Monday, May 10, 2010

നുറുങ്ങു കഥകള്‍...

സാന്ത്വനം....

"നമ്മള്‍ പെണ്ണുങ്ങള്‍ കുറച്ചൊന്നു താഴ്ന്നു നില്‍ക്കുന്നത് എപ്പോഴും നല്ലതാണ്, ദാമ്പത്യത്തിന്റെ വിജയത്തിന്"
വനിതാ കമ്മിഷന്‍ മേധാവിയായ ശ്രീലത, മുന്നിലിരിക്കുന്ന ശ്രീദേവിയോട് പറഞ്ഞു.
"ഞാന്‍ ഒരു പാട് സഹിച്ചു മാഡം, അയ്യാളുടെ ശല്യം കൂടിക്കൂടി വരികയാ "
ശ്രീദേവിയുടെ മറുപടി.
"ദാമ്പത്യത്തില്‍ അല്ലറ ചില്ലറ മുട്ടലും തട്ടലും സ്വാഭാവികമല്ലേ? അതൊക്കെ ഒന്ന് അട്ജസ്റ്റ്‌ ചെയ്‌താല്‍ ശരിയാവും". പിന്നെ ഈ വിവാഹം എന്നൊക്കെ പറയുന്നത് ഒരിക്കല്‍ അല്ലെ ഉള്ളു"
ശ്രീ ദേവി നിര്‍വികാരയായി തല കുനുക്കി..
"എന്നാല്‍ ശരി, ഇനി പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കുക , ഓക്കേ"
ചുമലില്‍ സാന്ത്വനത്തിന്റെ തലോടല്‍ അറിഞ്ഞപ്പോള്‍, ശ്രീദേവിക്ക് സമാധാനം ആയി....
തിടുക്കത്തില്‍, ഓഫീസ് ടേബിള്‍ അറേഞ്ച് ചെയ്ത് ശ്രീലത ഒരു വലിയ ഫയലും ബാഗുമായി ധ്രിതിയില്‍ ഓഫീസിനു വെളിയില്‍ കടന്നു.....
ഇന്ന് നാല് മണിക്കാണ് തന്‍റെ വിവാഹമോചന കേസ് നോക്കുന്ന വക്കീലുമായി അപ്പോയിന്മേന്റ്റ്‌.....


നീക്കുപോക്കുകള്‍


"ദൈവമേ, ഇന്നത്തെ ഇന്റര്‍വ്യൂ എങ്കിലും സെലക്ട്‌ ആവണേ"
അതിരാവിലെ കുളിയും കഴിഞ്ഞു, ദീപ പൂജാമുറിയില്‍ കയറി പ്രാര്‍ഥന തുടങ്ങി.....
ഇത് പതിനാലാമത്തെതാണ്....
"പഠിപ്പും സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല, ഭാഗ്യം കൂടി വേണം. എനിക്ക്ഒട്ടും ഭാഗ്യമില്ല", ദീപയുടെ ആത്മഗതം.......

ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍, പുറത്തു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു....
അവസാനം എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍, പ്യൂണ്‍ വന്നു പറഞ്ഞു. "മാനേജര്‍ അകത്തേക്ക് വിളിക്കുന്നു"
"ദീപയെക്കാള്‍ മിടുക്കര്‍ ഒക്കെ ഉണ്ടായിരുന്നു, അവരെ ഒക്കെ ഒഴിവാക്കിയാണ് , ഞാന്‍ ഇയാളെ എടുക്കുന്നത്, അത് ഓര്‍മ വേണം.
"അറിയാം സര്‍, നന്ദിയുണ്ട്"
"ഇക്കാലത്ത് ആര്‍ക്കു വേണമെടോ, ഈ നന്ദിയൊക്കെ"? ചില നീക്ക് പോക്കുകള്‍ ഒക്കെ ചെയ്യേണ്ടി വരും"..........
ദീപ ഒന്നും മിണ്ടാതെ നിന്നു....
മനസ്സില്‍ ഒരായിരം ചിന്തകള്‍ ...പ്രായമായ അച്ഛന്‍, അമ്മ..
അനിയത്തി, അനിയന്മാര്‍....
അവള്‍ ഉരുകുകയായിരുന്നു......


