Wednesday, May 26, 2010

മിനിക്കഥകള്‍ - 9

രഹസ്യം...


ആദ്യമായാണ്‌ ഭാര്യയോടു അയാള്‍ ഒരു കളവു പറയുന്നത്...
അന്നേരം തൊട്ട് ഒരുതരം ആധിയായിരുന്നു...

പത്തു പതിനെട്ടു വര്‍ഷങ്ങള്‍ക്ക്ശേഷം പഴയ കാമുകിയ്മായി ഇങ്ങനെയൊരു സംഗമം പ്രതീക്ഷിച്ചതല്ല അയാള്‍....
അവള്‍ പരിചയം ഭാവിച്ചു ചിരിച്ചപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടിപ്പോയി...യാന്ത്രികമായി അയാളും ചിരിക്കുന്നത് ഭാര്യയും ശ്രദ്ധിച്ചിരുന്നു..
അവള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഭാര്യ ഒന്നും ചോദിച്ചതില്ല, അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കുകമാത്രം ചെയ്തു.....
രാത്രി കിടക്കാന്‍ നേരം അയാള്‍ വിശദീകരണം നല്‍കാന്‍ തുടങ്ങി...
"അവള്‍ടെ പേര് ശ്രീലത, അമ്മയുടെ തറവാടിനടുതായിരുന്നു, താമസം"...
"ഓ, എനിക്കറിയാം അവളെ, എന്റെ കസിന്റെ ബന്ധുവാ, അവളുടെ കഥയൊക്കെ എനിക്കറിയാം"...
അവളുടെ ഒഴുക്കന്‍ മറുപടികേട്ട്, വായിലിട്ട പഞ്ഞിമിഠായി പോലെ അയാള്‍ ഉരുകിപ്പോയി....




മഴപ്പാറ്റകള്‍ ...


രാത്രി ഏറെ വൈകി, നല്ല ഇരുട്ടും ഉണ്ട്.
ബസ് ഇറങ്ങുമ്പോഴേക്കും കനത്ത മഴ.
കയ്യിലാണെങ്കില്‍ കുടയും കരുതിയിട്ടില്ല.
രണ്ടും കല്‍പ്പിച്ചു മഴയത് തന്നെ നടക്കാന്‍ തുടങ്ങി...

അല്‍പ നേരം നടന്നതെ ഉള്ളൂ...വഴി മുടക്കുന്ന തരത്തില്‍ മുഴുവന്‍ മഴപ്പാറ്റകള്‍.
അയാള്‍ക്ക്‌ വല്ലാത്ത ദേഷ്യം വന്നു...

"ശല്യങ്ങള്‍, മനുഷ്യന്‍ ആകെ വെപ്രാളം പിടിച്ചിരിക്കുമ്പോഴാ,‍"

പിറ്റേന്ന്, രാവിലെ ഓഫിസിലേക്കു പോകുമ്പോള്‍,
റോഡില്‍ നിറയെ ചലനമറ്റു കിടക്കുന്ന മഴപ്പാറ്റകള്‍.......

Sunday, May 23, 2010

കോവര്‍ക്കഴുത .....

അന്ജ്ഞാതമിന്നെനിക്കിന്നും,
ആരെനിക്കേകിയീ ജന്മം...
ഇഹലോക ജീവിതം കഷ്ടം,
ഈ രോദനമാര് കേള്‍ക്കാന്‍ ?
ഉന്നതകുലജാതയമ്മ,
ഊര് തെണ്ടുന്നോരെന്നച്ചന്‍.
ഋതുഭേദങ്ങളില്‍, പണ്ട്
എവിടെയോ സന്ധിച്ചിരിക്കും.
ഏത് ശപിച്ച നിമിഷത്തില്‍,
ഐശ്വര്യമറ്റ ഞാന്‍ പിറന്നു?
ഒരുവേള, പെറ്റമ്മയെയും ,
ഓമനിക്കുന്നച്ചനെയും
ഔചിത്യ ബോധമില്ലാതെ,
അറിയാതെ ഞാന്‍ ശപിക്കുന്നു...

