Monday, May 10, 2010

നുറുങ്ങു കഥകള്‍ - 5

കിട്ടെണ്ടത്‌ കിട്ടിയാല്‍.....



കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന മോനായിയോടു ഫാദര്‍ പറഞ്ഞു...
"എന്തിനാ കുഞ്ഞേ, എപ്പോളും ഇങ്ങനെ കുടിച്ചിട്ട്, ഭാര്യയെ തല്ലുന്നത്"?
"അച്ചോ, പറ്റിപോവുന്നതാ, കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു ലക്കും ലഗാനും കിട്ടുന്നില്ല"
അച്ഛന്‍ പറഞ്ഞു, "നോക്ക്, ഇനി കുഞ്ഞു കുടിച്ചു പ്രശ്നം ഒന്നും ഉണ്ടാക്കരുത്, നന്നായി ജീവിക്കണം"
"ശരി അച്ചോ"
വൈകീട്ട്, കുടിക്കാതെ, തികച്ചും ശാന്തനായി മോനായി വീട്ടിലെത്തി....
ഭാര്യക്കതു വിശ്വസിക്കാനായില്ല. അവള്‍ മനസ്സില്‍ പറഞ്ഞു,
"ഇന്ന് സൂര്യന്‍ എങ്ങാ ഉദിച്ചേ ?....
"ഹോ, എന്തൊരു നാറ്റം, ഇന്ന് നാടന്‍ ആണോ അടിച്ചത്?
"ഇല്ലെടി, ഞാന്‍ നന്നായി, ഇന്ന് കുടിച്ചിട്ടില്ല"
"അതിനു ഒരു ജന്മം കൂടി ഇയ്യാള്‍ ജനിക്കണം" അവള്‍ ആക്രോശിച്ചു.
എന്നിട്ടും മോനായി മറുതൊന്നും പറഞ്ഞില്ല
ഭക്ഷണം കഴികുമ്പോഴും, പലതും പറഞ്ഞു മോനായിയെ ശുണ്ടി പിടിപ്പിക്കാന്‍ നോക്കിയെങ്കിലും , അയാള്‍ ശാന്തനായി തന്നെ ഇരുന്നു...
രാത്രി ഏറെ വൈകിയിട്ടും, കിടക്കയില്‍, ഉറങ്ങാതെ കിടക്കുന്ന ഭാര്യയോടു, മോനായി ചോദിച്ചു, "ഉറക്കം വരുന്നില്ലേ"
"കിട്ടേണ്ടത് കിട്ടിയാല്‍ ഉറങ്ങാമായിരുന്നു".....
ആദ്യം മോനായിക്ക് പിടി കിട്ടിയില്ല, കുറെ വട്ടം അവള്‍ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍ക്ക്‌ സംഗതി പിടി കിട്ടി. ചെകിട്ടത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തപ്പോള്‍, അവള്‍ക്കു സമാധാനമായി, പിന്നെ സന്തോഷത്തോടെ കിടന്നുറങ്ങി.....


ഇഷ്ടാനിഷ്ടങ്ങള്‍


ദാമ്പത്യം എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ച് വിമന്‍സ്‌ ക്ലബ്ബില്‍ ഉഗ്രന്‍ ചര്‍ച്ച നടക്കുകയാണ്....
പലരും പലതും വാ തോരാതെ പ്രസംഗിച്ചു.
പ്രസിഡണ്ട്‌ നിന കുറുപ്പ് അവസാനമായി എഴുന്നേറ്റു.
"ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍............."
മുഴുമിപ്പിക്കുന്നതിനു മുമ്പ് മൊബൈല്‍ ചിലച്ചു.
"സോറി, ഒരു മിന്റ്റെ "
ഹസ്ബന്റ് രാജു കുറുപ്പ്, "നിനാ, എന്‍റെ ടിഫിന്‍ ബോക്സില്‍ എന്താ വെറും ഉണക്ക ബ്രെഡും ജാമും മാത്രം"?
"ഓ, അതാ കാര്യം, വേലക്കാരി ജാനുവിനു പനി, ഞാന്‍ പിന്നെ ബിരിയാണി ഉണ്ടാക്കി തരണോ??
ഫോണ്‍ കട്ടാക്കി, നീന വീണ്ടം,
" നമ്മള്‍ എവിടെയാണ് നിര്‍ത്തിയത്"?


ഓണസദ്യ


ഓണത്തിന് ലീവ് കിട്ടാഞ്ഞതിനാല്‍ സദ്യ മൂന്നു നക്ഷത്ര ഹോട്ടെലില്‍ ആക്കി.
കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, ഗ്ലാസ്‌ ജനാലക്കു വെളിയില്‍ കുറെ തെരുവ് പിള്ളേര്‍ അകത്തേക്ക് നോക്കി ആര്‍ത്തിയോടെ നില്‍ക്കുന്നതു കണ്ടു.....
അയാള്‍ക്ക്‌, ആകെ ദേഷ്യം പിടിച്ചു.
"ഏ വെയിറ്റര്‍, ആ പിള്ളാരെ ഒന്ന് മാറ്റൂ..."
കുറച്ചു കഴിഞ്ഞപ്പോള്‍, പിള്ളാര്‍ വീണ്ടും വന്നു....
അയാള്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി....
ബില്‍ ക്ലിയര്‍ ചെയ്തു, കാറിന്നടുതെക്ക് നീങ്ങിയപ്പോള്‍, അയാള്‍ ഒരു കാഴ്ച കണ്ടു...
ഹോട്ടെലിലെ വേസ്റ്റ് ഇടുന്ന സ്ഥലത്ത്, എച്ചില്‍ ഇലക്കുവേണ്ടി അടിപിടി കൂടുന്ന ഒരുകൂട്ടം കുട്ടികള്‍.....

No comments:

Post a Comment