മോചനം


"എന്തിനാ ആ പെണ്ണ് ഈ കടുംകൈ ചെയ്തത്? നല്ല സ്നേഹമുള്ള അച്ഛനമ്മമാര്‍, വീട്ടുകാര്‍....എന്നിട്ടും...."
ഫാനില്‍ തൂങ്ങി നില്ല്ക്കുന്ന രശ്മിയുടെ ശരീരം കണ്ടിട്ട് നാട്ടുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു.....
"പഠിത്തത്തിലും മിടുക്കിയായിരുന്നു , അവള്‍ " , വേറൊരാള്‍....

രശ്മി.....അച്ഛനമ്മമാരുടെ ഏകമകള്‍... പുറം ലോകത്തിനു ഉത്തമാ കുടുംബം......പക്ഷെ...
അകത്തു ഉമിത്തീ പോലെ നിത്യവും എരിയുന്ന തീ
തന്റെ പിതൃത്വതെ ചൊല്ലിയുള്ള വഴക്ക്....
അവള്‍ക്ക് വെട്ടി സ്നേഹം എന്നും അന്യമായിരുന്നു.
ഒരുനാള്‍, ഇരു കൈകളിലും സ്നേഹം വച്ചു നീട്ടി അവന്‍ സമീപിച്ചപ്പോള്‍.......അവളും ഒരു പെണ്ണായിരുന്നു.....

ഒടുവില്‍, തേന്‍ ഊറ്റി ക്കുടിച്ചു ഒരു വണ്ട്‌ പോലെ അവനും പറന്നകന്നപോള്‍.......
അവള്‍.....എല്ലാറ്റില്‍ നിന്നും മോചനം തേടി.....
ഒന്നും അറിയാത്ത, ഒരു ഏകാന്ത യാത്ര.......


ദൃഷ്ടി കോണ്‍


"പെണ്ണിന് ചെറിയ കോങ്കണ്ണ്‍ ഉണ്ട്, പക്ഷെ ഭേദപ്പെട്ട ചുറ്റുപാട് ആണ്"
ദല്ലാള്‍ വാസു പറഞ്ഞപ്പോള്‍, നാരായണന്‍ നായര്‍ പറഞ്ഞു,
"രാജനും ഇത്തിരി ഇല്ലാതില്ലല്ലോ , അത് കുഴപ്പമില്ല, നാളെ തന്നെ രാജനും അനിയ്നുംകൂടി കണ്ടു വരട്ടെ....
"ശരി, ഞാന്‍ അവരോടു വിവരം പറയാം, എന്നാല്‍ ഞാന്‍ അങ്ങോട്ട്‌".......
പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു രാജനും മറ്റും പോയപ്പോള്‍, പെണ്ണിന്റെ അനിയത്തി അവളോട്‌ ചോദിച്ചു, "ചേച്ചിക്ക് അയാളെ ഇഷ്ടായോ"
"ഉം, പക്ഷെ മുടി ഇത്തിരി കുറവാ അല്ലെ"
"അയ്യോ, ആ കഷണ്ടി അനിയന്‍ വിജയനാ"......

രാജന്റെ വീട്ടില്‍ എത്യതും പെങ്ങള്‍ അവനോട്, "എങ്ങനുണ്ട് പെണ്ണ്"
"കുഴപ്പമില്ല, ഇത്തിരി കറുത്തിട്ടാണ്"
അയ്യോ ചേട്ടാ, ആ കറുത്തത് അവള്‍ടെ അനിയത്തിയാ".........


മാതൃക


"നിങ്ങളുടെ മകന്‍റെ വികൃതി കുറെ കൂടുന്നുണ്ട് ട്ടോ, കുറെ നാളായി ക്ഷമിക്കുന്നു. ഇന്നലത്തേത് ക്ഷമിക്കുന്നതിലും അപ്പുറമാണ്"
ഹെഡ് മാസ്റ്ററുടെ മുമ്പില്‍, രാജുവിന്റെ അച്ഛന്‍ വിയര്‍ത്തു.
"എന്താ സര്‍, ഇന്നലെ അവന്‍ എന്താ ചെയ്തേ"?
"ചോദ്യം ചോദിച്ചു ഉത്തരം കിട്ടാത്തതിന് ശകാരിച്ച ഇന്ദിര ടീച്ചറെ, അവന്‍ എന്താ വിളിച്ചത്‌ എന്നറിയ്യോ"?
"അതെന്താ, ആ ചീത്തയൊക്കെ എപ്പോഴും, അച്ഛന്‍ അമ്മയെ വിളിക്കുന്നതല്ലേ, ഇത്ര സീരിയസ്‌ എന്താ"?
വളരെ "കൂള്‍" ആയി രാജുവിന്റെ മറുപടി.......


