Saturday, August 1, 2015

യാത്ര...

പണ്ടുതൊട്ടേയെന്റെ നാവിലെപ്പോഴും
വേണ്ടാത്തൊരു ചോദ്യം, "എന്തുകൊണ്ട്"
പള്ളിക്കൂടത്തിലെ മുന്‍ബെഞ്ചിലിരുന്ന്
തൊള്ള തുറന്ന് ചോദ്യശരങ്ങള്‍
സാറന്മാര്‍ക്കത് ദാഹനക്കേടാവാന്‍
ഏറെ ദിനങ്ങള്‍ വേണ്ടിവന്നില്ല..
ചറപറപ്പിള്ളേരുടെ തറവാട്ടുസ്വത്തായ
പിറകിലെ ബെഞ്ചില്‍ സ്ഥാനക്കയറ്റം...
 
വരികള്‍ വായിച്ചു പോന്നതിനെക്കാള്‍
വരികള്‍ക്കിടയിലാണെന്‍ കണ്ണുടക്കിയത്
ഉത്തരം കിട്ടാത്ത പലവിധ ചോദ്യങ്ങള്‍
ഒത്തിരിയവിടെല്ലാം കണ്ടെന്റെ കണ്ണുകള്‍
ബാല്യവും കൌമാരവും യൗവനവുമെല്ലാം
അലഞ്ഞത് ചോദ്യത്തിനുത്തരങ്ങള്‍ തേടി...

യാത്രകള്‍ പലതിലും കണ്ണുകള്‍ ചോദിച്ചു,
രാത്രിയാമങ്ങളില്‍ ശ്രവണേന്ദ്രിയങ്ങളും
സ്വപ്നാടനങ്ങളില്‍ മനസ്സും മന്ത്രിച്ചു
ജല്‍പ്പനങ്ങള്‍ പോലെ ചോദ്യശരങ്ങള്‍
എന്നു ലഭിക്കുമീ, ചോദ്യത്തിനുത്തരം
ഇന്നുമെന്‍ യാത്ര തുടരുന്നനസ്യൂതം.....

ചിത്രകാരന്‍....

എന്നിലെ ചിത്രകാരന്‍                                                                                         അതിസമര്‍ത്ഥനാണ്
അര്‍ധനിമിഷം മതി,                                                                                                                   ഒരു പൂര്‍ണചിത്രം വരയ്ക്കാന്‍..

ചുറ്റുമൊന്നു കണ്ണോടിച്ച്,                                                                                       ധവളത്തില്‍ ശ്യാമവര്‍ണ്ണത്താല്‍                                                                                               അന്യന്‍റെ മുഴുകായച്ചിത്രങ്ങള്‍                                                                                     കോറിടുന്നെത്ര വേഗം! 

ഉന്തി നില്‍ക്കുന്ന ചക്കപ്പല്ലും,                                                                             കോങ്കണ്ണുമൊട്ടിയ കവിളും                                                                               
കഷണ്ടിയും നീളന്‍ മൂക്കും                                                                                             കുടവയറും, നീളന്‍ ചെവിയും                                                                 അന്യനില്‍ക്കാണുമേതൊരു കുറവും                                                                        
വരകളില്‍ നിഷ്പ്രയാസം. 

ഒരുനാളൊരു കണ്ണാടിക്കു മുന്‍പില്‍                                                                         നില്‍പ്പുറപ്പിച്ചു വര തുടങ്ങി..                                                                                               ദൗത്യം, സ്വമുഖം പകര്‍ത്താന്‍                                                                                         വിരലുകള്‍ വിറ കൊള്ളുന്നുവോ?                                                                                           മൂക്ക് വരച്ചപ്പോള്‍                                                                                                             ചുണ്ടിന് മാറ്റം വന്നു                                                                                                                 ചുണ്ട് ശരിയായപ്പോള്‍                                                                                                                   പല്ലിന് സ്ഥാനഭ്രംശം!                                                                                                       നിമിഷാര്‍ധത്തില്‍ ചിത്രം വരയ്ക്കുന്ന                                                                           തനിക്കിതെന്തു പറ്റി, പൂര്‍ണ്ണമാകുന്നില്ല!                                         മണിക്കൂറുകള്‍ക്കൊടുവില്‍,                                                                                               തന്‍റെ മുഴുകായച്ചിത്രം നോക്കിയപ്പോള്‍                                                                               അന്നു ഞാനൊരു സത്യമറിഞ്ഞു,                                                                                                 ഈ ജന്മം മുഴുവനെടുത്താലും                                                                                          എത്രവട്ടം മാറ്റിവരച്ചാലും,                                                                                           ശരിയാകില്ല എന്‍റെയീ കണ്ണുകള്‍!!!!