പദപ്രശ്നം...

ജീവിതമെന്ന പദപ്രശ്നത്തില്‍
കുഴഞ്ഞു വീഴുന്ന മനുഷ്യജന്മങ്ങള്‍...
നെടുകെയായും കുറുകെയായും
പ്രശ്നങ്ങള്‍ പലതരം, പല ഘട്ടങ്ങളില്‍..
ചിലതിന്റെയുത്തരങ്ങള്‍ വേഗത്തിലെഴുതിയി-
ട്ടെന്തുകാര്യം, കടുകട്ടിയടുത്ത പ്രശ്നം...
പരസ്പരം കൂട്ട്പിണഞ്ഞു കിടക്കുന്നോരോ-
രുത്തരങ്ങളൊപ്പിക്കാന്‍ വാക്കുകള്‍ മാറ്റുന്നു..
ഒടുവിലൊരു പ്രശ്നത്തിനുത്തരം കിട്ടാതെ,
പ്രശ്നക്കളങ്ങളില്‍ ഉഴറിവീഴുന്നു..
പ്രശ്നമില്ലാതിടതേക്ക് യാത്രയാകും വരെ,
തുടരുമീ പദപ്രശ്ന പരമ്പരയെങ്ങും.....

അക്ഷയ ത്രിതീയ- ക്ഷയം നിശ്ചയം..

"സ്വര്‍ണ്ണക്കടയുടെ സ്വന്തം നാട്ടില്‍"
സ്വര്‍ണം വില്‍ക്കാന്‍ പുതിയൊരു തന്ത്രം
വര്‍ഷം മുഴുവനു"മൈശ്വര്യത്തിന്"
വാങ്ങണമേവരുമൊരു തരിസ്വര്‍ണം...
തങ്കപ്പെട്ടൊരു പേരുമൊ"രക്ഷയ"
ത്രിതീയ" യെന്നവര്‍ ഘോഷിക്കുന്നു...
വെള്ളിത്തിരയിലെ രാജാക്കന്മാര്‍
വെള്ളയുടുതാജ്ഞ്ജാപിക്കുന്നു,
പാവം സാക്ഷരമക്കള്‍, വീട്ടില്‍
പട്ടിണിയെങ്കിലും സ്വര്‍ണം വാങ്ങും...
പരസ്യ"മക്ഷയ ത്രിതീയ" യെങ്കിലും...
പക്കാ "ക്ഷയിക്കും" പാവമീ മക്കള്‍...

പള്ളിയും പള്ളിക്കൂടവും (കഥ)

യോഗം കഴിയുമ്പോഴേക്കും, നാലുമണിയായി...മുഖ്യ പ്രാസംഗികന്‍ ആയതുകൊണ്ട് കുറച്ചു നീണ്ടുപോയി പ്രസംഗം...
ഇനി സ്കൂള്‍ പി ടി എ മീറ്റിംഗ് അഞ്ചു മണിക്ക്..അവിടെയും പ്രസിഡന്റ് .. യുക്തിവാദി നേതാവ് കൂടിയായ ദാമോദരന്‍മാഷ്‌
ബസ് സ്ടോപ്പിലേക്ക് വെച്ചു പിടിച്ചു..
സ്കൂള്‍ ഹെഡ്മാഷ്‌ പീതാംബരനും വരേണ്ടതായിരുന്നു, പക്ഷെ എന്തോ എത്തിയില്ല...
അഞ്ചു മണിക്ക് മുമ്പായി സ്കൂളില്‍ എത്തിച്ചേര്‍ന്നു..പീതാംബരന്‍ മാഷ്‌ കാത്തു
നില്‍ക്കുകയായിരുന്നു..