മഴത്തുള്ളികള്‍....


പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട്, അയാള്‍ വിശാലമായ കിടപ്പുമുറിയിലെ കിംഗ്‌ സൈസ് ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു....
എപ്പോളോ, മയക്കം കണ്കളെ തലോടിയപ്പോള്‍,
അയാള്‍ ഒരു സ്വപ്നം കണ്ടു.....
തന്‍റെ കുട്ടിക്കാലം.
ചോര്‍ന്നൊലിക്കുന്ന കൂര, അതില്‍ അച്ഛനമ്മമാരും,കിടാങ്ങള്‍ നാല് പേരും...
മഴ ഒന്നമര്‍ത്തു പെയ്താല്‍ അകത്തു മഴത്തുള്ളികള്‍ കിന്നാരം പറയാന്‍ തുടങ്ങും.....
മലര്‍ന്നു കിടന്നാല്‍, കണ്ണിലും വായിലും വെള്ളം ഉറപ്പ്...
മണ്‍ചട്ടികളുമായി രാതി മുഴുവന്‍ ഉറക്കമൊഴിചിരിക്കുന്ന അമ്മ....

പെട്ടെന്ന്, മുഖത്ത് വെള്ളത്തുള്ളികള്‍ വീണപോള്‍, അയാള്‍ ഞെട്ടി എഴുന്നേറ്റു.....
കയ്യില്‍ ഒരു കുഞ്ഞു ഗ്ലാസില്‍ വെള്ളവുമായി കുസൃതി കളിക്കുന്ന തന്‍റെ മോള്......


ഓണക്കോടി


"അവനു ഇപ്പ്രാവശ്യവും ലീവ്‌ ഇല്ല, അല്ലെ മോനെ"
കൊച്ചു മോളുടെ കയ്യില്‍, വലിയൊരു പൊതി കൊടുത്തപ്പോള്‍ ശിവന്‍റെ അമ്മ മനുവിനോട് ചോദിച്ചു.....
"ശിവന്‍റെ കമ്പനിയില്‍ ആള് കുറവാ അമ്മെ, അതാ അവനു............."
മനുവിന്‍റെ പതിഞ്ഞ മറുപടി..
മനു ഇന്നലെയാണ് നാട്ടില്‍ എത്തിയത്, ഓണം ആഘോഷിക്കാന്‍....
കയ്യില്‍ കിട്ടിയ പൊതിയുമായി മുറിയിലെക്കോടിയ കിങ്ങിണി മോള്‍ അമ്മയോട് ചോദിച്ചു..
"മനു അങ്കിള്‍ ഇടയ്ക്കിടെ വരുന്നുണ്ടല്ലോ അമ്മെ, അച്ഛന്‍ മാത്രം എന്താ മൂന്നു കൊല്ലമായി എന്നെ കാണാന്‍ വരാത്തെ"
സാരിത്തലപ്പ് കൊണ്ട് വായും പൊത്തി പുറത്തെക്കോടിയ അമ്മയെക്കണ്ട്, കിങ്ങിണി മോള്‍ക്ക് ഒന്നും മനസ്സിലായില്ല........


കിട്ടെണ്ടത്‌ കിട്ടിയാല്‍.....കുമ്പസാരക്കൂട്ടില്‍ നില്‍ക്കുന്ന മോനായിയോടു ഫാദര്‍ പറഞ്ഞു...
"എന്തിനാ കുഞ്ഞേ, എപ്പോളും ഇങ്ങനെ കുടിച്ചിട്ട്, ഭാര്യയെ തല്ലുന്നത്"?
"അച്ചോ, പറ്റിപോവുന്നതാ, കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു ലക്കും ലഗാനും കിട്ടുന്നില്ല"
അച്ഛന്‍ പറഞ്ഞു, "നോക്ക്, ഇനി കുഞ്ഞു കുടിച്ചു പ്രശ്നം ഒന്നും ഉണ്ടാക്കരുത്, നന്നായി ജീവിക്കണം"
"ശരി അച്ചോ"
വൈകീട്ട്, കുടിക്കാതെ, തികച്ചും ശാന്തനായി മോനായി വീട്ടിലെത്തി....
ഭാര്യക്കതു വിശ്വസിക്കാനായില്ല. അവള്‍ മനസ്സില്‍ പറഞ്ഞു,
"ഇന്ന് സൂര്യന്‍ എങ്ങാ ഉദിച്ചേ ?....
"ഹോ, എന്തൊരു നാറ്റം, ഇന്ന് നാടന്‍ ആണോ അടിച്ചത്?
"ഇല്ലെടി, ഞാന്‍ നന്നായി, ഇന്ന് കുടിച്ചിട്ടില്ല"
"അതിനു ഒരു ജന്മം കൂടി ഇയ്യാള്‍ ജനിക്കണം" അവള്‍ ആക്രോശിച്ചു.
എന്നിട്ടും മോനായി മറുതൊന്നും പറഞ്ഞില്ല
ഭക്ഷണം കഴികുമ്പോഴും, പലതും പറഞ്ഞു മോനായിയെ ശുണ്ടി പിടിപ്പിക്കാന്‍ നോക്കിയെങ്കിലും , അയാള്‍ ശാന്തനായി തന്നെ ഇരുന്നു...
രാത്രി ഏറെ വൈകിയിട്ടും, കിടക്കയില്‍, ഉറങ്ങാതെ കിടക്കുന്ന ഭാര്യയോടു, മോനായി ചോദിച്ചു, "ഉറക്കം വരുന്നില്ലേ"
"കിട്ടേണ്ടത് കിട്ടിയാല്‍ ഉറങ്ങാമായിരുന്നു".....
ആദ്യം മോനായിക്ക് പിടി കിട്ടിയില്ല, കുറെ വട്ടം അവള്‍ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍ക്ക്‌ സംഗതി പിടി കിട്ടി. ചെകിട്ടത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തപ്പോള്‍, അവള്‍ക്കു സമാധാനമായി, പിന്നെ സന്തോഷത്തോടെ കിടന്നുറങ്ങി.....


ഇഷ്ടാനിഷ്ടങ്ങള്‍


ദാമ്പത്യം എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ച് വിമന്‍സ്‌ ക്ലബ്ബില്‍ ഉഗ്രന്‍ ചര്‍ച്ച നടക്കുകയാണ്....
പലരും പലതും വാ തോരാതെ പ്രസംഗിച്ചു.
പ്രസിഡണ്ട്‌ നിന കുറുപ്പ് അവസാനമായി എഴുന്നേറ്റു.
"ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍............."
മുഴുമിപ്പിക്കുന്നതിനു മുമ്പ് മൊബൈല്‍ ചിലച്ചു.
"സോറി, ഒരു മിന്റ്റെ "
ഹസ്ബന്റ് രാജു കുറുപ്പ്, "നിനാ, എന്‍റെ ടിഫിന്‍ ബോക്സില്‍ എന്താ വെറും ഉണക്ക ബ്രെഡും ജാമും മാത്രം"?
"ഓ, അതാ കാര്യം, വേലക്കാരി ജാനുവിനു പനി, ഞാന്‍ പിന്നെ ബിരിയാണി ഉണ്ടാക്കി തരണോ??
ഫോണ്‍ കട്ടാക്കി, നീന വീണ്ടം,
" നമ്മള്‍ എവിടെയാണ് നിര്‍ത്തിയത്"?


ഓണസദ്യ


ഓണത്തിന് ലീവ് കിട്ടാഞ്ഞതിനാല്‍ സദ്യ മൂന്നു നക്ഷത്ര ഹോട്ടെലില്‍ ആക്കി.
കഴിച്ചു കൊണ്ടിരിക്കുമ്പോള്‍, ഗ്ലാസ്‌ ജനാലക്കു വെളിയില്‍ കുറെ തെരുവ് പിള്ളേര്‍ അകത്തേക്ക് നോക്കി ആര്‍ത്തിയോടെ നില്‍ക്കുന്നതു കണ്ടു.....
അയാള്‍ക്ക്‌, ആകെ ദേഷ്യം പിടിച്ചു.
"ഏ വെയിറ്റര്‍, ആ പിള്ളാരെ ഒന്ന് മാറ്റൂ..."
കുറച്ചു കഴിഞ്ഞപ്പോള്‍, പിള്ളാര്‍ വീണ്ടും വന്നു....
അയാള്‍ ഭക്ഷണം മതിയാക്കി എഴുന്നേറ്റു പോയി....
ബില്‍ ക്ലിയര്‍ ചെയ്തു, കാറിന്നടുതെക്ക് നീങ്ങിയപ്പോള്‍, അയാള്‍ ഒരു കാഴ്ച കണ്ടു...
ഹോട്ടെലിലെ വേസ്റ്റ് ഇടുന്ന സ്ഥലത്ത്, എച്ചില്‍ ഇലക്കുവേണ്ടി അടിപിടി കൂടുന്ന ഒരുകൂട്ടം കുട്ടികള്‍.....


