ്ചില്‍ ഇരിക്കുകയാണ്...
സുരേഷും, അനൂപും അടുത്ത് വന്നതും അവള്‍ എഴുന്നേറ്റു...
"എന്ത് പറ്റി , സുഖമില്ലേ? അനുപ്‌ ചോദിച്ചു..
"ഏയ്‌ , ഒന്നുമില്ല", അവളുടെ സ്വരം ഇടറിയിരുന്നു..
"ഓക്കേ, എന്നാല്‍, ഇനി സെകണ്ട് യീറില്‍ കാണാം".. പരസ്പരം ബൈ പറഞ്ഞു അവര്‍ പിരിഞ്ഞു......
"സിടിയിലെങ്ങാനും വരുമ്പോള്‍, വീട്ടിലേക്കും വരണം ട്ടോ, നടത്ത ത്തിനിടയില്‍ ക്ഷണരൂപേണ അവള്‍ അനുപിനോട് പറഞ്ഞു...
"തീര്‍ച്ചയായും" .....

അവധിക്കാലതൊരുദിവസം ശ്രീകലയും അമ്മയും കൂടി ഷോപ്പിങ്ങിനു പോയതായിരുന്നു.. ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു കാറില്‍ കയറുമ്പോള്‍ ആണ് അവള്‍ അത് ശ്രദ്ധിച്ചത്...അനൂപും ഒരു സ്ത്രീയും കൂടി ഒരാളെ താങ്ങിപ്പിടിച് ഓടോയില്‍ കയറ്റുന്നു...
അവള്‍ ഓടി അവന്റെ അടുത്തേക്ക് ചെന്നു.
"ശ്രീ, വേര്‍ ആര്‍ യു ഗോയിംഗ്? പിറകില്‍ നിന്നും മമ്മി ഒച്ചയെടുത്തു..
"അനുപ്‌, എന്ത് പറ്റി?"

"അച്ഛന് പനി കലശലായി, ഇവടെ കാണിക്കാന്‍ വന്നതാ.."
"ഡോക്ടര്‍ എന്ത് പറഞ്ഞു" അവള്‍ക്കു ജിജ്ഞാസയായി..

അനുപ്‌ അമ്മയുടെ നേര്‍ക്ക്‌ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

രണ്ടാംവര്‍ഷത്തെ ക്ലാസ്സ്‌ തുടങ്ങി...
ആദ്യത്തെ മൂന്നു ദിവസം അനുപ്‌ ക്ലാസിനു വന്നു, പിന്നെ രണ്ടു ദിവസം വന്നില്ല...എന്തെകിലും ആവശ്യം കാണുമെന്നു ശ്രീകല ഊഹിച്ചു..
അടുത്ത ആഴ്ചയും ഇത് തുടര്‍ന്നപ്പോള്‍,അവള്‍ സുരേഷിനോട് ചോദിച്ചു..

"അനുപ്‌ എന്താ ക്ലാസ്സില്‍ വരാത്തെ"...ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവന്‍ എല്ലാം പറഞ്ഞു....

"അവന്റെ അച്ഛന് തീരെ വയ്യ, തീര്‍ത്തും റസ്റ്റ്‌ എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അമ്മ അച്ഛനെ നോക്കാന്‍ വീട്ടില്‍ തന്നെയാ, അത് കൊണ്ട് അവന്‍ ഇപ്പോള്‍ ഇടയ്ക്കു പണിക്കും പോന്നുണ്ട്"...

നിര്‍വികാരനായി സുരേഷ് ഇത്രയും പറഞ്ഞപ്പോഴേക്കും അവള്‍ തരിച്ചു പോയി.....

അടുത്തൊരു ദിവസം ക്ലാസ്സില്‍ അനുപിനെ കണ്ട ഉടനെ, ശ്രീകല ബാഗ്‌ തുറന്നു കുറച്ചു രൂപ എടുത്തു അവനു നേരെ നീട്ടി.

"എന്തായിത്"
"ഇത് വെച്ചോളൂ"..
"വേണ്ട ശ്രീകല, എനിക്ക് ജോലിക്ക് പോയി പൈസ കിട്ടാറുണ്ട്.."
"സഹായമല്ല, കടമായി വെച്ചൂടെ,പിന്നീട് തന്നാല്‍ മതി" ..അവള്‍ നിര്‍ബന്ധിച്ചു ..
"വേണ്ട, ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചോളാം"

ഏവരും പ്രതീക്ഷിച്ച പോലെ അനുപ്‌ തന്നെയായിരുന്നു ഫസ്റ്റ് ഇയര്‍ ടോപ്പര്‍ ....

ഹസ്തദാനങ്ങളുമായി കൂട്ടുകാര്‍ എതിയപോഴും അനുപ്‌ മറ്റേതോ ലോകത്തായിരുന്നു....

"ഡാഡി, അനുപ്‌ തന്നെയാ, ഇയര്‍ എന്ഡ് ടോപ്പര്‍", രാത്രി അച്ഛന്‍ വീട്ടില്‍ വന്നയുടന്‍ അവള്‍ അറിയിച്ചു.
"ഗുഡ്‌, ഓള്‍ ദി ബെസ്റ്റ് ഫോര്‍ ദാറ്റ്‌ യന്ഗ് മേന്‍".. ഡോക്ടര്‍ മറുപടി നല്‍കി..

"അവന്‍ ആരുടെയടുത്ത മോളെ ടുഷനൊക്കെ പോണത്?" അമ്മയുടെ സംശയം അതായിരുന്നു..
അവന്റെ വീട്ടിലെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ സ്ഥബ്ധി ചിരുന്നുപോയി....

"ഡാഡി , ഒരു റിക്വസ്റ്റ്, നമ്മുടെ മെഡിക്കല്‍ സ്റ്റോര്‍ സ്ടഫില്‍ അക്കൌന്ടന്റ്റ്‌ വേണം എന്ന് ഡാഡി അന്ന് പറഞ്ഞിരുന്നില്ലേ, അനുപിനെ പാര്‍ട്ട്‌ ടൈം ആയി അപ്പോയിന്റ് ചെയ്തൂടെ, അവര്‍ക്ക് അത് ഒരു ഗ്രേറ്റ്‌ ഹെല്പ് ആവും, ഡാഡി"..വികാരാധീനയായി അവള്‍ പറഞ്ഞു...

"ഞാന്‍ നോക്കട്ടെ..."

"ശ്രീ പറഞ്ഞത് ആലോചിച്ചോ"
രാത്രി ഉറങ്ങാന്കിടക്കുമ്പോള്‍ മീനാക്ഷി ഡോക്ടറോട് ചോദിച്ചു..
"ഞാന്‍ മാനേജരോട് ചോദിച്ചു, ഒരു അക്കൌന്ടന്റ്റ്‌ എന്തായാലും വേണം, പാര്‍ട്ട് ടൈം മതിയോന്ന..."
"തത്കാലം മതി, പിന്നേ അവന്‍ ജോയിന്‍ ചെയ്‌താല്‍ നമുക്ക് രണ്ടാ കാര്യം. അവനൊരു എക്സ്ട്രാ ബ്രില്ലിയന്റ്റ് പയ്യനാ, അവന്‍ വിചാരിച്ചാല്‍, ശ്രീയെക്കൂടി ഇമ്പ്രുവ് ചെയ്യിക്കാന്‍ പറ്റില്ലേ?"
"ഓ, അത് ശരിയാ,ഞാന്‍ അതോര്‍ത്തെ ഇല്ല, നാളെത്തന്നെ ഞാന്‍ മാനേജരെ വിളിച്ചു പറയാം"

"ശ്രീമോളെ, അനുപിനോട് പറഞ്ഞെക്, നെക്സ്റ്റ് മണ്ടേ അവനു ജോയിന്‍ ചെയ്യാം എന്ന്, ഓക്കേ.." രാവിലെ പുറപ്പെടുന്നതിനു മുമ്പ് ഡോക്ടര്‍ പറഞ്ഞു.

"താങ്ക് യു വെരി മാച്ച് ഡാഡി" അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി...

ശ്രീകല അന്ന് വളരെ ഉല്ലാസവതിയായിരുന്നു...
ഇത്തിരി നേരത്തെ ക്ലാസ്സില്‍ എത്തി, അനുപിനെ കാത്തിരുപ്പായി...
അങ്ങ് ദൂരെ അവന്റെ തലവെട്ടം കണ്ടതും അവള്‍ ഓടി അടുത്ത് ചെന്നു...