"എങ്ങനെ ഉണ്ടാരുന്നു" എത്തിയ പാടെ, അയാള്‍ ചോദിച്ചു..
കുഴപ്പമില്ല, പ്രസംഗം ഇത്തിരി നീണ്ടു...
"അത് പിന്നെ, മയ്ക്ക് കിട്ടിയാല്‍ അതിനെ തിന്നാലല്ലേ നിര്‍ത്തൂ" പീതാംബരന്‍ മാഷ്‌
മനസ്സില്‍ പറഞ്ഞു..

യോഗം ആരംഭിച്ചു..
കാര്യപരിപാടികള്‍ ഓരോന്നായി നടന്നു..
അവസാനം ഭാവികാര്യപരിപാടികളുടെ വിശദീകരണത്തിന് പി ടി എ പ്രസിടന്ടു എഴുന്നേറ്റു...
കുറെയേറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ കക്ഷിയുടെ ദിശാബോധം തെറ്റി.."രക്ഷാകര്തൃ സമിതിയില്‍" നിന്നും കാര്യങ്ങള്‍ യുക്തി
വാദത്തിലേക്കും മറ്റും വഴുതിമാറി.
പലരും കുശു കുശുക്കാന്‍ തുടങ്ങി..

അവസാനം സഹികെട്ട് ഒരാള്‍ എഴുന്നേറ്റു പറഞ്ഞു..
"മാഷെ, ഇതൊക്കെ നിങ്ങടെ സ്വന്തം യോഗത്തില്‍ പറഞ്ഞാല്‍ പോരെ"

ദാമോദരന്‍ മാഷ്‌ വിട്ടില്ല...
യുക്തിവാദത്തെ, ആഗോളവല്‍ക്കരണം, കമ്പോളവല്കരണം, സ്വകാര്യവല്കരണം എന്നിങ്ങനെ പല
"വല്കരണവുമായി " കൂട്ടി ക്കുഴച്ചു അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരുന്നു...

ക്ഷമയുടെ നെല്ലിപ്പലക കണ്ട പീതാംബരന്‍ മാഷ്‌ എഴുന്നേറ്റു കണ്ണുരുട്ടി പറഞ്ഞു...

"ഒന്ന് നിര്‍തെടോ, പള്ളി വേറെ, പള്ളിക്കൂടം വേറെ", ബിരിയാണിയുടെ നടുക്കണോ ഡോ
പരിപ്പുകറി വിളമ്പുന്നത്?, ഇനി മിണ്ടിയാല്‍ കഴുത്തിന്‌ പിടിച്ചു ഞാന്‍
തന്നെ പുറത്താക്കും"...

അങ്ങനെ അശുഭപര്യവസായിയായി ആ പ്രസംഗം അവസാനിച്ചു...

ഉയിര്ത്തെഴുന്നെല്‍ക്കും.....

അമ്മയുടെ പാവനഗര്‍ഭപാത്രത്തില്‍ നിന്നാദ്യമായ്,
ഭൂമിയാമമ്മയുടെ മാറിലേക്ക്‌ നിപതിച്ചപ്പോള്‍,
അത്രനാള്‍ മൂടിവെച്ചൊരെന്‍ ഇളം കണ്ണുകള്‍
കണ്ടതോ, ചുടുചോരതന്‍ കടുംചുവപ്പായിരുന്നു.....
മാതൃസ്പന്ദനം മാത്രമറിഞ്ഞോരെന്‍ കാതുകള്‍,
കേട്ടതമ്മയുടെ നേര്‍ത്ത നിശ്വാസമായിരുന്നു...

കൈകാല്‍ വളര്‍ന്നൊരു നാളുകള്‍ കണ്ടത് ,
വാനിലുയരുന്ന മുഷ്ടികളും,
ചുറ്റിലും കാതുകള്‍ കൂര്‍പ്പിച്ചു കേട്ടത്,
ചോര തിളയ്ക്കുന്ന മാറ്റൊലികള്‍...

ചോപ്പിനെ പ്രേമിച്ച്, കൈയ്യിലന്നേന്തിയത്
ചുവന്നുജ്വലിക്കുന്ന സ്വപ്നങ്ങളായിരുന്നു...
ദീര്‍ഘമാം യാത്രയ്ക്കിടെ, എന്റെ സ്വപ്നങ്ങളുടെ
നിറം മങ്ങിയത് ഇന്നു ഞാനറിഞ്ഞു...

ഹതാശനായ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്,
വെയിലേറ്റുവാടിയ രക്തപുഷ്പങ്ങള്‍!!!!
എങ്കിലുമെന്‍ മനസ്സ് ആക്രോശിക്കുന്നു,
നിന്റെ സ്വപ്‌നങ്ങള്‍ ചുവന്നു തന്നെ പുലരും,
നിന്റെ കാലടികള്‍ പുതുയൌവനം തുടരും..
നിന്റെ ചേതന ഉയിര്ത്തെഴുന്നെല്‍ക്കും !!!!!

സ്നേഹമുദ്രകള്‍ (KADHA)

പോസ്റ്റുമാന്‍ കൊടുത്ത കവര്‍ പൊട്ടിച്ചു വായിച്ചതും അഭിലാഷിന്റെ മുഖം പ്രകാശപൂരിതമായി....
തനിക്കു പി എസ് സി സെലക്ഷന്‍ കിട്ടിയിരിക്കുന്നു!
സ്പെഷല്‍ എടുക്കേഷന്‍ ടീച്ചര്‍ ആയി, മാനന്തവാടിയില്‍ നിയമനം....
ഡിഗ്രിക്ക് നല്ലമാര്‍ക്ക് കിട്ടിയിട്ടും, അഭിലാഷ് തെരഞ്ഞെടുത്തതു സ്പെഷല്‍ എടുക്കേഷന്‍ ട്രെയിനിംഗ് ആയിരുന്നു...
പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പോയ ഒരു സ്ടഡിടൂര്‍മുതല്‍ അവന്റെ മനസ്സില്‍ കേറിയതാണ് സംഭവം...അന്ന് ഒരു അന്ധബധിര വിദ്യാലയത്തില്‍ പോയിരുന്നു, എല്ലാവരുംകൂടി...
ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും, ഡിഗ്രി പാസ്സായപ്പോള്‍ അവന്‍ തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞു....
ആദ്യമൊക്കെ അവര്‍ എതിര്‍ത്തെങ്കിലും, അവന്റെ നിര്‍ബന്ധത്തിനു അവസാനം അവരും വഴങ്ങി..

തികച്ചും ത്രില്ലില്‍ ആയിരുന്നു അഭി...കൃത്യ സമയത്ത് തന്നെ അവന്‍ അച്ഛനോടൊപ്പം സ്കൂളില്‍ എത്തി, ഹെഡ്മാസ്ടരെ കണ്ടു...
അല്‍പനേരത്തെ സംസാരത്തിന്ശേഷം അച്ഛന്‍ പോയി...

"അഭിലാഷ്, പത്തെണ്‍പതോളം കുട്ടികള്‍ ഉണ്ട്, പല പ്രായക്കാര്‍, പഠിപ്പിക്കാന്‍ നിങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ...ഞാന്‍ മിക്ക വാറും പല ആവശ്യങ്ങള്‍ക്കായി പുറത്തായിരിക്കും" ഹെഡ്മാസ്റ്റര്‍ അവനോടു പറഞ്ഞു...
"അത് സാരമില്ല സര്‍, ഞാന്‍ നോക്കിക്കൊള്ളാം" അവന്റെ മറുപടി...

അഭി പെട്ടെന്ന് സ്കൂളുമായും, കുട്ടികളുമായും ഇണങ്ങി...
തന്റെ ഇഷ്ടപ്പെട്ട തൊഴിലില്‍ അവന്‍ തൃപ്തനായിരുന്നു...