Thursday, July 29, 2010

പരദേശി...

രാവേറെ ചെന്നിട്ടും, കുട്ടിപ്പായയില്‍
കുരുന്നിന്റെ കുസൃതികള്‍
അരങ്ങു തകര്‍ക്കുമ്പോള്‍, അമ്മ പറയും
വേഗമുറങ്ങിയില്ലേല്‍ "പരദേശി" വരും...
പരദേശിയെന്നാല്‍ എന്തെന്നറിഞ്ഞില്ലെങ്കിലും
അത് കേട്ടാല്‍, ചുരുണ്ട് പുതപ്പില്‍ വലിഞ്ഞു കേറും...

അമ്മൂമ്മയ്ക്ക് കടും വയലറ്റ് നിറമുള്ള
കാതിലോലയുമായ്‌ വരും പരദേശി...
വന്നാലൊന്നു മുറുക്കി, കുശലം പറഞ്ഞ്
എട്ടണയുംവാങ്ങി അടുത്ത വീട്ടിലേക്ക്..
ഓലയുടെ നിറംമങ്ങുന്ന ദിവസം, കൃത്യമായ്
കയ്യിലോരൂന്നുവടിയുമായ്, "പരദേശി" എത്തും...
ശബ്ദം കൊണ്ടും, ദേഹം കൊണ്ടും, നോട്ടം കൊണ്ടും,
ഭയാനകമായി ഒന്നുമില്ലാത്ത പരദേശി..
എങ്കിലും, മനസ്സില്‍ ഒരു പേടിസ്വപ്നമായ്
അന്നെല്ലാം, പാവം ആ പരദേശി...

ഇന്ന്, ഞാനും ഒരു പരദേശി.
ജന്മനിയോഗതാല്‍, സര്‍വാര്ഥങ്ങളും പേറി
ഉലകം ചുറ്റുന്ന പരദേശി...
എന്നെക്കുറിച്ചും, നിശ്ചയം
പറയുന്നുണ്ടാവും, ആരെങ്കിലും
"വേഗമുറങ്ങിയില്ലേല്‍ പരദേശി വരും"

Thursday, July 1, 2010

പിന്‍വിളി...........

കാലം കളഞ്ഞിട്ടുപോയിട്ടും
കരയാത്ത ചെമ്മണ്‍പാതയിലൂടെ
ഓര്‍മകളെ സാരഥിയാക്കി
മനസ്സ് പിറകോട്ടു നടക്കുകയായിരുന്നു..

ഋതുഭേദങ്ങളില്‍, മുഖഭാവം മാറ്റി
കാലത്തിന്‍ ഭ്രമണ ചക്രമുരുളുമ്പോഴും
പിച്ചവെച്ച, കുഞ്ഞിളം കാല്‍പാദങ്ങള്‍
ചവിട്ടിയരച്ചു നടന്നകലുമ്പോഴും
സുസ്മേരവദനയായ് , പരിഭവമോതാതെ
തപസ്യപോല്‍ ആ ചെമ്മണ്‍വീഥികള്‍..

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ....

Monday, June 28, 2010

മണല്‍ചിത്രങ്ങള്‍

ബസ്സില്‍കയറി ഒന്നിരുന്നത്തെ ഉള്ളൂ..ഉറക്കം മനുവിന് കൂട്ടുവന്നു,
ചിലപ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചത്കൊണ്ടാവും, അവന്‍ നല്ല ഉറക്കമായി..