"കണ്ഗ്രാച്ചുലെഷന്‍സ് , അടുത്താഴ്ച മുതല്‍, അനുപ്‌ ഒരു അക്കൌന്ടന്റ്റ്‌ ആണ്" അനുപിന്റെ കൈ ബലമായി പിടിച്ചു കുലുക്കിക്കൊണ്ട് അവള്‍ പറഞ്ഞു...

അനുപിനു ഒന്നും മനസ്സിലായില്ല , അവന്‍ അവളെ അന്ധാളിച്ചു നോക്കി....
"ഞാന്‍ എല്ലാം പറയാം, വരൂ" അവര്‍ ക്ലാസ്സിലേക്ക് നടന്നു..
കഥയൊക്കെ കേട്ടപ്പോള്‍ അനുപ്‌ പറഞ്ഞു, "വേണ്ടാരുന്നു, ശ്രീകല"
"എന്തെ, ഞാന്‍ ശരിയാക്കിയത് കൊണ്ടാണോ?"
"ഏയ്‌, അതല്ല, "

"ഏതു അല്ലയുമില്ല, സൊ, നെക്സ്റ്റ് മണ്ടേ അനുപ്‌ ജോയിന്‍ ചെയ്യുന്നു..

വീട്ടിലെത്തി അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷമായി...
"ആ പെണ്‍കുട്ടിയെ ദൈവം അനുഗ്രഹിക്കും" ...അമ്മ കരച്ചിലിന്റെ വക്കത്തെത്തി...

"അമ്മെ, ചിലപ്പോള്‍, രാത്രി അവിടെ തങ്ങേണ്ടി വരും, അന്നന്നത്തെ കണക്കു തീര്‍ക്കണം, എന്നാണ് ശ്രീകല പറഞ്ഞത്"..
സാരമില്ല മോനെ, അവരുടെ അടുത്തല്ലേ, പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാലോ"? അമ്മ സമാധാനപ്പെട്ടു...

"നിനക്ക് ജോലിയും പഠിത്തവും രണ്ടും കൂടി ആവുമോ മോനെ" അച്ഛന്റെ ആധി അതായിരുന്നു...
"അത് സാരമില്ലച്ചാ , പതിയനെ ശരിയാവും, അടുത്ത തിങ്കളാഴ്ച അവിടെ പോകണം"...

"ഭഗവാനെ, എന്റെ കുട്ട്യേ കാക്കണേ"....അമ്മയുടെ പ്രാര്‍ത്ഥന....

പറഞ്ഞ ദിവസം തന്നെ അനുപ്‌ അവിടെ ചെന്നു...
ഡോക്ടറും മാനേജരും അവിടെയുണ്ടായിരുന്നു...
"ഹെലോ അനുപ്‌" അവര്‍ അവനെ സ്വാഗതം ചെയ്തു..

പരസ്പരം പരിചയപ്പെട്ടതിനു ശേഷം ഡോക്ടര്‍ പറഞ്ഞു...
"ഞാന്‍ ഇറങ്ങുവാണ്, കാര്യങ്ങള്‍ ഒക്കെ മാനേജര്‍ പറഞ്ഞു തരും, ഓക്കേ "
ജോലിയുടെ എല്ലാ വശങ്ങളും പറഞ്ഞു കൊടുത്തതിനു ശേഷം മാനേജര്‍ പറഞ്ഞു, "പാര്‍ട്ട് ടൈം ആയതുകൊണ്ട് ചിലപ്പോള്‍ ഇവിടെ സ്റ്റേ ചെയ്യേണ്ടി വരും"..
"പറഞ്ഞിരുന്നു സര്‍.." ...

"മെഡിക്കല്‍ സ്റൊരിന്റെ പിറകില്‍ ഒരു ലിവിംഗ് റൂം ഉണ്ട്, എല്ലാ സൌകര്യങ്ങളും ഉണ്ട്. അവിടെ താമസിക്കാം, ഡോക്ടറുടെ വീട് ഇതേ കോമ്പൌണ്ടില്‍ ആണ്," ...

"ശരി സര്‍"
"അപ്പൊ നാളെ തൊട്ടു സ്ടാര്ട്ട് ചെയ്തോളൂ ട്ടോ, ഇപ്പൊ വീട്ടിലേക്കു പൊയ്ക്കോളൂ."
"ശരി സര്‍" അനുപ്‌ തല കുലുക്കി..

പിറ്റേന്ന്, രാത്രിയവിടെ താങ്ങാനുള്ള സന്നാഹത്തോടെ അനുപ്‌ അവിടെയെത്തി...

"വരൂ അനുപ്‌, ഐശ്വര്യത്തോടെ തുടങ്ങിക്കൊള്ളൂ"
മാനേജര്‍ അവന്റെ മേശ ചൂണ്ടി പറഞ്ഞു....
അച്ഛനമ്മമാരെയും, ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു അവന്‍ ആ കസേര തൊട്ട് വന്ദിച്ചു, പിന്നെ അതില്‍ ഇരുന്നു...
ഫയലുകളും, മറ്റും ഓരോന്നായി മറിച്ച്നോക്കി..

"അനുപ്‌, ആ പിസിയുടെ പാസ്‌വേര്‍ഡ്‌, ലോയല്ടി., ഓള്‍ സ്മാള്‍ലെറ്റര്‍
"ഓക്കേ സര്‍"

ആറു മണിക്ക് മാനേജര്‍ പോയി, അനുപ്‌ ഓരോ ജോലികളായി ചെയ്ത തീര്‍ത്തു കൊണ്ടിരുന്നു...

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അനുപ്‌ പോയി സ്റൊരിന്റെ വാതില്‍ തുറന്നു....

അവന്‍ അത്ഭുതപ്പെട്ടുപോയി ...
ഡോക്ടറും, ഭാര്യയും ശ്രീകലയും വെളിയില്‍ നില്‍ക്കുന്നു...

"എന്താ സര്‍" അവന്‍ വെപ്രാളത്തോടെ ചോദിച്ചു..
"ഹേയ് ഒന്നുമില്ല, വെറുതെ, അനുപ്‌ ഭക്ഷണം കഴിച്ചോ?"
"ഇല്ല സര്‍, കുറച്ചു കൂടി ജോലി ബാകിയുണ്ട്‌, അത് കഴിഞ്ഞു കുളിച്ചിട്ടു പോണം, ഹോട്ടെലില്‍.."
"ഇന്നത്തെ ശാപ്പാട്, എന്റെ വക, ഫസ്റ്റ് ഡേയ് അല്ലെ"..
"വേണ്ട സര്‍, ഞാന്‍ ഹോട്ടലില്‍ നിന്നു........."
"സാരമില്ലടോ, ഇവള്ക് എന്തോ ഡൌട്ട് ഉണ്ടെന്നും പറഞ്ഞു, അത് ക്ലിയര്‍ ചെയ്തു, ശാപ്പാടും കഴിച്ചു വേഗം വരാം, എന്താ" ഡോക്ടര്‍ വിട്ടില്ല...

"അപ്പൊ, സ്റ്റോര്‍ പൂട്ട്ക്കോ, എന്നിട്ട് വേഗം വാ", അവര്‍ നടന്നു കഴിഞ്ഞിരുന്നു....

ശ്രീകല കാത്തിരിക്കുകയായിരുന്നു, അവന്‍ വരുന്നതും നോക്കി...
അവനെ കണ്ടതും ഓടിപ്പോയി ഗേറ്റ് തുറന്നു..."വരൂ" അവള്‍ ക്ഷണിച്ചു...

"നീ നിന്റെ ഡൌട്ട് ക്ലിയര്‍ ചെയ്യൂ , അപ്പോളേക്കും ഞാന്‍ ഡിന്നര്‍ എടുത്തു വെക്കാം" അമ്മയുടെ ഓര്‍ഡര്‍ അടുക്കളയില്‍ നിന്ന്....