ആണും പെണ്ണുമായി പലപ്രായത്തിലുള്ള എല്ലാ കുട്ടികളും അവനുമായും വേഗത്തില്‍ ഇണങ്ങിചേര്‍ന്നു....
അവരില്‍ അനിത എന്ന പെണ്‍കുട്ടി എന്തോ, അവനു വേറിട്ടതായി തോന്നി....
അനിത മൂകയാണ്, പതിനാലു വയസ്സ് പ്രായം..കാണാന്‍ നല്ല ചന്തം...
എപ്പോഴും ഒരു ചന്ദനക്കുറിയും...

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്...
അഭി സ്കൂളിലെത്തിയിട്ടു ഇപ്പോള്‍ ആറുവര്ഷം കഴിഞ്ഞിരിക്കുന്നു...
കുട്ടികള്‍ക്കൊക്കെ അവന്‍ പ്രാണനാണ്‌....അവനു തിരിച്ചും..
പക്ഷെ അനിതയോട് അവനു എന്തൊക്കെയോ തോന്നാന്‍ തുടങ്ങി..
ആദ്യം വാത്സല്യത്തില്‍ തുടങ്ങി...പിന്നെ സഹതാപം.....ഇപ്പോള്‍ സ്നേഹം????ആണോ, അവനു തന്നെ നിശ്ചയമില്ല...
പക്ഷെ അനിത അടുത്തുണ്ടെങ്കില്‍ അവനു പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്...അത് അവളുടെ മുഖത്തും കണ്ടു തുടങ്ങിയത് ഈയിടെയാണ്...

"അഭീ, നമ്മുടെ കിഴക്കേലെ ശങ്കരേട്ടന്‍ ഒരു കാര്യം പറഞ്ഞിരുന്നു"..ഒരു ദിവസം ഭക്ഷണ സമയത്ത് അമ്മ പറഞ്ഞു...
"എന്തെ", അവന്‍ ഒഴുക്കനായി ചോദിച്ചു..
"നിന്റെ കല്യാണക്കാര്യം തന്നെ, മറ്റെന്താ? അയാള്‍ നല്ല ഒരാചോലന കൊണ്ടന്നിട്ടുണ്ട്, നല്ലതാന്നാ അച്ഛന്‍ പറഞ്ഞത്"

അവന്‍ പലകുറി വേണ്ടാന്നു പറഞ്ഞിട്ടും, അവര്‍ വിട്ടില്ല....
ആലോചനയുമായി അവര്‍ മുന്നോട്ടു പോയി. അങ്ങനെ വിവാഹവും നിശ്ചയിച്ചു..
പെണ്ണ് അടുത്ത് തന്നെ ആയിരുന്നു...വീണ, ബാല്ഗ്ലൂരില്‍ ബിസിനെസ്സ് ചെയ്യുന്ന ഒരു പണക്കാരന്റെ ഒറ്റമകള്‍...അവര്‍ക്ക് ഒരു ഡി മാണ്ടും ഇല്ല, പയ്യന് നല്ലൊരു ജോലി വേണം, അത്രതന്നെ..

അഭി കല്യാണ വിവരം സ്കൂളിലും അറിയിച്ചു....
പിന്നീടുള്ള ദിവസങ്ങളില്‍ അനിതയില്‍ വന്ന മാറ്റം അവനെ ശരിക്കും അതിശയിപ്പിച്ചു.
അവള്‍ അവനു ഒരിക്കല്‍ പോലും മുഖം കൊടുക്കാറില്ല...എപ്പോഴും മറ്റേതോ ലോകത്തെന്നപോലെ!!!!!
അവന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ ദൂരേക്ക്‌ മാറിക്കളയും..

അടുത്ത ആഴ്ചയാണ് അഭിയുടെ കല്യാണം...അതിനുമുമ്പ് കുട്ടികളെ എല്ലാവരെയും ഒന്നിച്ചുവിളിപ്പിച്ചു..പക്ഷെ അനിതയെമാത്രം കണ്ടില്ല...അവളെ തിരഞ്ഞുനടന്ന അഭി കണ്ടത്, അങ്ങകലെ, മുറിയുടെ മൂലയില്‍ മുഖംപൊതി വിതുമ്പുന്ന അനിതയെയാണ്...
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി..

കല്യാണം കെങ്കേമമായി നടന്നു...
ഹണിമൂണ്‍ ഊട്ടിയിലും, കൊടായ്ക്കനാലിലും ....
ഹണിമൂണ്‍ യാത്രകഴിഞ്ഞു വന്ന അന്ന്മുതല്‍ വീണയുടെ മട്ടാകെ മാറിയിരുന്നു..
ആര് ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല...
"എടാ നീ പോയി അവളെ കുറച്ചു ദിവസം അവള്‍ടെ വീട്ടില്‍ ആക്ക്, എല്ലാം ശരിയാവും" അഭിയുടെ അമ്മ പറഞ്ഞു...
വീണയുടെ വീട്ടില്‍ എത്തിയിട്ടും സ്ഥിതി അത് തന്നെ..
ഒടുവില്‍ ഒരു ദിവസം അവള്‍ അമ്മയോട് കാര്യം പറഞ്ഞു..
അഭിയുടെ സ്വഭാവം ആണ് പ്രശ്നം. വര്‍ത്താനം പറയുമ്പോള്‍ ആന്ഗ്യഭാഷ ഉപയോഗിക്കുന്നെന്നും കോപ്രായങ്ങള്‍ കാട്ടുന്നെന്നും!!!!
വിവാഹമോചനം വേണമെന്നിടം വരെ കാര്യങ്ങള്‍ എത്തി...
അഭിയ്ക്ക് താങ്ങാന്‍ ആവുന്നതില്‍ അപ്പുറമായിരുന്നു അത്!!!!!!!!

പണത്തിന്റെ അഹങ്കാരത്തിന് മുമ്പില്‍ സ്നേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല...
നിയമാനുസൃതമായി അഭിയും വീണയും ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചിതരായി...
അതുവരെയും അഭി ജോലിക്ക് പോയില്ല...

അടുത്ത ദിവസം സ്കൂളില്‍ ഒരു പുതിയ മനുഷ്യനായാണ് അഭി എത്തിയത്..എല്ലാ ഭാരവും ഇറക്കി വെച്ചപോലെ...
വളരെ കൂള്‍ ആയി ക്ലാസ്സിനെ അഭിമുഖീകരിക്കാം എന്നാണയാള്‍ വിചാരിച്ചത്..
പക്ഷെ, ക്ലാസ്സിലെത്തി അനിതയുടെ മുഖത്ത് നോക്കിയതും അയാള്‍ തകര്‍ന്നുപോയി!!

"അഭിലാഷ്, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ"..
ഒരു ദിവസം ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
"എന്താ മാഷെ"?
അവന്റെ ജിജ്ഞാസനിറഞ്ഞ ചോദ്യത്തിന് മാഷ്‌ മറുപടി പറഞ്ഞത്, കണ്ണ് നിറയുന്ന അനിതയുടെ കഥയായിരുന്നു; അവളുടെ ഭൂതകാലം, പിന്നെ അയാള്‍ പോയനാള്‍ തൊട്ടുള്ള അവളുടെ കണ്ണീരിന്റെ കഥ...
"അഭി ഒന്ന് കൂടി ആലോചിക്കണം, ഞാന്‍ വേണമെങ്കില്‍ ഇക്കാര്യം അച്ഛനോട് സംസാരിക്കാം" മാഷ്‌ പ്രത്യാശയോടെ പറഞ്ഞു...
"ഒന്നും വേണ്ട സര്‍, എല്ലാമറിഞ്ഞു അവള്‍ സമ്മതിക്കുമെങ്കില്‍ "...
ഇത്രയും പറഞ്ഞു മുറിവിട്ടിറങ്ങിയ അഭിയുടെ മനസ്സ് സ്നേഹത്തിന്റെ ആയിരം മുദ്രകള്‍ കാട്ടി നടനമാടുകയായിരുന്നു......