"പെണ്ണായി അവള്‍ ഒന്നല്ലേ ഉള്ളൂ, അയക്കുമ്പോള്‍ അല്പം നന്നായിതന്നെ അയക്കണം"...പെങ്ങള്‍ക്ക് വന്ന ആലോചന ഏകദേശം ഉറപ്പിച്ച മട്ടായപ്പോള്‍ മുതല്‍ അമ്മ പറയാന്‍ തുടങ്ങി..
നല്ല ആലോചന, പയ്യന് നല്ലൊരു ജോലി, നല്ല വീട്ടുകാര്‍.
അവര്‍ക്കും പെണ്ണിനെ നന്നായി ബോധിച്ചു..കല്യാണം എത്രയുംവേഗം വേണം അവര്‍ക്ക്.
പുതിയ വീടിന്റെ പണി മുഴുവനും തീര്‍ന്നിട്ടില്ല, മുന്‍വശം വൃത്തിയാക്കി, വേഗം പാല്കാച്ചി, താമസം തുടങ്ങി..
ഇത്ര പെട്ടെന്ന്, അവള്‍ടെ കല്യാണക്കാര്യം ശരിയാകുമെന്ന് പ്രതീക്ഷിച്ചില്ല.
"ഓരോന്ന് അതിന്റെ സമയത്ത് നടക്കും, വീടിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല" കല്യാണത്തിന് കുറച്ചു സമയം ചോദിച്ചപ്പോള്‍ പയ്യന്റെ അമ്മാവന്‍ പറഞ്ഞു..
അവസാനം നിശ്ചയം നടന്നു, ഒരു മാസത്തിനകം കല്യാണം..

മനുവിന് ഉറക്കമില്ലാത്ത നാളുകളായിരുന്നു പിന്നെ..
അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ല, ഇടയ്ക്കിടെ കൂലിപ്പണിക്ക് പോകും. എട്ടനാനെങ്കില്‍ ചുമ്മാ നടക്കുന്നു..ഒരു ഉതരവാദിത്വവുമില്ലാതെ...
പേരിനൊരു സര്‍ക്കാര്‍ ജോലി തനിക്കു മാത്രം...

മനുവിന്റെ ശമ്പളംമുഴുവന്‍ വീടിനുവേണ്ടി തന്നെയാണ് ചിലവാക്കിയത്..
"അവനു തൊഴിലൊന്നും ഇല്ലല്ലോ, പിന്നെങ്ങനെയാ അവനോടു ചോദിക്കുക" അമ്മയുടെ സ്ഥിരം പല്ലവി..
മനുവും ഒന്നും ചോദിക്കാന്‍ പോവാറില്ല..

"മോനെ, കുറച്ചു പൈസ ഞാന്‍ ഒപ്പിച്ചിട്ടുണ്ട്. ബാകി എങ്ങനെയെങ്കിലും നീ സംഘടിപ്പിക്കണം, നിന്റെ ഏട്ടനെ നിനക്കറിയാലോ?"
മനുവിന് കാര്യങ്ങള്‍ എല്ലാം മനസ്സിലായി..ഒരു വലിയ ചുമടുകൂടി തന്റെ ചുമലില്‍ വന്നു പതിച്ചത് അവന്‍ അറിഞ്ഞു..
അറിയാവുന്നവരോടൊക്കെ, കടം മേടിച്ചു, പിന്നെ ബേങ്കില്‍ നിന്നും..
മനസ്സറിയുന്ന സുഹൃത്തുക്കളുടെ വില അവന്‍ അന്നറിഞ്ഞു..

പെങ്ങളുടെ കല്യാണം കെങ്കേമമായി കഴിഞ്ഞു..ഒരു "ഫുള്‍ ലോണ്‍" കല്യാണം..
ആരുടെ മുഖത്തും വിഷമത്തിന്റെ ഇത്തിരി ലാഞ്ചന പോലും കണ്ടില്ല, എല്ലാവരും ഉല്സാഹ തിമിര്‍പ്പില്‍...മനു ഒഴിച്ച്...
പെങ്ങള്‍ മംഗല്യവതി ആവുന്ന ശുഭ നിമിഷത്തിലും അവന്റെ മനസ്സ്......
"സല്‍ക്കാരം കൂടി വേണം മോനെ, പയ്യന്റെ കുറെ ആള്‍ക്കാര്‍ക്ക് വീട് കാണണ്ടേ"..കല്യാണത്തിന്റെ അന്ന് രാത്രി ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി...
തല കുലുക്കുകയല്ലാതെ മനുവിന് മാര്‍ഗ്ഗമില്ലായിരുന്നു...

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു..പെങ്ങള്‍ വേറെ വീട് വെച്ചു.
അതിനിടെ ഏട്ടന്റെ കല്യാണം കഴിഞ്ഞു..
പെങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെ, അവനു ജോലിക്ക് പോകാനുള്ള ബോധോദയം ഉണ്ടായി..
അച്ഛനും അമ്മയും ഏറെ ഉത്സാഹിച്ചു ആ കല്യാണവും നടത്തി..
മനുവിനാല്‍ കഴിയുന്നവ അവനും ചെയ്തു...