"അനുപ്‌, എനിക്ക് ഇന്നെടുത്ത ഒന്നും മനസ്സിലായില്ല ട്ടോ, ഒന്ന് പറഞ്ഞു തര്വോ?" അവള്‍ ഓരോന്നായി ചോദിച്ചു, അവന്‍ എല്ലാം വ്യക്തമാക്കിക്കൊടുത്തു...
അര മണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും അവള്‍ടെ അമ്മയെത്തി, "കഴിഞ്ഞോ"

"യെസ്, ഇനി ശാപ്പാട്, ഓക്കേ "
ഭക്ഷണവും കഴിച്ചു അവന്‍ തിരിച്ചു പോയി..

"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കണ്ട", ഡോക്ടര്‍ ഒര്മാപെടുത്തി..
"ശരി സര്‍"...

അനുപ്‌ സ്വന്തം വീട്ടല്‍ പോവാത്ത ദിവസങ്ങളില്‍ ഒക്കെ ആ പതിവ് തുടര്‍ന്നു...
ആഴ്ചകള്‍ മാസങ്ങളായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു...
ശ്രീകല ശരിക്കും പഠനത്തില്‍ മുന്നോട്ട് പോയി...
ക്ലാസ്സ്‌ ടെസ്റ്റുകളില്‍ അവള്‍ അനുപിന്റെ ഏകദേശം അടുത്ത് വരെയെത്താന്‍ തുടങ്ങി...
മറ്റു കുട്ടികള്‍ ആശ്ചര്യചകിതരായി...പക്ഷെ സത്യം പറയാന്‍ ശ്രീകലയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല...
ക്ലാസ്സില്‍ അനുപ്‌ ഒരു ഹീറോ ആവാന്‍ തുടങ്ങിയിരുന്നു..
പക്ഷെ, എല്ലാത്തിനും മേലെ, തന്റെ അച്ഛന്റെ രോഗാവസ്ഥ അവനെ അലട്ടിക്കൊണ്ടിരുന്നു...

സെകണ്ട് ഇയര്‍ പരീക്ഷ അടുത്തു..
"അനുപ്‌, ഞാന്‍ മാനേജരോട് പറഞ്ഞിട്ടുണ്ട്, നിന്റെ വര്‍ക്ക്‌ ലോഡ് കുറക്കാന്‍, എക്സാം തീരുന്നതുവരെ. നന്നായി പഠിക്കുക, ഓക്കേ, ഒപ്പം അവളെയും പഠിപ്പിക്കുക" ഡോക്ടര്‍ ഒരു ദിവസം അവനോടു പറഞ്ഞു..
"ശരി സര്‍" അവനു സന്തോഷമായി...

അങ്ങനെ പരീക്ഷയും കഴിഞ്ഞു...
രണ്ടാള്‍ക്കും നല്ല മാര്‍ക്ക് കിട്ടും എന്ന ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു...
അനുപിന്റെ അച്ഛന്റെ രോഗവും കുറേശെ ഭേദപ്പെടാന്‍ തുടങ്ങി..
അതുകൊണ്ട് അവനും ജോലിയില്‍ കൂടുതല്‍ ഉന്മേഷവാനായി...

തേര്‍ഡ് ഇയര്‍ ക്ലാസ്സ്‌ തുടങ്ങി...
സെക്കന്റ്‌ ഇയര്‍ റിസള്‍ട്ട്‌ വന്ന ദിവസം ഡോക്ടറുടെ വീട്ടില്‍ ടോട്ടല്‍ ഹാപ്പിയായിരുന്നു...

അനുപ്‌ ഫസ്റ്റ്, ശ്രീകല സെകണ്ട്....
മാഷന്‍മാര്ക്കൊക്കെ ഭയങ്കര അത്ഭുതമായി...

അഭിനന്ദന പ്രവാഹങ്ങള്‍ തലങ്ങും വിലങ്ങും ..
കൂടുതല്‍ കിട്ടിയത് ശ്രീകലക്ക് ആയിരുന്നു...
"ഗ്രേറ്റ്‌ വര്‍ക്ക്‌ ഡണ്‍" ഡിപ. ഹെഡ്‌ പറഞ്ഞു...

"സര്‍, ഫുള്‍ ക്രെഡിറ്റ്‌ അനുപിനാണ്"...അവളുടെ മറുപടി....

പിന്നെയും മാസങ്ങള്‍ കടന്നു പോയി..

"ഫൈനല്‍ ഇയര്‍ ആണ്, ഓര്‍മ്മ വേണം? ഡോക്ടറുടെ ഉപദേശം മിക്കവാറും എല്ലാ ദിവസങ്ങളിലും...
ക്ലാസ്സ്‌ ടെസ്റ്റുകള്‍ ഓരോന്നായി വന്നു...റിസള്‍ട്ട്‌ എല്ലാറ്റിലും പഴയത് തന്നെ...ഒന്ന് അനുപ്‌, രണ്ടു ശ്രീകല....
പലരുടെയും മനസ്സില്‍ ഈ വാര്‍ത്ത സന്തോഷം ഉളവാക്കിയെങ്കിലും, ഒരാള്‍ മാത്രം തെല്ലു വ്യാകുലപ്പെട്ടു...
ശ്രീകലയുടെ അമ്മ മീനാക്ഷി.....

"അനുപ്‌ ഇലെന്കില്‍ തന്റെ മകള്‍ ടോപ്പര്‍"
പല ചിന്തകളും ആ മനസ്സില്‍ തല പൊക്കി....

മാസങ്ങള്‍ വേഗത്തില്‍ കടന്നു പോയി...
പരീക്ഷ അടുക്കാറായി....
അനുപും ശ്രീകലയും പഠിത്തത്തിന്റെ തിരക്കിലാണ്...
ഇപ്പോഴും വായനയും, ഡിസ്കഷനും...
ഒരാഴ്ച മുമ്പ് പോയി ഹാള്‍ ടിക്കറ്റ്‌ വാങ്ങി വന്നു....

പരീക്ഷയുടെ തലേന്ന് രാവിലെ ശ്രീകലയുടെ നിലവിളി കേട്ടാണ്‌ ഡോക്ടറും ഭാര്യയും ഉണര്‍ന്നത്....
"മമ്മി, എന്റെ നെക്ലേസ്‌ കാണാന്‍ ഇല്ല, വൈകീട്ട് കുളിക്കുമ്പോള്‍ ഊരി മേശപ്പുറത്ത്‌ വെച്ചതാ, പിന്നെ ഇട്ടിട്ട്ല്ല....
"ഓ ഗോഡ്, ഏഴു പവന്റെ സാധനമാ" മീനാക്ഷി വേവലാതിപ്പെട്ടു....
എല്ലാരും കൂടി മുറി മുഴുവന്‍ നോക്കി....കണ്ടില്ല....
ഡോക്ടര്‍ പറഞ്ഞു, "സാരമില്ല മോളെ, നീ വെറുതെ ടെന്‍ഷന്‍ അടിക്കണ്ട..."
"സാരമില്ലെന്നോ, എന്നാലും എവിടെ പോയെന്ന് അറിയണമല്ലോ?", നിങ്ങള്‍ ആ അനുപിനെ ഇങ്ങു വിളിച്ചേ, എനിക്ക് അവനെ ചെറിയ സംശയം ഉണ്ട്...
"ഇല്ല മമ്മി , അവന്‍ അങ്ങനെ ചെയ്യില്ല, " അവള്‍ പറഞ്ഞു
"ശരിയാ, എനിക്കും അത് തോനുന്നില്ല" ഡോക്ടര്‍ ശ്രീകലയെ സപ്പോര്റ്റ് ചെയ്തു.
"അവനെ ഒന് ഇങ്ങോട്ട് വിളിക്ക്" മീനാക്ഷിയുടെ സ്വരം കനത്തു...

ഡോക്ടര്‍ പോയി അനുപിനെ വിളിച്ചു വന്നു..
"എന്താ ശ്രീകല, എന്ത് പറ്റി" അവനും വേവലാതിയായി...
"എന്റെ നെക്ലേസ്‌ കാണുന്നില്ല, ഇന്നലെ വൈകീട്ട് വരെ ഇവിടെ ഉണ്ടായിരുന്നു"
"ദൈവമേ," അവന്‍ ഉച്ചത്തില്‍ വിളിച്ചു പോയി...