കാലും, കഴുത്തും....ഖാദര്‍ക്കയുടെ ഹോട്ടലില്‍ക്കേറി ജമാല്‍ നീട്ടി ഓര്‍ഡര്‍ പാസ്സാക്കി..
"നാല് പൊറോട്ടയും, കോയീക്കറിയും"...
"ദാ, ഇപ്പൊ എത്തി"... ഖാദര്‍ക്ക

കോഴിക്കറിയുടെ പാത്രത്തില്‍ വിരല്‍ ഇളക്കിക്കൊണ്ടു ജമാല്‍ പറഞ്ഞു,
" ന്റെ ഇക്കാ, കൊയീന്റെ ഒരു കാലു ഇട്ടൂടെ?"

"എന്റെ മോനെ, കോയിക്ക് രണ്ടു കാലല്ലേ ഉള്ളു, എല്ലാരും കാലിനു ചോയിച്ചാല്‍ , ഞമ്മള്‍ എന്താ ചെയ്യാ"?

"എന്നാ പിന്നെ, കോയിക്ക് ഒറ്റ കവുതല്ലേ ഉള്ളൂ, ഈ പ്ലേറ്റ് മുയുവന്‍ കോയീന്റെ കവുത്താണല്ലോ"........


ഒളിച്ചോട്ടം ...."നാളെ രാവിലെ എട്ടു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തണം, അധികം ലഗ്ഗേജ് ഒന്നും എടുക്കണ്ട, അത്യാവശ്യം സാധനങ്ങളും, കുറച്ചു പൈസയും, പിന്നെ നിന്റെ സ്വര്‍ണവും"
ഒളിചോടലിന്റെ പ്ലാനിംഗ് പൂര്‍ത്തിയാക്കി , അവര്‍ പിരിഞ്ഞു....
അന്ന് രാത്രി രണ്ടുപേര്‍ക്കും ഉറക്കം വന്നില്ല...
അതിരാവിലെ എഴുന്നേറ്റു, ദിനചര്യകള്‍ ചെയ്തു എന്നാക്കി, തലേന്ന് തന്നെ വീട്ടില്‍ ചില നുണക്കഥകള്‍ ഒക്കെ പറഞ്ഞുവെച്ചതനുസരിച്ചു ഏഴര മണിക്ക് വീട് വിട്ടു.....ഒരിക്കലും മടങ്ങി വരില്ല എന്നുറച്ച വിശ്വാസത്തോടെ.....
സ്റ്റേഷനില്‍ എത്തി, അവന്‍ വന്നിരുന്നില്ല.....ഒമ്പത്, പത്തു, പതിനൊന്നു....മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവന്‍ മാത്രം വന്നില്ല....
താന്‍ കബളിപ്പിക്കപ്പെട്ടു എന്നവള്‍ക്ക് ബോധ്യമായി..
ഇല്ല, ഇനി മടങ്ങിപ്പോക്കില്ല, ഈ ജീവിതം ഇവിടെ അവസാനിപ്പിക്കാം.....ആളൊഴിഞ്ഞ റെയില്‍വേ ലൈനിലേക്ക് അവള്‍ നടക്കാന്‍ തുടങ്ങി....കണ്ണില്‍ നിന്നും, കണ്ണുനീര്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു...


