Monday, May 10, 2010

കവിത- നീലക്കുറിഞ്ഞി പൂത്തപ്പോള്‍

ഉത്സവ മേളമായല്ലോ, ഇനി
ഉന്മാദ നിമിഷങ്ങളല്ലോ
സഹ്യന്‍റെ മക്കളെല്ലാരും, കൂടി
ആര്‍ത്തുല്ലസിച്ചിടുന്നല്ലോ
പതിനാലു സംവല്‍സരങ്ങള്‍ കഴി-
ഞ്ഞിന്നു കുറിഞ്ഞി പൂത്തല്ലോ
മലയാകെ നീലിമ ചാര്‍ത്തി, ആ
നീലക്കുറിഞ്ഞി പൂത്തല്ലോ.....

സന്തോഷക്കണ്ണീരാല്‍ സഹ്യന്‍, ചെറു
മന്ദസ്മിതം തൂകുന്നല്ലോ
ഇമ വെട്ടിടാതെ തന്‍ മോളെ, ആകെ
അടിമുടി നോക്കിടുന്നല്ലോ

നറുമണമാകെ വിതറി, അപ്പോള്‍
പൊന്നിളം കാറ്റെത്തിയല്ലോ
നീലക്കുറിഞ്ഞിതന്‍ കാതില്‍, കാറ്റ്
പതിയനെ മന്ത്രിക്കുന്നല്ലോ
തുമ്പികള്‍, പൂമ്പാറ്റക്കൂട്ടം, എങ്ങും
മോദത്താല്‍ പാറിടുന്നല്ലോ
ഹൃദ്യമീ കാഴ്ചകള്‍ കണ്ടു, മനം
കോരിത്തരിച്ചിടുന്നല്ലോ.......

No comments:

Post a Comment