"അനുപേ, അബദ്ധം പറ്റിയെങ്കില്‍ ഞങ്ങള്‍ ക്ഷമിക്കാം, എടുത്തെങ്കില്‍ അത് തിരികെ വെചെക്കൂ" പൊടുന്നനെ മീനാക്ഷി അവനോടു പറഞ്ഞു...
"ഇല്ല മാഡം, ഞാന്‍ അത ചെയ്യില്ല...."
"അങ്ങനെ അങ്ങ് വിശ്വസിക്കാന്‍ പറ്റുമോ?, നിന്റെ മുറിയോന്നു നോക്കട്ടെ" ഇതും പറഞ്ഞു അവര്‍ സ്റ്റോര്‍ റൂമിന്റെ പിറകില്‍ ലിവിംഗ് റൂമിലേക്ക്‌ നടന്നു... പിന്നാലെ, ബാകി എല്ലാവരും....

എല്ലായിടവും നോക്കുന്ന കൂട്ടത്തില്‍, നിലത്തു മൂലയ്ക്ക് കിടക്കുന്ന നെക്ലേസ്‌ മീനാക്ഷി കണ്ടു...അതെടുത്ത് ഉയര്തിക്കാടി അവര്‍ ആക്രോശിച്ചു..
"ഹമ്പട, അപ്പൊ ഇതായിരുന്നു പരിപാടി അല്ലെ?"
ഇല്ല ‍, ഞാന്‍ എടുത്തിട്ടില്ല, അവന്‍ കരയാന്‍ തുടങ്ങി...
"ഇപ്പ ശരിയാക്കാം, അവര്‍ ധൃതിയില്‍ മൊബൈലില്‍ എവിടെയോ വിളിച്ചു...
അനുപിന്റെ കരച്ചില്‍ ഉച്ചത്തിലായി...
ഡോക്ടറും ശ്രീകലയും എന്ത് ചെയ്യണം എന്നറിയാതെ നിന്ന് കുഴങ്ങി..

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ അവിടെയെത്തി, മീനാക്ഷിയെ വിഷ് ചെയ്തു...
"ഇവനാ കക്ഷി, സ്റ്റെഷനിലേക്ക് കൂട്ടിക്കോ, കംപ്ലൈന്റ്റ്‌ ഞാന്‍ പിന്നീട് ഫാക്സ് അയക്കാം" അവര്‍ വന്നയാളോട് പറഞ്ഞു
"ശരി മാഡം"
അനുപ്‌ ഡോക്ടറുടെ കാലു പിടിച്ചു കരയാന്‍ തുടങ്ങി, "സര്‍, ഞാന്‍ ഇത് ചെയ്തിട്ടില്ല, രക്ഷിക്കണം സര്‍"
"മീനു, വിട്ടേക്ക്, പോട്ടെ" അയാള്‍ ഭാര്യയോടു പറഞ്ഞു...
"വിടാനോ, ഇപ്പൊ വിട്ടാല്‍ അവന്‍ ഇതിലും വലുത് ചെയ്യും", ഇയാള്‍ പൊയ്ക്കോ...
വന്നയാള്‍ അവനെയും കൂട്ടി പോവാന്‍ ഒരുങ്ങി..
കരഞ്ഞു കൊണ്ട് അവന്‍ ശ്രീകലയെ അവസാനമായി നോകി
ദയനീയമായിരുന്നു ആ നോട്ടം...

അവര്‍ പോയ ഉടനെ, ശ്രീകല മുറിയില്‍ കയറി വാതിലടച്ചു...
അച്ഛനും അമ്മയും മാറി മാറി വിളിച്ചിട്ടും അവള്‍ വാതില്‍ തുറന്നില്ല...
"അത് കുറച്ചു കഴിഞ്ഞു ശരിയാവും, ഞാന്‍ ഒന്ന് പുറത്തു പോയി വരാം, " മീനാക്ഷി ഇത്രയും പറഞ്ഞു വെളിയിലേക്ക് പോയി...
"ശ്രീ മോളെ, വാതില്‍ തുറക്ക്‌, നമുക്ക് ശരിയാക്കാം "
അയാള്‍ ആവുന്നത്ര ശ്രമിച്ചു നോകി....
അവസാനം അവള്‍ തനിയെ വാതില്‍ തുറന്നു....
"ഡാഡി, എനിക്കുറപ്പാ, അവന്‍ ഇത് ചെയ്യില്ല...എന്തോ ചതിയുണ്ട് ഇതില്‍, അവനെ ഇന്ന് തന്നെ പുറത്തു കൊണ്ട് വനില്ലെന്കില്‍ ഞാന്‍ നാളെ എക്സാം എഴുതില്ല, ഉറപ്പാണ്, കൂടാതെ എന്നെ പിന്നെ ജീവനോടെ കാണുമെന്നും വിചാരിക്കണ്ട...", അവള്‍ എന്തോ ഉദ്ദേശിച്ചപോലെ പറഞ്ഞു...
ശ്രീ മോളെ, നമുക്ക് വേണ്ടത് ചെയ്യാം...
അയാള്‍ ഉടനെ മീനാക്ഷിയുടെ മൊബൈലില്‍ വിളിച്ചു....
"മീനു, നീ എവിടെയാ, കം ഫാസ്റ്റ്.."
പത്തു മിനിട്ടിനുള്ളില്‍ മീനാക്ഷി എത്തി...
"എത്രയും പെട്ടെന്ന് ആ കമ്പ്ലൈന്റ്റ്‌ പിന്‍ വലിക്കണം, തിരിച്ചൊന്നും എന്നോട് ചോദിക്കരുത്..."
ശ്രീകലയുടെ പ്രതികരണം അയാളെ ഭ്രാന്തനാക്കിയിരുന്നു ....

ഡോക്ടറും മീനാക്ഷിയും കൂടി ഉടന്‍ സ്റ്റെഷനിലേക്ക് പുറപ്പെട്ടു...
അവരെ കണ്ടതും ഇന്‍സ്പെക്ടര്‍ എഴുന്നേറ്റു, "എന്താ മാഡം"
"പിന്നെ ആ കമ്പ്ലൈന്റ്റ്‌ വിത്ത്‌ട്രാവ് ചെയ്യണം" അവര്‍ പറഞ്ഞു...
"ആര്‍ യു ഷുവര്‍?"
"എസ്"
"ഓക്കേ, പി സി , അവനെ പുറത്തിറക്കൂ" എസ് ഐ ഓര്‍ഡര്‍ ഇട്ടു...
പുറത്തിറങ്ങിയ അവനെ കരുവാളിച്ച മുഖം കണ്ടതും മീനാക്ഷിയുടെ നെഞ്ചിലൂടെ ആയിരം മിന്നള്‍ പിണരുകള്‍ പാഞ്ഞു...
അവന്‍ ദയനീയമായി അവരെ നോക്കി...
"വരൂ അനുപ്‌" ഡോക്ടര്‍ അവനെയും കൂട്ടി കാറിനടുത്തേക്ക് നടന്നു....
"സര്‍ എവിടെക്കാ,"
"വീട്ടിലേക്കു"....
"വേണ്ട സര്‍, എന്നെ ഇവടെ വിട്ടേക്ക്, ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം" അവന്‍ അപേക്ഷിച്ചു....
"അനുപ്‌ അവിടെ ശ്രീമോള്‍ നിന്നെക്കാണാന്‍ കാത്തിരിക്കുകയാ"
പിന്നെ അവനൊന്നും മിണ്ടിയില്ല....
കാര്‍ ഡോക്ടറുടെ വീട്ടില്‍ എത്തി..
ശ്രീകല ഗേറ്റില്‍ കാത്തിരിക്കയായിരുന്നു...
അനുപിനെ കണ്ടു അവള്‍ വിങ്ങിപ്പോയി
ഓടി ചെന്ന് അവള്‍ അവനെ കെട്ടിപ്പിടിച്ചു...
രണ്ടുപേരും കരയുകയായിരുന്നു...
ഡോക്ടറും ഭാര്യയും നിറ കണ്ണുകളുമായി അകത്തേക്ക് പോയി...
നിറങ്ങള്‍ ചാര്‍ത്തിയ സുഹൃത്ബന്ധം നീണാള്‍ വാഴട്ടെ എന്ന് മനസ്സില്‍ പ്രാര്ധിചുകൊണ്ട്.......
----------------------------------------END------------------------------------------

ദ്വയം....അല്ലെങ്കില്‍ ശൂന്യം....

ഏദന്‍തോട്ടത്തില്‍, ദൈവസ്രിഷ്ടിയില്‍...
ആദവും ഹവ്വയും പിറന്നു....
അവര്‍ക്ക് ജനിച്ചത്‌
തലമുറകള്‍ അനേകം....
എന്റെ അച്ഛനമ്മമാര്‍
അതിലൊരു കണ്ണിയല്ലേ?
എന്നിട്ടിന്നു ഞാന്‍ ആര്?

പിറവിയില്‍ പതിരായത്,
എന്റെ കുറ്റമോ?
വയറൊഴിഞ്ഞുടന്‍
തെരുവിലെറിന്ഞത്,
മാതൃധര്‍മമോ?

കൂട്ടത്തില്‍ "ഒരുവളായി"
കൂടെ കൂട്ടിയോര്‍...
"ബെടി" യായി, തന്നെ
ഒപ്പം നടത്തിയോര്‍ ..
അവരെനിക്ക് ദൈവം, എന്നെന്നും..

ആണിന്റെ കണ്‍കളില്‍,
കാമത്തിന്‍ കഴുകുകള്‍...
പെണ്ണിന്‍ മുഖതെന്നും,
അവന്ഞയുടെ നിഴലുകള്‍....
"ശുഭശകുന" മായ്‌ ഇടയില്‍ ഞാന്‍ .....

ആണിനും പെണ്ണിനും,
അവകാശവാദങ്ങള്‍
രണ്ടുംകെട്ട എനിക്കുണ്ടോ,
ജീവിക്കാന്‍ അവകാശം?
ചോദ്യമിത്, കര്‍ത്താവിനോട്......

Sunday, May 16, 2010

ഇതിഹാസത്തിലെ കറുത്ത മുത്ത്‌

നിങ്ങളോര്‍ക്കുന്നോ, ഇതിഹാസത്തിലെ
വിങ്ങലായ് മാറിയൊരു കറുത്ത മുത്തിനെ
കപടമാം രാജ തന്ത്രത്തിന്നിരയായി
കുപിതനായ് ശത്രു തന്‍ പാളയം മുന്നേറി
കര്‍ണ്ണന്റെ വേലിനെ നെഞ്ചാല്‍ തടുത്തൊരു
നിര്‍ഭാഗ്യവാനാം ഘടോല്‍കച്ചനെ.......

ഘോര വനങ്ങള്‍ പൂകിപോല്‍ പാണ്ഡവര്‍
കൌരവര്‍ക്കേകിയ വാക്ക് പാലിക്കുവാന്‍
രാക്ഷസ സോദരിയായ ഹിടുംബിയെ
രക്ഷിച്ചു ഭാര്യയായ് വേട്ടല്ലോ ഭീമനും
പുത്രനുണ്ടായി ഹിടുംബിയില്‍ ഭീമന്
പുത്ര ഗുണങ്ങള്‍ ഒത്ത ഘടോല്‍കജന്‍
വാനപ്രസ്ഥാന്തരം നട ചൊല്ലും താതനെ
മൌനമായ് വിട ചൊല്ലി ഘടോല്‍കച്ചനുമമ്മയും
താത, നിനക്കുക, മനസ്സില്‍ ഈ എന്നെ
കാതങ്ങള്‍ താണ്ടി ഞാനെത്തിടും വൈകാതെ

പോരിന്‍ ദിനങ്ങള്‍ കൊഴിഞ്ഞു പോയ് ഓരോന്നായ്
ചോരക്കളങ്ങലായ് മാറി അടര്‍ക്കളം
ദ്രോണരും ഭീഷമരും കര്‍ണന്‍ കൃപാചാര്യര്‍
അണി നിരക്കുന്നിതാ ദുര്യോധന പക്ഷം
സാരഥിയാം കൃഷ്ണനും പാന്ധവരഞ്ചും
വരിയായ് നിലയുറപ്പിച്ച് മറു പക്ഷവും

കര്‍ണന്റെ കയ്യിലിരിക്കുന്നു ശൈവ വേല്‍
അര്‍ജുന നെഞ്ചകം കുത്തി തുളക്കുവാന്‍
ഇക്കാര്യം ഓര്‍ത്തയാള്‍ സാരഥി മാത്രമേ
വെക്കം മെനഞ്ഞിതാ മറ്റൊരു തന്ത്രവും
വിളിക്കുക, ഭീമ,ഘടൊത്കജനെ അതിവേഗം
ആളിപ്പടരുക, കൌരവ സേന മേല്‍

വന്നു, ഘടോല്‍കജന്‍ അജ്നാനുവര്‍ത്തിയായ്
നിന്നിതാ താതന്നനുഗ്രഹം വാങ്ങുവാന്‍
കൌരവ സേനയെ നിഗ്രഹിചന്നവന്
പോര്‍ക്കളമാകെ നിറഞ്ഞു നിന്നു

മറ്റൊരു പോംവഴിയുമില്ല, ദുര്യോധനന്‍
ചുറ്റിലായി നിന്നൊരു കര്‍ണ്ണനോട് ചൊല്ലി
എയ്യുക, ശൈവ വേല്‍ ഘടോല്‍കജന് നേര്‍
വയ്യിനി സേന തന്‍ ചോര ചൊരിയുവാന്‍...
ഉള്ളില്‍ ചെറിയൊരു പുഞ്ചിരുയുമായി നിന്നു
കള്ളക്രിഷ്ണനാം സാരഥിയും

പോര്‍ക്കളം നടുവിലായി നെഞ്ച് തകര്‍ന്നിതാ
വീരനാം ഘടോല്‍കജന്‍ വീണു പിടയുന്നു

Monday, May 10, 2010

വൃദ്ധസദനം

കേഴുമനേകം ജീവനുകളുണ്ടിവിടെ
കേളികേട്ടുള്ളോരു വൃദ്ധ സദനത്തില്‍
പുറമേ, പുഞ്ചിരിയുമായി ഇവരിരിക്കുന്നു
പുകയുന്നൊരു നെഞ്ചക ക്കൂടുമായി
ഗതകാല സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തോര്‍ത്തു
ഗതി കേട്ട് ജീവിതം തള്ളി നീക്കുന്നിവര്‍.......

ഇവരുടെ ഭൂതകാലത്തിന്റെയോര്‍മ്മകള്‍
ഇവരെപ്പോള്‍ സുന്ദരമായിരുന്നു
വര്‍ത്തമാനത്തിന്റെ പുകയുന്ന യാമങ്ങള്‍
വേദനയായ് മാത്രം നീറിടുന്നു.....
ഭാവികാലത്തിന്റെ ഭീകര സ്വപ്‌നങ്ങള്‍
ഭീതിയോടിവരെന്നും കണ്ടിടുന്നു............

കൈവിട്ടുപോയവര്‍ മറ്റാരുമല്ല, തന്‍
കൈയ്യില്‍ പിടിചന്നു പിച്ച പഠിച്ചവര്‍ ....
ജീവന്റെ കണികയായ് പത്തു മാസം പേറി
ജീവന്റെ ജീവനായ് നൊന്തുപ്രസവിച്ചവര്‍ ...
യാന്ത്രികജീവിത യാത്രക്കിടയിലൊരു
യാത്രാമൊഴിപോലും ചൊല്ലിടാതെ........

അവരറിയുന്നുവോ , ജീവിതപന്ധാവില്‍
അവര്‍ക്കായൊരു സദനം കാത്തിരിക്കും..........

ഭ്രാന്തിയമ്മ

ഇവളെ അറിയുമോ?
ഈ ഭ്രാന്തിയെ...

ഇന്നലെയുടെ സൌന്ദര്യ തിലകമായി
യുവാക്കള് തന് ഹരമായി
അഴകാര്‍ന്നൊരു പൂമ്പാറ്റയായി
മലര്‍വാടി തോറും പാറി നടന്നവള്......

ക്ഷണികമാം കപട സ്നേഹത്തില് ,
അറിയാതെ കാലിടറി വീണ്
കാമുകനാല് വലിച്ചു എറിയപ്പെട്ട
സ്വജനങ്ങളാല് വെറുക്കപ്പെട്ട
കളങ്കമെന്തെ ന്നറിയാത്ത
പാവമൊരു ഭ്രാന്തിപെണ്ണ് .....