ചുവപ്പ് നാട"സാറേ, എട്ടു മാസമായി ഈ ഫയലുമായി ഞാന്‍ പല ഓഫീസുകളിലും കേറി ഇറങ്ങുവാണ്. വയ്യാത്ത എന്നെക്കൊണ്ട് ഇനി ഓടിക്കരുത്, ഒന്ന് പെട്ടെന്ന് ശരിയാക്കിതരണം, അപേക്ഷയാണ്" ... സ്വാതന്ത്ര്യസമര പെന്ഷ നുള്ള അപേക്ഷയുടെ ഫയലുമായി കരുണാകരന്‍ നായര്‍ ഹെഡ് ക്ലെര്‍കിനോട് പറഞ്ഞു...
തല ഒന്ന് ഉയര്‍ത്തി നോക്കാതെ, അയാള്‍ തെല്ലു നീരസത്തോടെ പറഞ്ഞു, "അതിപ്പോ എന്റെ കുറ്റം അല്ലല്ലോ, നിയമം പറയുന്നത് ഞങ്ങള്‍ക്ക് അനുസരിക്കണം"..
കുറച്ചു കഴിഞ്ഞു, അയാള്‍ ഫയല്‍ തുറന്നു..സര്ടിഫികറ്റുകള്‍ ഓരോന്നായി മറിച്ചു നോക്കി..
"ഇതില്‍ നിങ്ങള്‍ സ്വാതത്ര്യ സമരത്തില്‍ പങ്കെടുത്തു എന്ന് തെളിയിക്കുന്ന സര്ടിഫികറ്റ്‌ ഇല്ലല്ലോ, അതില്ലെങ്കില്‍ സംഗതി നടക്കില്ല, അതുമായി, രണ്ട് ദിവസം കഴിഞ്ഞു വരൂ"
വെള്ളക്കാരുടെ, ഇരുമ്പ് ബൂട്സു കളാല്‍ ചതക്കപ്പെട്ട നെഞ്ചകം തടവി, ഉച്ചതില്‍ ചുമച്ചു കൊണ്ട് അദ്ദേഹം പടിയിറങ്ങി...
ആ പഴയ യോദ്ധാവിന്റെ മനസ്സ് പറയുന്നത് എന്തായിരിക്കും????????


ഗൃഹപ്രവേശം..."എടീ, ആ തേപ്പുകാരനോട് പറഞ്ഞു വേഗം ഒന്ന് പണി തീര്‍ത്തുതരാന്‍ പറ, ഞാന്‍ അടുത്ത മാസം ഒരാഴ്ച ലീവ് എടുത്തുവന്നിട്ട് , കേറിക്കൂടാം"
കശ്മീരില്‍ നിന്നും വിളിക്കുമ്പോള്‍, അയാള്‍ക്ക്‌ ഇത് മാത്രമേ പറയാന്‍ കാണൂ..
തന്റെ ജീവിതത്തിന്റെ വലിയ പങ്കും ഭാരതാംബക്ക് വേണ്ടി നീക്കിവെച്ചു, വയസ്സാം കാലത്ത് ഒന്ന് സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരു കൂര, അയാളുടെ സ്വപ്നമായിരുന്നു.....
"ഞാന്‍ പറഞിട്ടുണ്ട് ചേട്ടാ, അയാള്‍ വേഗം തീര്‍ത്തു തരാം എന്ന് പറഞ്ഞു".
"എന്നാല്‍ ശരി" മറ്റൊന്നും പറയാതെ അയാള്‍ ഫോണ്‍ വെച്ചു....

രണ്ടാഴ്ചകള്‍ക്ക് ശേഷം, ഒരു പുലരി പിറന്നത്‌, നടുക്കുന്ന ഒരു വാര്‍ത്തയുമായാണ്, "അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍, മലയാളിയടക്കം 4 സൈനികര്‍ മരിച്ചു".
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ ചേതനയറ്റ ആ ശരീരം ആ നവ ഗൃഹതിലേക്കു കയറ്റുമ്പോള്‍ അയാളുടെ സ്വപ്നം സാക്ഷാത്ക രിക്കപെടുകയായിരുന്നു...


മുറപെണ്ണ്...."എനിക്ക് വയ്യ, അവളെ കെട്ടാന്‍, എനിക്ക് എന്റെ സ്റ്റാറ്റസ് കൂടി നോക്കണ്ടേ? വെറും പത്താം ക്ലാസും അടുക്കള പ്പണിയും അറിയുന്ന അവളെ കെട്ടിയാല്‍............."
അച്ഛന്റെയും, അമ്മയുടെയും അടുത്ത് മനു ചൂടായി.
"എടാ, ചെറുപ്പം തൊട്ടു,നിന്റെ പെണ്ണ് എന്ന് പറഞ്ഞല്ലേ അവള്‍ വളര്‍ന്നത്‌, ഇതിരി വിദ്യാഭ്യാസം കുറവാ എന്നല്ലേയുള്ളൂ" ..അമ്മ..
"എനിക്ക് പഴം പുരാണം ഒന്നും കേള്‍ക്കണ്ട, എനിക്ക് പറ്റില്ല, അത്ര തന്നെ"
അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു..... കല്യാണ നിശ്ചയം കഴിഞ്ഞു, പെണ്ണ് പണക്കാരി, പഠിചവള്‍....അവനു പെരുത്ത്‌ ഇഷ്ടായി....

