Sunday, May 23, 2010

സ്നേഹ സങ്കീര്‍ത്തനങ്ങള്‍....(KADHA)

"ആ നിലവിളക്ക് കൊളുതിക്കൊള്ളൂ, അവര്‍ എത്താറായി"
ചാര് കസേരയില്‍ ഇരുന്നു അകത്തേക്ക് നോക്കിക്കൊണ്ടു അച്യുതന്‍ നമ്പ്യാര്‍ പറഞ്ഞു...
പ്രസിദ്ധമായ മേലെത്തിടത്ത് തറവാട്....പഴയകാലപ്രതാപം വിളിച്ചോതുന്ന നാലുകെട്ട്... നാടുപ്രമാണിയും ജന്മിയുമായിരുന്നു അച്യുതന്‍ നമ്പ്യാര്‍...ഇന്നും പ്രൌഡി ഒട്ടും കുറഞ്ഞിട്ടില്ലയാള്‍ക്ക്...
ഇന്ന് അവരുടെ കൊച്ചുമോള്‍ ദീപയുടെ വിവാഹ നിശ്ചയം..മുറ്റത്ത്‌ വലിയ പന്തല്‍... അകത്തു നിശ്ചയാതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി...
"മാലതീ, അവരിങെത്തി, കുടിക്കാനുള്ള വെള്ളം എടുത്തോളൂ"
പയ്യനും ആള്‍ക്കാരും എത്തിചേര്‍ന്നു...
മൂത്തവര്‍ എല്ലാവരും കണിയാരും കൂടി പൂമുഖത്ത് നിശ്ചയത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി...പുറത്തു ചായ സല്‍ക്കാരത്തിന്റെ ബഹളം...
എല്ലാം തീരുമാനിച്ചുറപ്പിചതിനുശേഷം, അച്യുതന്‍ നമ്പ്യാര്‍ പറഞ്ഞു..
"അപ്പൊ ചിങ്ങം ഇരുപത്തൊന്നിനു രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍, വധൂഗൃഹത്തില്‍വെച്ചു താലികെട്ട്"
"എന്നാല്‍ ഇനി ആ മോതിരംകൂടി മാറിക്കൊള്ളൂ"..
മോതിരം മാറ്റം കഴിഞ്ഞു...

"ഇനി ഭക്ഷണത്തിനു വൈകിക്കണ്ട, എല്ലാരോടും ഇരിക്കാന്‍ പറഞ്ഞൊള്ളൂ".. ദീപയുടെ അച്ഛന്‍ പയ്യന്റെ അമ്മാമനോട് പറഞ്ഞു...

എന്തോ എടുക്കാന്‍ വേണ്ടിയാണ് മാലതി കിണറിന്റെ അടുത്തേക്ക് പോയത്....
അപ്പോഴതാ, തൊടിയില്‍ ദീപയും പ്രതിശ്രുത വരനും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു...അവര്‍ക്ക് യാതൊരു പരിചയക്കേടും ഇല്ല...എത്രയോ നാളത്തെ സൗഹൃദം ഉള്ള പോലെ...അമ്മയെ കണ്ടതും അവര്‍ ചിരിച്ചു...

മാലതി അകത്തേക്ക് പോയി.....
മുറിയില്‍ എത്തിയ മാലതി, വെറുതെ ചുമരില്‍ തൂക്കിയ അവരുടെ പഴയ, വിവാഹ ഫോട്ടോയിലേക്ക് നോക്കി....
ഓര്‍മ്മകള്‍ ദാശാബ്ധങ്ങള്‍ പിറകിലേക്ക്....

"അവന്‍ ഇനി കാണണ്ട ആവശ്യം ഒന്നൂല്ലടോ അച്ചു, ഞാന്‍ പറഞ്ഞാല്‍ അവനു സമ്മതാ" രാജശേഖരന്‍നമ്പ്യാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു...
"എന്നാ പിന്നെ എല്ലാം പറഞ്ഞ പോലെ"..