ഒരു ഭയാനക നിമിഷത്തിന് ആഘാതത്തില്
മനസ്സാം വീണയുടെ ശ്രുതി
തെറ്റിയതവള് അറിഞ്ഞില്ല
സ്നേഹകാപട്യത്തിന്‍റെ അങ്കുരം
തന്ഗര്ഭപാത്രത്തില് മുളച്ചതും ......

എപ്പോളോ , ഓര്‍മകള്‍ക്ക്
ചിറകു വെക്കുമ്പോള്
അവള്, പഴയ പൂമ്പാറ്റയായി
ജല്പനങ്ങള്‍ക്ക് മറുമൊഴിയായി കേട്ടത്
"ഇവള് ഒരു ഭ്രാന്തി"
എന്ന പ്രതിധ്വനി മാത്രം.....

മുഴു വയറും,
ഇടക്കൊരു പൊട്ടിച്ചിരിയുമായി
മഴയിലും, മഞ്ഞിലും
പൊരി വെയിലിലും അവള് നടന്നു,
ഒന്നും അറിയാതെ
ഒരു കറുത്ത കളങ്കവുമായി

ഇന്നവള് , ഒരമ്മയാണ്
ഇന്നിന്‍റെ , പ്രതിബിംബമായ ഒരമ്മ
പാതി മറച്ച മുല നുകരുന്ന
പിഞ്ചു കുഞ്ഞു തന്റെതാണെന്ന് അറിയാതെ
എവിടെയോ കണ്ണും നട്ടിരിക്കുന്ന
ഏകാകിനിയാം ഒരു ഭ്രാന്തിയമ്മ..........................

സായം സന്ധ്യ കരയുന്നു

വീണ്ടും ഒരു സായംസന്ധ്യ..
വശ്യമായ മനോഹാരിതയോടെ
അവള്‍ വീണ്ടും വന്നു....
മനംമയക്കുന്ന മന്ദമാരുതന്‍
ഒരു കൂട്ടിനായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നു
രാത്രിതന്‍ നെറ്റിയിലെ സിന്ധൂരമീ സന്ധ്യ
ഇവളത്രേ കവികളുടെ ഇഷ്ടതോഴി
ഇവളുടെ നൈര്‍മല്യം
പകലിനെ പുളകമണിയിക്കുന്നു
ഇവളുടെ സ്നേഹം അണപൊട്ടിയൊഴുകുന്നു...

കൂടപ്പിറപ്പാം പകലിനെ
കൈവീശി യാത്രയാക്കുംബോളും
സോദരിയാം രാത്രിയെ
വരവേറ്റിടുമ്പൊളും
അവളുടെ ഉള്ളം വിങ്ങലായിരുന്നു...
ഏതോ , ദുസ്വപ്നതിലെന്ന പോലെ
അവളുടെ ചുണ്ടുകള്‍
പുഞ്ചിരിക്കാന്‍ പാട്പെടുന്നോ?
അവളുടെ കണ്‍കോണുകളില്‍
ഭീതിതന്‍ നിഴല്‍ പടരുന്നോ?
എന്തിനീ സുന്ദരി വിതുംബിടുന്നു
ദുഃഖങ്ങള്‍ എല്ലാം ഉള്ളില്‍ ഒതുക്കി...

പകലിന്‍റെ സ്പന്ദനങ്ങള്‍
അവള്‍ക്കിഷ്ടമായിരുന്നു...
പക്ഷെ, രാത്രി തന്‍ വൈകിയ യാമങ്ങളില്‍
മാന്യരുടെ മുഖം മൂടി വലിച്ചെറിയുന്ന
ആത്മാക്കള് ഉണ്ടെന്നു അവള്‍ അറിഞ്ഞു..
പാവം , രാത്രിക്ക്, സ്തബ്ധയായി
അത് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ
നാലണക്കാശിനു നാരിതന്‍ അഭിമാനം
നാണക്കേടില്ലാതെ അവര്‍ വിലക്ക് വാങ്ങി..
വിശക്കുന്ന വയറിന്‍റെ വിളി കേള്‍ക്കാന്‍
കരയുന്ന കുഞ്ഞിന്‍റെ കരച്ചില്‍ അടക്കാന്‍
അത്മഭിമാനങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു......

സോദരിയുടെ ഗദ്ഗദങ്ങള്‍ അവളുടെ ഉള്ളില്‍
ഇടി മുഴക്കങ്ങളായി മാറ്റൊലി കൊണ്ടു
വരാനിരിക്കുന്ന രാത്രിയെ ഓര്‍ത്തപ്പോള്‍
രണ്ടു കണ്ണീര്‍ ചാലുകള്‍ താഴോട്ട് പതിച്ചു................

നുറുങ്ങു കഥകള്‍ - ആറ്

കൃഷ്ണമണി

"എത്ര നാളായി സത്യേട്ടാ, ഞാന്‍ പറയുന്നു, നമുക്കൊരു കുഞ്ഞിനെ ദത്തെ ടുക്കാമെന്നു, സത്യേട്ടനെന്താ, ഇഷ്ട്ടല്ലേ"? തെല്ലു പരിഭവത്തോടെ മായ ചോദിച്ചു..
"അതല്ല, മായേ, അത് ശരിയാവില്ല"....സത്യന്റെ അലസമായി മറുപടി.
"എന്താ ശരിയാവാതെ, നമുക്ക് അവനെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്താം" വികാരാധീനയായി മായ...
"അവന്‍ വന്നതിനു ശേഷം, നമുക്കൊരു കുഞ്ഞുണ്ടായാല്‍, പിന്നെ കൃഷ്ണമണിക്ക് പകരം കണ്ണിലെ കരടാവില്ലെന്നുറപ്പുണ്ടോ" ?
സത്യന്റെ ആ ഒരു ചോദ്യം അനേകശതം ചോദ്യ ശരങളായി മായയുടെ ഉള്ളില്‍ ആഞ്ഞു തറക്കുകയായിരുന്നു ...


ലക്കി വിന്നര്‍....


"ഹലോ" ......പ്രൈവറ്റ്‌ നമ്പരില്‍ നിന്നും വന്ന കാള്‍ എടുത്തു മിനി പറഞ്ഞു.
"ഹെലോ മാഡം, ഇത് ഡായമണ്ട് ബാങ്കില്‍ നിന്നും സുരേഷ് ആണ്"
മറുതലക്ക്, ഒരു ഗാംഭീര്യം നിറഞ്ഞ സ്വരം... "യെസ്, എന്ത് വേണം" മിനി ചോദിച്ചു...."മാഡം, നിങ്ങളുടെ നമ്പര്‍ ഞങ്ങളുടെ ബേങ്കിന്റെ നറുക്കെടുപ്പില്‍ ലക്കി വിന്നര്‍ ആയിരിക്കുന്നു, നിങ്ങള്‍ക്ക്....
"റിയലി, ഓ ഗോഡ്, താങ്ക് യു." അയാളെ മുഴുമിപ്പിക്കാന്‍ വിടാതെ, മിനി ഇടക്കിട്ടു കേറി .......കുറെനേരത്തെ സംഭാഷണതിനോടുവില്‍ മിനി പറഞ്ഞു, "ഓ കെ സുരേഷ്, ഈവനിംഗ് ഒരു ആറു മണിക്ക് വിളിക്കൂ"
"ഓ കെ"......വൈകീട്ട് വെട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നു..."സുരെട്ട, നിങ്ങള്‍ക്കൊരു സര്‍പ്രൈസ് ഉണ്ട്"
"അതെന്താ" അയാള്‍ ചോദിച്ചു...."ഇപ്പോള്‍ കാണിക്കാം" ..അപ്പോഴേക്കും ആറുമണിയായിരുന്നു..
മിനി യുടെ ഫോണിലേക്ക് സുരേഷിന്റെ കാള്‍....പരസ്പരം ഒന്നും അറിയാതെ, അവള്‍ ഫോണ്‍ എടുത്തു...."ഹെലോ".....
മിനി പുതിയ ഫോണ്‍ കന്നക്ഷന്‍ എടുത്തത്‌ സുരേഷിന് അറിയില്ലായിരുന്നു...


മുഖഛായ


മനുഷ്യര്‍ക്ക്‌ ഇത്രയും മുഖസാദൃശ്യമോ? അനില്‍ അത്ഭുതപ്പെട്ടു..
തന്റെ അമ്മയുടെ അതെ മുഖഛായയുള്ള ഒരു പെണ്കുട്ടിയതാ ,ആ കൂട്ടത്തില്‍ നില്‍ക്കുന്നു..അവനു കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല..
ഓര്‍ഫനെജിലെ ഒരു പരിപാടിയുടെ കവറെജിന് പോയതാണ്, ഫോടോ ഗ്രാഫരായ അനില്‍....
"അമ്മെ" വീട്ടില്‍ കയറുന്നതിനു മുമ്പേ, മുറ്റത്തുനിന്ന് തന്നെ അവന്‍ നീട്ടി വിളിച്ചു. "അമ്മയുടെ അതെ മുഖമുള്ള ഒരു പെണ്‍കുട്ടിയെ ഞാനിന്നു കണ്ടു..
'എവിടെ" അനില്‍ മുഴുമിപ്പിക്കുന്നതിന് മുമ്പ് അമ്മ ചോദിച്ചു...
"പട്ടണത്തിലെ, ഓര്‍ഫനെജില്‍"
തന്റെ മറുപടി കേട്ടതും, പ്രസന്നമായ ആ മുഖം വിവര്‍ണ്ണമായത് അനില്‍ കണ്ടു......

പാഴ്ജന്മം

എനിക്കറിയാം
എന്‍റെതു ഒരു പാഴ്ജന്മം ആണെന്ന്..
പൂവായി പിറന്നെങ്കിലും, ഞാന്‍
ഏവരും നോക്കാല്‍ വെറുക്കുന്ന
ശവം നാറി പൂവാണെന്ന്...

മുജ്ജന്മ പാപമോ, പിതൃക്കള്‍ തന്‍ ശാപമോ
ഇന്നും എനിക്കറിയില്ല
എങ്കിലും ജീവിക്കുന്നു..

പൂത്തു നില്‍ക്കും മലര്‍വാടികളില്‍
ദേവതമാരുടെ പൂതാലങ്ങളില്‍
പൊന്നോണ പൂക്കളങ്ങളില്‍
സുന്ദരിമാരുടെ കേശാഗ്രങ്ങളില്‍
കൂടപ്പിറപ്പുകള്‍ ഇടം പിടിക്കുമ്പോള്‍.......

വിങ്ങും മനസ്സുമായി
ഏകാകിനിയായി...
കാത്തിരിക്കുന്നു ഞാന്‍
ഒരു ശാപ മോക്ഷത്തിനായി
ഈ പാഴ്ജന്മത്തില്‍ നിന്നും
ഒരു മോചനത്തിനായി....

നുറുങ്ങു കഥകള്‍ - 5

കിട്ടെണ്ടത്‌ കിട്ടിയാല്‍.....



കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന മോനായിയോടു ഫാദര്‍ പറഞ്ഞു...
"എന്തിനാ കുഞ്ഞേ, എപ്പോളും ഇങ്ങനെ കുടിച്ചിട്ട്, ഭാര്യയെ തല്ലുന്നത്"?
"അച്ചോ, പറ്റിപോവുന്നതാ, കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു ലക്കും ലഗാനും കിട്ടുന്നില്ല"
അച്ഛന്‍ പറഞ്ഞു, "നോക്ക്, ഇനി കുഞ്ഞു കുടിച്ചു പ്രശ്നം ഒന്നും ഉണ്ടാക്കരുത്, നന്നായി ജീവിക്കണം"
"ശരി അച്ചോ"
വൈകീട്ട്, കുടിക്കാതെ, തികച്ചും ശാന്തനായി മോനായി വീട്ടിലെത്തി....
ഭാര്യക്കതു വിശ്വസിക്കാനായില്ല. അവള്‍ മനസ്സില്‍ പറഞ്ഞു,
"ഇന്ന് സൂര്യന്‍ എങ്ങാ ഉദിച്ചേ ?....
"ഹോ, എന്തൊരു നാറ്റം, ഇന്ന് നാടന്‍ ആണോ അടിച്ചത്?
"ഇല്ലെടി, ഞാന്‍ നന്നായി, ഇന്ന് കുടിച്ചിട്ടില്ല"
"അതിനു ഒരു ജന്മം കൂടി ഇയ്യാള്‍ ജനിക്കണം" അവള്‍ ആക്രോശിച്ചു.
എന്നിട്ടും മോനായി മറുതൊന്നും പറഞ്ഞില്ല
ഭക്ഷണം കഴികുമ്പോഴും, പലതും പറഞ്ഞു മോനായിയെ ശുണ്ടി പിടിപ്പിക്കാന്‍ നോക്കിയെങ്കിലും , അയാള്‍ ശാന്തനായി തന്നെ ഇരുന്നു...
രാത്രി ഏറെ വൈകിയിട്ടും, കിടക്കയില്‍, ഉറങ്ങാതെ കിടക്കുന്ന ഭാര്യയോടു, മോനായി ചോദിച്ചു, "ഉറക്കം വരുന്നില്ലേ"
"കിട്ടേണ്ടത് കിട്ടിയാല്‍ ഉറങ്ങാമായിരുന്നു".....
ആദ്യം മോനായിക്ക് പിടി കിട്ടിയില്ല, കുറെ വട്ടം അവള്‍ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍ക്ക്‌ സംഗതി പിടി കിട്ടി. ചെകിട്ടത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തപ്പോള്‍, അവള്‍ക്കു സമാധാനമായി, പിന്നെ സന്തോഷത്തോടെ കിടന്നുറങ്ങി.....


ഇഷ്ടാനിഷ്ടങ്ങള്‍


ദാമ്പത്യം എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ച് വിമന്‍സ്‌ ക്ലബ്ബില്‍ ഉഗ്രന്‍ ചര്‍ച്ച നടക്കുകയാണ്....
പലരും പലതും വാ തോരാതെ പ്രസംഗിച്ചു.
പ്രസിഡണ്ട്‌ നിന കുറുപ്പ് അവസാനമായി എഴുന്നേറ്റു.
"ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍............."
മുഴുമിപ്പിക്കുന്നതിനു മുമ്പ് മൊബൈല്‍ ചിലച്ചു.
"സോറി, ഒരു മിന്റ്റെ "
ഹസ്ബന്റ് രാജു കുറുപ്പ്, "നിനാ, എന്‍റെ ടിഫിന്‍ ബോക്സില്‍ എന്താ വെറും ഉണക്ക ബ്രെഡും ജാമും മാത്രം"?
"ഓ, അതാ കാര്യം, വേലക്കാരി ജാനുവിനു പനി, ഞാന്‍ പിന്നെ ബിരിയാണി ഉണ്ടാക്കി തരണോ??
ഫോണ്‍ കട്ടാക്കി, നീന വീണ്ടം,
" നമ്മള്‍ എവിടെയാണ് നിര്‍ത്തിയത്"?


ഓണസദ്യ


ഓണത്തിന് ലീവ് കിട്ടാഞ്ഞതിനാല്‍ സദ്യ മൂന്നു നക്ഷത്ര ഹോട്ടെലില്‍ ആക്കി.
കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, ഗ്ലാസ്‌ ജനാലക്കു വെളിയില്‍ കുറെ തെരുവ് പിള്ളേര്‍ അകത്തേക്ക് നോക്കി ആര്‍ത്തിയോടെ നില്‍ക്കുന്നതു കണ്ടു.....
അയാള്‍ക്ക്‌, ആകെ ദേഷ്യം പിടിച്ചു.
"ഏ വെയിറ്റര്‍, ആ പിള്ളാരെ ഒന്ന് മാറ്റൂ..."
കുറച്ചു കഴിഞ്ഞപ്പോള്‍, പിള്ളാര്‍ വീണ്ടും വന്നു....
അയാള്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി....
ബില്‍ ക്ലിയര്‍ ചെയ്തു, കാറിന്നടുതെക്ക് നീങ്ങിയപ്പോള്‍, അയാള്‍ ഒരു കാഴ്ച കണ്ടു...
ഹോട്ടെലിലെ വേസ്റ്റ് ഇടുന്ന സ്ഥലത്ത്, എച്ചില്‍ ഇലക്കുവേണ്ടി അടിപിടി കൂടുന്ന ഒരുകൂട്ടം കുട്ടികള്‍.....

