Monday, May 10, 2010

കവിത- ഒരു യക്ഷിക്കഥ

അനന്തമാം വിഹായസ്സില്‍ കണ്ണും നട്ടിരിക്കുന്നു
അഭൌമ സൌന്ദര്യത്തിടമ്പിവള്‍, മാലാഖ പോല്‍
നാണം മറക്കാതെ, നനവൂറും മിഴികളുമായ്
ശില പോലുമലിയുന്ന കദനകഥ ചൊല്ലുന്നു....

അടിയാന്മേല്‍ ഉടയോന്മാര്‍ വാണോരു കാലം
മണ്ണിതില്‍ പോന്നു വിളഞ്ഞൊരു കാലം
അടിയാന്റെ വേര്‍പ്പതു കനിയായിടുമ്പോള്‍
ഉടയോന് കാണിക്കയായൊരു കാലം
തിരുവായ്ക്ക് എതിര്‍വായ് പറഞ്ഞൊരാളെന്നാല്‍
നാവത് വെട്ടിയരിഞ്ഞൊരു കാലം
തമ്പ്രാക്കളെ തൊട്ടാല്‍, തീണ്ടിയാല്‍ പോലും
ചാട്ടയ്ക്കടി, നൂറടിയാന് നിശ്ചയം
തൊടലും, തീണ്ടലും, ദൃഷ്ടി ദോഷങ്ങളും
അടിയാത്തിപ്പെണ്ണിനൊട്ടില്ല, അശേഷം
കെട്ടു കഴിഞ്ഞുടന്‍ പെണ്ണ് പൊയീടെണം
തമ്പ്രാന്റെ കൂടെയന്നന്തിയുറങ്ങുവാന്‍
സുന്ദരിയായൊരു ചിരുതേയിപ്പെണ്ണിനു
ആണവന്‍ ചിണ്ടനോ , താലി കെട്ടി
തന്‍റെ പുരുഷനായ്‌ കാത്തൊരു ചാരിത്ര്യം
മാത്രമവനെന്ന് അവളുമുറച്ചു
രാവേറെയായിട്ടും, ദൂതരെ വിട്ടിട്ടും
തമ്പ്രാന്റെ കാത്തിരിപ്പേറെയായി
പാതിരാവായപ്പോള്‍, പടനായകരുമായി
തമ്പ്രാനാ മാടത്തിന്‍ മുമ്പിലെത്തി
മുട്ടിവിളിച്ചപ്പോള്‍ വാതില്‍ തുറന്നോരാ
ചിണ്ടനെ മുറ്റത്ത്‌ വെട്ടിയിട്ടു
കെട്ടി വരിഞ്ഞവര്‍, പാവമാപ്പെണ്ണിനെ
കലിയുറഞ്ഞീടുന്നു തമ്പുരാനും
പുഴയരികിലായൊരു, തടവറ തീര്‍ത്തിട്ട്
ചങ്ങലക്കിട്ടവര്‍ ചിരുതേയിയെ
മറ്റുള്ളവര്‍ക്കൊരു താക്കീതതേകുവാന്‍
പരിപൂര്‍ണ്ണ നഗ്നയായ്‌ തീര്‍ത്തവളെ
അധികാരമുള്ളവര്‍ ആജ്ഞയിറക്കി
ചങ്ങലക്കിട്ടവള്‍ "യക്ഷി" യെന്ന്
പ്രാണഭയത്തിനാല്‍ ആരാരുമങ്ങോട്ട്‌
ഒട്ടുമേ നോട്ടം കൊടുത്തതില്ല
വര്‍ഷങ്ങള്‍ ഓരോന്നടര്‍ന്നു വീണു
ശിലയായി തീര്‍ന്നു, ചിരുതേയിയും.......

മൌനമായ്‌ തന്‍ കഥ മാളോരോടു ചൊല്ലി
"മലമ്പുഴ യക്ഷി" യിവിടെ കുടിയിരിക്കുന്നു.......

No comments:

Post a Comment