Monday, May 10, 2010

നുറുങ്ങു കഥകള്‍ - നാല്

മാതൃക


"നിങ്ങളുടെ മകന്‍റെ വികൃതി കുറെ കൂടുന്നുണ്ട് ട്ടോ, കുറെ നാളായി ക്ഷമിക്കുന്നു. ഇന്നലത്തേത് ക്ഷമിക്കുന്നതിലും അപ്പുറമാണ്"
ഹെഡ് മാസ്റ്ററുടെ മുമ്പില്‍, രാജുവിന്റെ അച്ഛന്‍ വിയര്‍ത്തു.
"എന്താ സര്‍, ഇന്നലെ അവന്‍ എന്താ ചെയ്തേ"?
"ചോദ്യം ചോദിച്ചു ഉത്തരം കിട്ടാത്തതിന് ശകാരിച്ച ഇന്ദിര ടീച്ചറെ, അവന്‍ എന്താ വിളിച്ചത്‌ എന്നറിയ്യോ"?
"അതെന്താ, ആ ചീത്തയൊക്കെ എപ്പോഴും, അച്ഛന്‍ അമ്മയെ വിളിക്കുന്നതല്ലേ, ഇത്ര സീരിയസ്‌ എന്താ"?
വളരെ "കൂള്‍" ആയി രാജുവിന്റെ മറുപടി.......


മഴത്തുള്ളികള്‍....


പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയുടെ സംഗീതം ആസ്വദിച്ചു കൊണ്ട്, അയാള്‍ വിശാലമായ കിടപ്പുമുറിയിലെ കിംഗ്‌ സൈസ് ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു....
എപ്പോളോ, മയക്കം കണ്കളെ തലോടിയപ്പോള്‍,
അയാള്‍ ഒരു സ്വപ്നം കണ്ടു.....
തന്‍റെ കുട്ടിക്കാലം.
ചോര്‍ന്നൊലിക്കുന്ന കൂര, അതില്‍ അച്ഛനമ്മമാരും,കിടാങ്ങള്‍ നാല് പേരും...
മഴ ഒന്നമര്‍ത്തു പെയ്താല്‍ അകത്തു മഴത്തുള്ളികള്‍ കിന്നാരം പറയാന്‍ തുടങ്ങും.....
മലര്‍ന്നു കിടന്നാല്‍, കണ്ണിലും വായിലും വെള്ളം ഉറപ്പ്...
മണ്‍ചട്ടികളുമായി രാതി മുഴുവന്‍ ഉറക്കമൊഴിചിരിക്കുന്ന അമ്മ....

പെട്ടെന്ന്, മുഖത്ത് വെള്ളത്തുള്ളികള്‍ വീണപോള്‍, അയാള്‍ ഞെട്ടി എഴുന്നേറ്റു.....
കയ്യില്‍ ഒരു കുഞ്ഞു ഗ്ലാസില്‍ വെള്ളവുമായി കുസൃതി കളിക്കുന്ന തന്‍റെ മോള്......


ഓണക്കോടി


"അവനു ഇപ്പ്രാവശ്യവും ലീവ്‌ ഇല്ല, അല്ലെ മോനെ"
കൊച്ചു മോളുടെ കയ്യില്‍, വലിയൊരു പൊതി കൊടുത്തപ്പോള്‍ ശിവന്‍റെ അമ്മ മനുവിനോട് ചോദിച്ചു.....
"ശിവന്‍റെ കമ്പനിയില്‍ ആള് കുറവാ അമ്മെ, അതാ അവനു............."
മനുവിന്‍റെ പതിഞ്ഞ മറുപടി..
മനു ഇന്നലെയാണ് നാട്ടില്‍ എത്തിയത്, ഓണം ആഘോഷിക്കാന്‍....
കയ്യില്‍ കിട്ടിയ പൊതിയുമായി മുറിയിലെക്കോടിയ കിങ്ങിണി മോള്‍ അമ്മയോട് ചോദിച്ചു..
"മനു അങ്കിള്‍ ഇടയ്ക്കിടെ വരുന്നുണ്ടല്ലോ അമ്മെ, അച്ഛന്‍ മാത്രം എന്താ മൂന്നു കൊല്ലമായി എന്നെ കാണാന്‍ വരാത്തെ"
സാരിത്തലപ്പ് കൊണ്ട് വായും പൊത്തി പുറത്തെക്കോടിയ അമ്മയെക്കണ്ട്, കിങ്ങിണി മോള്‍ക്ക് ഒന്നും മനസ്സിലായില്ല........

No comments:

Post a Comment