ജ്വലിക്കുന്ന നക്ഷത്രങ്ങള്‍.....

സിയാച്ചിന്‍ മഞ്ഞു മലകളില്‍
ഇന്നും, രക്ത തുള്ളികള്‍
കഥ പറയുന്നു...
അതി ശൈത്യത്തില്‍ ഉറഞ്ഞു കൂടാതെ,
പൊരുതി വീണ ധീരരുടെ
പോരാട്ടത്തിന്‍റെ വീര കഥകള്‍...

പിറന്ന മണ്ണ്, തന്‍ ചേതനയെക്കാള്‍
പതിന്‍ മടങ്ങ് മഹത്വമേന്നോതിയവര്‍
ജാരശക്തികളെ തന്‍ നെഞ്ചിലെ
ചോരപ്പുഴയില്‍ മുക്കി കൊന്നവര്‍
വെടിയേറ്റു വീണവസാനനിമിഷം വരെ
"വന്ദേ മാതരം" എന്നോതി
ദേഹം വേടിഞ്ഞവര്‍

ധീരരേ, നിങ്ങള്‍ അമരന്മാര്‍
ഞങ്ങടെയുള്ളില്‍, എന്നും
തിളങ്ങുന്ന നക്ഷത്രങ്ങളായ്
രക്തസാക്ഷികളെ, നിങ്ങള്‍ ജ്വലിക്കും......

നുറുങ്ങു കഥകള്‍ - നാല്

മാതൃക


"നിങ്ങളുടെ മകന്‍റെ വികൃതി കുറെ കൂടുന്നുണ്ട് ട്ടോ, കുറെ നാളായി ക്ഷമിക്കുന്നു. ഇന്നലത്തേത് ക്ഷമിക്കുന്നതിലും അപ്പുറമാണ്"
ഹെഡ് മാസ്റ്ററുടെ മുമ്പില്‍, രാജുവിന്റെ അച്ഛന്‍ വിയര്‍ത്തു.
"എന്താ സര്‍, ഇന്നലെ അവന്‍ എന്താ ചെയ്തേ"?
"ചോദ്യം ചോദിച്ചു ഉത്തരം കിട്ടാത്തതിന് ശകാരിച്ച ഇന്ദിര ടീച്ചറെ, അവന്‍ എന്താ വിളിച്ചത്‌ എന്നറിയ്യോ"?
"അതെന്താ, ആ ചീത്തയൊക്കെ എപ്പോഴും, അച്ഛന്‍ അമ്മയെ വിളിക്കുന്നതല്ലേ, ഇത്ര സീരിയസ്‌ എന്താ"?
വളരെ "കൂള്‍" ആയി രാജുവിന്റെ മറുപടി.......


മഴത്തുള്ളികള്‍....


പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട്, അയാള്‍ വിശാലമായ കിടപ്പുമുറിയിലെ കിംഗ്‌ സൈസ് ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു....
എപ്പോളോ, മയക്കം കണ്കളെ തലോടിയപ്പോള്‍,
അയാള്‍ ഒരു സ്വപ്നം കണ്ടു.....
തന്‍റെ കുട്ടിക്കാലം.
ചോര്‍ന്നൊലിക്കുന്ന കൂര, അതില്‍ അച്ഛനമ്മമാരും,കിടാങ്ങള്‍ നാല് പേരും...
മഴ ഒന്നമര്‍ത്തു പെയ്താല്‍ അകത്തു മഴത്തുള്ളികള്‍ കിന്നാരം പറയാന്‍ തുടങ്ങും.....
മലര്‍ന്നു കിടന്നാല്‍, കണ്ണിലും വായിലും വെള്ളം ഉറപ്പ്...
മണ്‍ചട്ടികളുമായി രാതി മുഴുവന്‍ ഉറക്കമൊഴിചിരിക്കുന്ന അമ്മ....

പെട്ടെന്ന്, മുഖത്ത് വെള്ളത്തുള്ളികള്‍ വീണപോള്‍, അയാള്‍ ഞെട്ടി എഴുന്നേറ്റു.....
കയ്യില്‍ ഒരു കുഞ്ഞു ഗ്ലാസില്‍ വെള്ളവുമായി കുസൃതി കളിക്കുന്ന തന്‍റെ മോള്......


ഓണക്കോടി


"അവനു ഇപ്പ്രാവശ്യവും ലീവ്‌ ഇല്ല, അല്ലെ മോനെ"
കൊച്ചു മോളുടെ കയ്യില്‍, വലിയൊരു പൊതി കൊടുത്തപ്പോള്‍ ശിവന്‍റെ അമ്മ മനുവിനോട് ചോദിച്ചു.....
"ശിവന്‍റെ കമ്പനിയില്‍ ആള് കുറവാ അമ്മെ, അതാ അവനു............."
മനുവിന്‍റെ പതിഞ്ഞ മറുപടി..
മനു ഇന്നലെയാണ് നാട്ടില്‍ എത്തിയത്, ഓണം ആഘോഷിക്കാന്‍....
കയ്യില്‍ കിട്ടിയ പൊതിയുമായി മുറിയിലെക്കോടിയ കിങ്ങിണി മോള്‍ അമ്മയോട് ചോദിച്ചു..
"മനു അങ്കിള്‍ ഇടയ്ക്കിടെ വരുന്നുണ്ടല്ലോ അമ്മെ, അച്ഛന്‍ മാത്രം എന്താ മൂന്നു കൊല്ലമായി എന്നെ കാണാന്‍ വരാത്തെ"
സാരിത്തലപ്പ് കൊണ്ട് വായും പൊത്തി പുറത്തെക്കോടിയ അമ്മയെക്കണ്ട്, കിങ്ങിണി മോള്‍ക്ക് ഒന്നും മനസ്സിലായില്ല........

കവിത - യൌവ്വനം

ഇതു കേരളത്തിന്റെ നേര്‍ക്കാഴ്ച, കാണുമ്പോള്‍
ഇടി വെട്ടിടുന്നിതെന്‍ നെഞ്ഞകത്തില്‍ ...
നാളെയുടെ വാഗ്ധാനമാവേണ്ട യൌവ്വനം,
നാലുകാലൂന്നി നടന്നിടുന്നു ....
ഉപദേശമുപചാരമാണവര്‍ക്കെന്നെന്നും
ഉരിയാടിടുന്നവര്‍ ശത്രുവത്രേ.....

പോക്കറ്റ്മണിയുമായ്‌, ക്ലാസ്സിനീറങ്ങുന്നു
പുത്തനാമൊരു ബൈകിന്‍മുകളിലേറി....
അമ്മയ്ക്ക് ബൈബൈ പറയുന്നകൂട്ടത്തില്‍
"അമ്മെ ഞാന്‍ ലേറ്റാവും" എന്ന ചൊല്ലും....

ക്ലാസ്സില്‍കയറുന്ന, ദിവസങ്ങള്‍ കുറവാണ്
കാണുന്നതെപ്പോഴും ബൈകില്‍ തന്നെ..
പാര്‍കിലും ബീച്ചിലും നക്ഷത്രബാറിലും
പാറിനടന്നിടുന്നെല്ലാവരും...

ഒന്നുമൊത്തില്ലെന്കിലൊരു ഫുള്ള് വാങ്ങുവാന്‍
ഒരുവനെ "സിവില്‍" ന്റെ ലയിനിലാക്കും
പതിനെട്ടു തികയാത്ത പൌരനെ "രക്ഷിക്കാന്‍"
പത്തുരൂപയ്ക്കാള്, ലയിനിലുണ്ട്..

കൂമ്പിയടയുന്ന കണ്ണുമായ്‌ ഏവരും
"ക്ലാസ്സ്‌" കഴിഞ്ഞു വെളിയിലേക്ക്......
മണ്ണിലുറക്കാത്ത കാലുമായ്‌ ഒരുവേള
മണ്ണിരപോലെയിഴഞ്ഞിടുന്നു......

ഇതു കേരളത്തിന്റെ നേര്‍ക്കാഴ്ച, കാണുമ്പോള്‍
ഇടി വെട്ടിടുന്നിതെന്‍ നെഞ്ഞകക്കൂടിലും...