സുഹൃത്തുക്കളില്‍ പലരും വിവാഹിതരായപ്പോഴാണ്. മനുവും അക്കാര്യം ആലോചിക്കാന്‍ തുടങ്ങിയത്..
കുറെ പെണ്‍കുട്ടികളെ കണ്ടു..അവസാനം ഒന്ന് ഇഷ്ടപ്പെട്ടു..
വീട്ടില്‍നിന്നും എല്ലാവരും പോയിക്കണ്ടു..
"നിശ്ചയം ചെറുതായി മതി, ഓടി നടക്കാന്‍ അമ്മയ്ക്കും അച്ഛനും വയ്യ"....ചേട്ടന്റെ ആദ്യമേയുള്ള താക്കീത്.. മനു മറിച്ചൊന്നും പറഞ്ഞില്ല..
അങ്ങനെ മൂന്നുനാല്പേര്‍ മാത്രംപോയി കല്യാണം നിശ്ചയിച്ചു..

മനുവിന്റെ ഓട്ടം വീണ്ടും തുടങ്ങി..അവന്റെ കയ്യില്‍ നീക്കിയിരിപ്പോന്നും ഇല്ലായിരുന്നു..എല്ലാം ഇനി സ്വരൂപിക്കണം..
ഒരു സഹായ ഹസ്തം അവന്‍ പ്രതീക്ഷിച്ചു..
അച്ഛന്‍, അമ്മ, ചേട്ടന്‍....പക്ഷെ ആ വിഫലമായിരുന്നു ആ പ്രതീക്ഷകള്‍..
വെറുതെ ഒരു ചോദ്യമെങ്കിലും...അതും ഉണ്ടായില്ല..
അവള്‍ക്കുവേണ്ടി ഏറെ കഷ്ട്ടപ്പെട്ടതല്ലേ, തന്റെ പെങ്ങളെങ്കിലും ഒന്ന് ചോദിക്കുമെന്ന് കരുതി...കുടുംബ ജീവിതത്തിനിടയില്‍ അവള്‍ കുഞ്ഞേട്ടനെതന്നെ മറന്നുപോയി...

മനു ആകെ തകര്‍ന്നു തുടങ്ങിയിരുന്നു....
ചുമലില്‍ ഭാരവും പേറി താന്‍ താണ്ടിയ വഴികള്‍..
ഇന്ന് ആ വഴികള്‍ തന്നെ അപ്രത്യക്ഷമായിരിക്കുന്നു.
സ്വന്തവും, ബന്ധവും...
തന്റെ കാല്‍ക്കീഴിലെ മണ്ണുപോലും ഒലിച്ചുപോയത് പോലെ തോന്നി അവന്...

പക്ഷെ , ഏതോ ഒരുള്‍വിളി പോലെ അവന്റെ മനസ്സ് പറഞ്ഞു.."തളരരുത്..ഇനി നീ "ജീവിക്കണം"..
പുതിയൊരു മനുവായിരുന്നു പിന്നീടുള്ള നാളുകളില്‍...

കല്യാണം കഴിഞ്ഞു...
സ്നേഹമുള്ളവളായിരുന്നു, ലക്ഷ്മി..
തന്റെ സ്വാകാര്യ ദുഃഖങ്ങള്‍ ആദ്യദിവസം തന്നെ അവളോട്‌ പറയാന്‍ മനു മടി കാണിച്ചില്ല..ഒരു വലിയ ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു, അവന്.

"ഹെലോ, സ്റേറ്റ് ബേങ്ക് സ്റ്റോപ്പ്‌ എത്തി"...കണ്ടക്ടേര്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് മനു ഞെട്ടി ഉണര്‍ന്നത്...
കയ്യില്‍ ലക്ഷി കൊടുത്ത ആഭരണങ്ങള്‍ അടങ്ങിയ ബെഗുമായി, ബസ്സിറങ്ങി അവന്‍ ബേങ്ക് ലക്ഷ്യമാക്കി നടന്നു...
--------------------------------------------------------------എം കെ വി-------
Read more...