വിവാഹ തലേന്ന്, മനുവിന്റെ അച്ഛന് ഒരു ഫോണ്‍, പെണ്ണിന്റെ അച്ഛന്‍...
"അത്, അത് പിന്നെ , അവള്‍ക്കു ഇതിനു അത്ര താല്പര്യം ഇല്ല"
പിന്നീട് അന്വേഷിച്ചപ്പോള്‍, അറിഞ്ഞത് അവള്‍ കാമുകന്റെ കൂടെ പോയെന്നാണ്......
ഭാവങ്ങള്‍ മാറാന്‍ അധിക സമയം വേണ്ടി വന്നില്ല...
"മോളെ, അവനു നിന്നെ ഇഷ്ടം തന്നെയാ, പിന്നെ ആദ്യം................."
അമ്മാവന്റെയും, അമ്മായിയുടെയും "സ്നേഹമാര്‍ന്ന" വര്‍ത്താനം....
പാവം ലതിക, അവള്‍ തല കുനുക്കി....

നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടന്നു.......ദൈവ നിശ്ചയം..ശവകല്ലറ...തറവാടിന്റെ ഭാഗം വെക്കല്‍ നടക്കുകയാണ്..
വിദേശത്തുള്ളവരും, നാട്ടിലുള്ളവരും , എല്ലാരും എത്തിയിട്ടുണ്ട്....
എല്ലാ മുഖത്തും ആശങ്കയുടെ നിഴലിപ്പ് വ്യക്തമാണ്...
ഒരു ചാരുകസേരയില്‍, അമ്മ മാത്രം വിദൂരതയില്‍ കണ്ണും നട്ട് ഇരിക്കുന്നു..
"എന്നാല്‍ കാര്യങ്ങള്‍ നടക്കട്ടെ സാര്‍" മൂത്ത മകന്‍ സര്‍വെയറോട് ....
"അപ്പൊ എങ്ങിനെയാ കാര്യങ്ങള്‍" , സര്‍വേയര്‍ ..
"ആകെ അഞ്ചു ഓഹരി, നമ്മള്‍ നാലുപേര്‍ക്കും, ഒന്ന് അമ്മയ്ക്കും, അമ്മയെ നോക്കുന്ന ആള്‍ക്ക്, അവരുടെ കാലശേഷം ആ ഓഹരി"
എല്ലാം നിശ്ചയിച്ചു ഉറപ്പിച്ചപോലെ മറുപടി.....
"അപ്പൊ, പറമ്പിന്റെ മൂലയിലെ അച്ഛന്റെ ശവക്കല്ലറ"? അതുവരെ മൂകയായിരുന്ന അമ്മ പതിയെ ചോദിച്ചു..
"അത് വിധി പ്രകാരം നീക്കം ചെയ്യാന്‍ ആളെ ആക്കിയിട്ടുണ്ട്"
മറുപടി വന്നത് ഏകസ്വരത്തില്‍ ആയിരുന്നു.....


സ്നേഹ പര്‍വ്വം..."കുട്ടി ഈ കവിതാരചന മത്സരത്തിനു, പോകണം, കുട്ടിക്ക് നല്ല കഴിവുണ്ട്"

മലയാളം മാഷിന്റെ സ്നേഹ പൂര്‍വ്വമുള്ള നിര്‍ബന്ധം കേട്ട് മായ പറഞ്ഞു,
" വേണ്ട മാഷെ, അവിടൊക്കെ വലിയ വലിയ കവികള്‍ വരില്ലേ, അവരുടെ മുന്നില്‍ ഞാന്‍ ആര്"? വിങ്ങുന്ന മനസ്സ് പുറത്തു കാട്ടാതെ അവള്‍ പറഞ്ഞു...

"അത് സാരമില്ല, ഒന്ന് ശ്രമിച്ചു കൂടെ"? .....മാഷ്‌......

അങ്ങിനെ മായ മത്സരത്തിനു പോയി...
ഫലപ്രഖ്യാപനത്തില്‍, ഒന്നാം സ്ഥാനം മായയുടെ "സ്നേഹ പര്‍വ" ത്തിനു...
വിധി കര്‍ത്താക്കളുടെ പ്രശംസനക്കുറിപ്പുകള്‍ ......

സമ്മാനദാനവേദിയിലേക്ക് പോകുമ്പോള്‍ മായ വിതുമ്പുകയായിരുന്നു....
അത്.....അവളുടെ കഥയായിരുന്നു......


ആതുര സേവനം....നട്ട പ്പാതിരക്ക്, മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ അടിച്ചപ്പോള്‍, അയാള്‍ക്ക്‌ ദേഷ്യം വന്നു, പിന്നെ അത് ഓഫാക്കി...
ഇത്തിരി കഴിഞ്ഞപ്പോള്‍, ലാന്‍ഡ്‌ ഫോണില്‍ ഒരു കാള്‍....കാളര്‍ ഐ ഡി നോക്കിയപ്പോള്‍, താന്‍ ജോലി നോക്കുന്ന ആശുപത്രിയിലെ നമ്പര്‍ ആണ്...
"സര്‍, ഇന്നലെ വൈകിട്ടത്തെ ഡെലിവറി കേസ്, ഇപ്പൊ ബ്ലീഡിംഗ് വളരെ കൂടി" നേഴ്സ് വെപ്രാളത്തോടെ ഇത്രയും പറഞ്ഞു....
"ഈ പാതിരക്ക്, എനിക്ക് ഡ്രൈവ് ചെയ്തു അത്രയും ദൂരം വരാന്‍ പറ്റില്ല, നേഴ്സ് ഒരു കാര്യം ചെയ്യ്, ഇന്നലത്തെ അതെ മരുന്നും, പിന്നെ പെയിന്‍ കില്ലെറും കൊടുത്തോ, ഞാന്‍ രാവിലെ തന്നെ എത്തിക്കോളാം....
"സര്‍, അത് പിന്നെ, ബ്ലഡ്‌ ഒരു പാട് പോയി"....നേഴ്സ് പറഞ്ഞു.
"പറഞ്ഞത് അനുസരിച്ചാല്‍ മതി, ട്ടോ " അയാള്‍ ചൂടായി....
വീണ്ടും രാവിലെ അഞ്ചു മണിക്ക് അയാള്‍ക്ക്‌ ഒരു കാള്‍ വന്നു....
"സര്‍, അത്......അത്......ആ സ്ത്രീ.........................
എത്ര സ്പീഡില്‍ ആണ് അയാള്‍ ആസ്പത്രിയില്‍ എത്തിയതെന്ന റിയില്ല....
പക്ഷെ , അപ്പോളേക്കും, എല്ലാം കഴിഞ്ഞിരുന്നു.....
ആതുര സേവനത്തിന്റെ പുതിയ മുഖം.....(സംഭവ കഥ)


ബ്രാന്‍ഡ്‌ അംബാസ്സഡാര്‍ ..ജനപ്രിയനായികയുടെ പഴയ അസിസ്റ്റന്റ്‌നു പകരം പുതിയ ഒരാള്‍ വന്നു..
ഷൂട്ടിംഗ് സ്ഥലത്ത് നല്ല വെയില്‍ ആയിരുന്നു... ഷോട്ട് കഴിഞ്ഞ ഉടനെ, വന്നു അവര്‍ അസ്സിസ്ടന്റിനോട്..
"ആ പുതിയ ഫേസ് വാഷ്‌ ഇങ്ങെടുത്തെ"..
ഉടന്‍ തന്നെ അയാള്‍ ഒരു സ്വദേശി ഫേസ് വാഷ്‌ എടുത്തു നീട്ടി ..
നടിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
"അയാള്‍ പോകുന്നതിനു മുമ്പ് ഒന്നും പറഞ്ഞു തന്നില്ലേ ഡോ , ഇയ്യാള്‍ക്ക്?"
"മാഡം, അത് പിന്നെ മാഡം, ഈ ഫേസ് വാഷിന്റെ ബ്രാന്‍ഡ്‌ അംബാസ്സ ഡാര്‍ അല്ലെ, അതോണ്ടാ ഇത് മേടിച്ചേ..."
"എന്ന് വെച്ചു ഞാനും ആ വെടക്ക് സാധനം തന്നെ ഉപയോഗിക്കണോ"
നടിയുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു...

No comments:

Post a Comment