പഴയ സുഹൃതുക്കള്‍ ...രണ്ടു പേര് കേട്ട തറവാട്ടുകാര്‍, ജന്മികള്‍....സമാനതകള്‍ ഏറെ...
മകന്‍ ദേവന് പെണ്ണ് ചോദിച്ചു വന്നതാണ് രാജശേഖരന്‍ നമ്പ്യാര്‍ ...
ദേവന്‍ വക്കീലാണ്, പഠിച്ചതൊക്കെ മദ്രാസ്സില്‍, ഇപ്പോള്‍ പട്ടണത്തിലെ പ്രഗല്‍ഭനായ ക്രിമിനല്‍ വക്കീലിന് കീഴില്‍ പ്രാക്ടിസ്‌ ചെയ്യുന്നു...
മാലതി, അച്യുതന്‍ നമ്പ്യാരുടെ ഒറ്റ മോള്...
"നീ പഠിച്ചു ഉദ്യോഗം ഭരിചിട്ട് ഇവിടെ കുടുംബം പുലരേണ്ട ഗതികേടൊന്നും ഇല്ല" ഇതായിരുന്നു അച്ചു നമ്പ്യാരുടെ സ്ഥിരം പല്ലവി...
ഫലം, നാലാം ക്ലാസ്സില്‍ മാലതി പഠിത്തം നിര്‍ത്തി...

"നല്ലോണം പഠിച്ച ചെക്കനല്ലേ, ഇവളെയൊക്കെ ബോധിക്വോ"..അവര്‍ പോയതിനു ശേഷം മാലതിയുടെ അമ്മ വാതിലിനു പുറകില്‍ നിന്ന് കൊണ്ട് ചോദിച്ചു...
"രാജനെ എനിക്കറിയാം, പറഞ്ഞാല്‍ വാക്കാ"...അച്യുതന്‍ നമ്പ്യാര്‍ക്ക് ആധി തീരെയില്ല...

"ഈ തറവാട്ടില്‍ ഒറ്റ വാക്കേയുള്ളൂ, അതും അവസാന വാക്ക്"
സീനിയര്‍ വക്കീലിന്റെ മകളുമായി ദേവന് ഇഷ്ടാണെന്ന് പറഞ്ഞു തുടങ്ങിയതെയുള്ളൂ, ദേവന്റെ അമ്മ, അപ്പോഴേക്കും....
കണ്ണ്ചുവപ്പിച്ചുകൊണ്ട് രാജശേഖരന്‍നായര്‍....

കാര്യങ്ങള്‍ വളരെപെട്ടെന്ന് നീങ്ങി...ഉറപ്പിക്കലും, കല്യാണവും സല്കാരവും എല്ലാം....
മാലതി വളരെ പെട്ടെന്ന് തറവാടുമായി ഇണങ്ങി...അടുക്കളയില്‍ അവള്‍ക്കു ഒരു പ്രത്യേക സാമര്‍ത്ഥ്യം ആയിരുന്നു...
"കൈപുണ്യമുള്ള ഒരു പെണ്ണ് വന്നത്കൊണ്ട്, മനംമുട്ടാതെ കഞ്ഞി കുടിക്കാം, ആ വക്കീല്‍ വന്നിരുന്നെങ്കില്‍ കാണായിരുന്നു.." അച്ഛന്റെ സപ്പോറ്ട്ട് എപ്പോളും അവള്‍ക്കു തന്നെ...

തന്റെ പരിമിതികള്‍ എല്ലാം അറിഞ്ഞു അവള്‍ എല്ലാരേയും സ്നേഹിച്ചു...
ആദ്യമൊക്കെ പൊരുത്തപ്പെടാന്‍ ദേവന്‍ ഒരുപാട് കഷ്ടപ്പെട്ടു..
പതിയെ അവളുടെ സ്നേഹത്തിനു മുമ്പില്‍...പരിചരണത്തിന് മുമ്പില്‍....
അയാള്‍ തോല്‍ക്കുകയായിരുന്നു.....

വിവാഹ ശേഷവും, ആദ്യമൊക്കെ പാര്‍ടിയിലും മറ്റും ദേവന്‍ ഒറ്റക്കാണ് പോയിരുന്നത്...ഭാര്യക്ക് അസുഖമെന്നോ, മറ്റോ നുണ പറയും എപ്പോഴും...
"എടാ നിനക്ക് ആ പെണ്ണിനെ കൂടി കൂട്ടിയാല്‍ എന്താ" ...അമ്മയുടെ ചോദ്യത്തിന് അയാള്‍ മറുപടി പറയാറില്ലായിരുന്നു...

"അമ്മെ, അവിടെയൊക്കെ വല്യ ആള്‍ക്കാര്‍ വരുന്നതല്ലേ, പിന്നെ എനിക്ക് ഈ കൂടുതല്‍ ആള് വരുന്നിടം പോണതെ ഇഷ്ടല്ല" മാലതിയുടെ ഈ വര്‍ത്താനം കേട്ടാല്‍, അമ്മ പിന്നെ ഒന്നും മിണ്ടില്ല...

അതിനിടെ അവരുടെ ജീവിതത്തില്‍ ഒരു പുതിയ അതിഥികൂടി വന്നു....
അവള്‍ക്കു ദീപയെന്നു പേരിട്ടു...തറവാടിന്റെ ദീപമായി അവള്‍ വളര്‍ന്നു...
ദേവന്‍ ദിവസം കഴിയുന്തോറും മാറുകയായിരുന്നു...

"നിനക്ക് എന്നോട് ദേഷ്യമുണ്ടോ, മാലതീ," ഒരു രാത്രി ദേവന്‍ അവളോട്‌ ചോദിച്ചു...
"ദേഷ്യമോ, എന്തിനു" ഇത്രയും പറഞ്ഞു തീരും മുമ്പ് ആ കണ്ണുകള്‍ നിറഞ്ഞത്‌ ദേവന്‍ കണ്ടു....

ദീപ വളരുന്നതോടൊപ്പം ദേവനില്‍ സ്നേഹവും വളരുകയായിരുന്നു...
ആദ്യമൊക്കെ രാത്രി വളരെ വൈകി വീട്ടില്‍ എത്തിയിരുന്ന അയാള്‍, ഇപ്പോള്‍ ഓഫീസ് വിട്ടുടന്‍ നേരെ വീട്ടിലേക്കു....

അച്യുതന്‍ നമ്പ്യാര്‍ക്കും ഭാര്യക്കും ഇപ്പോഴും അത്ഭുതം..
"മോളെ, നീ എന്ത് മരുന്ന അവനു കൊടുത്തെ", അമ്മയുടെ ചോദ്യം...

അയാള്‍ അവളെ അറിയാന്‍ തുടങ്ങുകയായിരുന്നു....
ഒരു നാള്‍ രാത്രി....
"മാലതീ എന്നോട് ക്ഷമിക്കണം, ഞാന്‍......." ബാകി പറയുന്നതിന് മുമ്പ് അവള്‍ അയാളുടെ വായ പൊത്തി...
"ഞാനല്ലേ ക്ഷമ ചോദിക്കേണ്ടേ, അര്‍ഹിക്കതിടതല്ലേ ഞാന്‍ കേറി വന്നത്?"
അവള്‍ കാണാതെ അയാള്‍ തന്റെ കണ്ണുകള്‍ തുടച്ചു...
അവര്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു...


"നീ അവിടെ എന്തെടുക്വാ, അപ്പറത്ത് തിരക്കുന്നു"...
മാലതിയെ നോക്കി വന്ന ദീപയുടെ അച്ഛന്‍ പറഞ്ഞു....

അപ്പോഴും തൊടിയില്‍ അവര്‍ രണ്ടു പേരും സംസാരിചു നില്‍ക്കുകയായിരുന്നു...

No comments:

Post a Comment