Monday, June 14, 2010

മിനിക്കഥകള്‍....10

തേയ്മാനം...
"എന്റെ ചെരുപ്പ് കണ്ടോടീ നീ"...
പുറത്തു പോകാനായി മുണ്ടും ഷര്‍ട്ടും ഇട്ടു മുറ്റത്തിറങ്ങിയ അയാള്‍ ചോദിച്ചു.
"കാലത്ത് മുറ്റമടികുമ്പോള്‍ അവിടെയെങ്ങാനും കണ്ടിരുന്നല്ലോ" അടുക്കളയില്‍ നിന്നും
ഭാര്യയുടെ നീണ്ട മറുപടി...
"നീയെങ്ങാനും കണ്ടോടാ" ...ഹാളില്‍ ടി വി കണ്ടു കൊണ്ടിരിക്കുന്ന മകനോട്‌ അയാള്‍
ചോദിച്ചു..
"എന്തോന്ന്"...തെല്ലു ഈര്‍ഷ്യയോടെ അവന്‍...
"എന്റെ ചെരുപ്പ്"...
"ഓ അതോ, ആ തേഞ്ഞു ബ്ലേഡ് ആയി പപ്പടം മുറിഞ്ഞ സാധനമോ, അത് ഞാന്‍ എടുത്തു കളഞ്ഞു"..അവന്‍
പരിഹാസത്തില്‍ പറഞ്ഞു...
തേഞ്ഞുമുറിഞ്ഞ ചെരുപ്പിട്ട് നടന്നു തേഞ്ഞുപോയ അയാളുടെ കാല്‍പ്പാദത്തിലൂടെ എന്തോ തുളച്ചുകയറിയപോലെ അയാള്‍ക്ക്‌
തോന്നി...



ഒന്നാം വാര്‍ഷികം....


ഇന്ന് ഒന്നാം വാര്‍ഷികം...
വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തതിന്റെ...
അതിന്റെ മാസ്മരിക പ്രഭാവങ്ങള്‍ കണ്ടും കേട്ടും...ഒടുവില്‍ ആ തീരുമാനം...
ചിലന്തിവലയുടെ മറഞ്ഞിരിക്കുന്ന കരാള ഹസ്തങ്ങള്‍ അറിയാതെ...

ഒരു കൊല്ലം തികയ്ക്കുന്നതിനു തനിക്കു നഷ്ടപ്പെട്ടത്, മകനെയും, മകളെയും...
നെറ്റ്ഫ്രെണ്ടിനോടൊത്ത് ഒളിച്ചോടി വിവാഹിതയായ മകള്‍..
നെറ്റഫ്രെണ്ടിനെ പരിണയിച്ചു അവളുടെ നിര്‍ദേശപ്രകാരം വീട് വിട്ടിറങ്ങിയ മകന്‍...

ഈ വല ഇത്രയും അപകടകാരിയായിരുന്നോ???

Monday, June 7, 2010

ആഗോളസമ്മേളനം - kavitha

ഇന്നലെ, നടുക്കടലില്‍
ഒരു ആഗോള സമ്മേളനം നടന്നു.
സ്വര്‍ഗത്തിലെ ദൈവങ്ങളും,
നരകത്തിലെ സാത്താന്മാരും.
പൊതുവേദിയായി, തിരഞ്ഞെടുത്തത്
ആഴക്കടലിന്റെ ഓളപ്പരപ്പുകള്‍ ..
അജണ്ടയില്‍ പരിപാടിയനവധി,
കഴിഞ്ഞതും, ഭാവി കാര്യങ്ങളും.
വകുപ്പുകള്‍ മാറണമെന്ന് ചിലര്‍,
കസേര വിട്ടു തരില്ലെന്ന് മറുമൊഴി.
വര്‍ഷങ്ങളായി വകുപ്പില്ലാതെ അലയുന്ന
നാമമാത്ര ദൈവങ്ങള്‍ പിറകെയുണ്ട്...
കാബിനെറ്റില്‍ കൂടാന്‍, പുതിയ മത ദൈവങ്ങള്‍,
"സഹ" കസേരയ്ക്കെങ്കിലും വേണ്ടി ജാതി ദൈവങ്ങള്‍.
പിന്നെയും ചിലര്‍ ഉപജാതിയുടെ പേരില്‍.
സംവരണവും, വീതം വെപ്പുകളും
എല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി..
കരടുരേഖ തയ്യാരാക്കുമ്പോഴേക്കും
കിടിലന്‍ മഴ, എല്ലാം മാഞ്ഞുപോയി.
സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു...