Thursday, July 29, 2010

പരദേശി...

രാവേറെ ചെന്നിട്ടും, കുട്ടിപ്പായയില്‍
കുരുന്നിന്റെ കുസൃതികള്‍
അരങ്ങു തകര്‍ക്കുമ്പോള്‍, അമ്മ പറയും
വേഗമുറങ്ങിയില്ലേല്‍ "പരദേശി" വരും...
പരദേശിയെന്നാല്‍ എന്തെന്നറിഞ്ഞില്ലെങ്കിലും
അത് കേട്ടാല്‍, ചുരുണ്ട് പുതപ്പില്‍ വലിഞ്ഞു കേറും...

അമ്മൂമ്മയ്ക്ക് കടും വയലറ്റ് നിറമുള്ള
കാതിലോലയുമായ്‌ വരും പരദേശി...
വന്നാലൊന്നു മുറുക്കി, കുശലം പറഞ്ഞ്
എട്ടണയുംവാങ്ങി അടുത്ത വീട്ടിലേക്ക്..
ഓലയുടെ നിറംമങ്ങുന്ന ദിവസം, കൃത്യമായ്
കയ്യിലോരൂന്നുവടിയുമായ്, "പരദേശി" എത്തും...
ശബ്ദം കൊണ്ടും, ദേഹം കൊണ്ടും, നോട്ടം കൊണ്ടും,
ഭയാനകമായി ഒന്നുമില്ലാത്ത പരദേശി..
എങ്കിലും, മനസ്സില്‍ ഒരു പേടിസ്വപ്നമായ്
അന്നെല്ലാം, പാവം ആ പരദേശി...

ഇന്ന്, ഞാനും ഒരു പരദേശി.
ജന്മനിയോഗതാല്‍, സര്‍വാര്ഥങ്ങളും പേറി
ഉലകം ചുറ്റുന്ന പരദേശി...
എന്നെക്കുറിച്ചും, നിശ്ചയം
പറയുന്നുണ്ടാവും, ആരെങ്കിലും
"വേഗമുറങ്ങിയില്ലേല്‍ പരദേശി വരും"

2 comments: