Sunday, May 23, 2010

അഗോചരങ്ങള്‍...

എന്തിനീ പഞ്ചെന്ദ്രിയങ്ങള്‍ നമുക്കീ-
ധരിത്രിയില്‍ എല്ലാം അഗോചരങ്ങളെങ്കില്‍... ..

വ്യര്‍ത്ഥമായൊഴുക്കുന്ന ചോരപ്പുഴകളും
ലാവപോലുരുകും മനങ്ങളും കാണാത്ത
ദര്‍ശനെന്ദ്രിയങ്ങള്‍..

കെട്ടുനാറിടും സാമൂഹ്യസത്യങ്ങള്‍ അറിയാത്ത
കുരുന്നുഹൃദയങ്ങള്‍ കത്തിയമരുന്നതറിയാത്ത
ഘ്രാണേന്ദ്രിയങ്ങള്‍...

വര്‍ഗീയഭീകരവാദങ്ങള്‍ വീഞ്ഞില്‍ ചേര്‍ത്ത്
യുഗപുരുഷന്മാര്‍ പകര്‍ന്നു നല്‍കീടുമ്പോള്‍
വീഞ്ഞിലെ മധുരിക്കും വിഷമറിയാത്ത
രസേന്ദ്രിയങ്ങള്‍...

സ്നേഹത്തിന്‍ തലോടലുകള്‍ പണ്ടേ മറന്ന
കൂടപ്പിറപ്പിന്‍ നിശ്വാസമറിയാത്ത
സ്പര്‍ശനേന്ദ്രിയങ്ങള്‍..

കരുണയ്ക്കായുള്ളോരു കുഞ്ഞിന്‍വിളി കേള്‍കാത്ത
മാര്‍പിളന്നാര്‍ക്കുന്ന പ്രകൃതിയെ കേള്‍കാത്ത
ശ്രവണേന്ദ്രിയങ്ങള്‍...

എന്തിനീ പഞ്ചെന്ദ്രിയങ്ങള്‍ നമുക്കീ-
ധരിത്രിയില്‍ എല്ലാം അഗോചരങ്ങളെങ്കില്‍... ..

No comments:

Post a Comment