Sunday, May 23, 2010

നുറുങ്ങുകഥകള്‍ - ഏഴ്

സ്നേഹ പര്‍വ്വം...

"കുട്ടി ഈ കവിതാരചന മത്സരത്തിനു, പോകണം, കുട്ടിക്ക് നല്ല കഴിവുണ്ട്"

മലയാളം മാഷിന്റെ സ്നേഹ പൂര്‍വ്വമുള്ള നിര്‍ബന്ധം കേട്ട് മായ പറഞ്ഞു,
" വേണ്ട മാഷെ, അവിടൊക്കെ വലിയ വലിയ കവികള്‍ വരില്ലേ, അവരുടെ മുന്നില്‍ ഞാന്‍ ആര്"? വിങ്ങുന്ന മനസ്സ് പുറത്തു കാട്ടാതെ അവള്‍ പറഞ്ഞു...

"അത് സാരമില്ല, ഒന്ന് ശ്രമിച്ചു കൂടെ"? .....മാഷ്‌......

അങ്ങിനെ മായ മത്സരത്തിനു പോയി...
ഫലപ്രഖ്യാപനത്തില്‍, ഒന്നാം സ്ഥാനം മായയുടെ "സ്നേഹ പര്‍വ" ത്തിനു...
വിധി കര്‍ത്താക്കളുടെ പ്രശംസനക്കുറിപ്പുകള്‍ ......

സമ്മാനദാനവേദിയിലേക്ക് പോകുമ്പോള്‍ മായ വിതുമ്പുകയായിരുന്നു....
അത്.....അവളുടെ കഥയായിരുന്നു......


ശവകല്ലറ...


തറവാടിന്റെ ഭാഗം വെക്കല്‍ നടക്കുകയാണ്..
വിദേശത്തുള്ളവരും, നാട്ടിലുള്ളവരും , എല്ലാരും എത്തിയിട്ടുണ്ട്....
എല്ലാ മുഖത്തും ആശങ്കയുടെ നിഴലിപ്പ് വ്യക്തമാണ്...
ഒരു ചാരുകസേരയില്‍, അമ്മ മാത്രം വിദൂരതയില്‍ കണ്ണും നട്ട് ഇരിക്കുന്നു..
"എന്നാല്‍ കാര്യങ്ങള്‍ നടക്കട്ടെ സാര്‍" മൂത്ത മകന്‍ സര്‍വെയറോട് ....
"അപ്പൊ എങ്ങിനെയാ കാര്യങ്ങള്‍" , സര്‍വേയര്‍ ..
"ആകെ അഞ്ചു ഓഹരി, നമ്മള്‍ നാലുപേര്‍ക്കും, ഒന്ന് അമ്മയ്ക്കും, അമ്മയെ നോക്കുന്ന ആള്‍ക്ക്, അവരുടെ കാലശേഷം ആ ഓഹരി"
എല്ലാം നിശ്ചയിച്ചു ഉറപ്പിച്ചപോലെ മറുപടി.....
"അപ്പൊ, പറമ്പിന്റെ മൂലയിലെ അച്ഛന്റെ ശവക്കല്ലറ"? അതുവരെ മൂകയായിരുന്ന അമ്മ പതിയെ ചോദിച്ചു..
"അത് വിധി പ്രകാരം നീക്കം ചെയ്യാന്‍ ആളെ ആക്കിയിട്ടുണ്ട്"
മറുപടി വന്നത് ഏകസ്വരത്തില്‍ ആയിരുന്നു.....


മുറപെണ്ണ്....


"എനിക്ക് വയ്യ, അവളെ കെട്ടാന്‍, എനിക്ക് എന്റെ സ്റ്റാറ്റസ് കൂടി നോക്കണ്ടേ? വെറും പത്താം ക്ലാസും അടുക്കള പ്പണിയും അറിയുന്ന അവളെ കെട്ടിയാല്‍............."
അച്ഛന്റെയും, അമ്മയുടെയും അടുത്ത് മനു ചൂടായി.
"എടാ, ചെറുപ്പം തൊട്ടു,നിന്റെ പെണ്ണ് എന്ന് പറഞ്ഞല്ലേ അവള്‍ വളര്‍ന്നത്‌, ഇതിരി വിദ്യാഭ്യാസം കുറവാ എന്നല്ലേയുള്ളൂ" ..അമ്മ..
"എനിക്ക് പഴം പുരാണം ഒന്നും കേള്‍ക്കണ്ട, എനിക്ക് പറ്റില്ല, അത്ര തന്നെ"
അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു..... കല്യാണ നിശ്ചയം കഴിഞ്ഞു, പെണ്ണ് പണക്കാരി, പഠിചവള്‍....അവനു പെരുത്ത്‌ ഇഷ്ടായി....

വിവാഹ തലേന്ന്, മനുവിന്റെ അച്ഛന് ഒരു ഫോണ്‍, പെണ്ണിന്റെ അച്ഛന്‍...
"അത്, അത് പിന്നെ , അവള്‍ക്കു ഇതിനു അത്ര താല്പര്യം ഇല്ല"
പിന്നീട് അന്വേഷിച്ചപ്പോള്‍, അറിഞ്ഞത് അവള്‍ കാമുകന്റെ കൂടെ പോയെന്നാണ്......
ഭാവങ്ങള്‍ മാറാന്‍ അധിക സമയം വേണ്ടി വന്നില്ല...
"മോളെ, അവനു നിന്നെ ഇഷ്ടം തന്നെയാ, പിന്നെ ആദ്യം................."
അമ്മാവന്റെയും, അമ്മായിയുടെയും "സ്നേഹമാര്‍ന്ന" വര്‍ത്താനം....
പാവം ലതിക, അവള്‍ തല കുനുക്കി....
നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടന്നു.......ദൈവ നിശ്ചയം..

No comments:

Post a Comment